കൊച്ചി: ‘പൊടിമീശ മുളക്കണ കാലം, ഇടനെഞ്ചിന് ബാന്‍റടി മേളം’ ഈയിടെ ഏറെപ്പേര്‍ താലോലിച്ച ഗാനമാണിത്. പാവ എന്ന സിനിമയ്‌ക്കായി പി.ജയചന്ദ്രന്‍ പാടിയ ഗാനം. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. പക്ഷെ സംഗീതസംവിധായകന്‍ ഗോപീസന്ദര്‍ ആണെന്നാണ് പലരും കരുതിയിരിക്കുന്നത്. ലളിതമായ വരികളിലൂടെ ഒരു നാടന്‍ ശീലായി ട്യൂണ്‍ ഒഴുകുന്നു. അമിതാലങ്കാരങ്ങളില്ലാത്ത, ജീവിതത്തോടടുത്ത് നില്‍ക്കുന്ന ഈണം തന്നെയാണ് ആനന്ദ് മധുസൂദനന്റെ പ്രത്യേകതയും.
പെരുന്നാളിന് പള്ളിയിലെത്തിയതെന്ത് കൊതിച്ചാണ്
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്…
എന്ന വരികളിലെത്തുമ്പോള്‍ ആദ്യകൗമരപ്രണയത്തിന്റെ മുഴുവന്‍ ആവേശവും കൗതുകവും ഈണം കവര്‍ന്നെടുക്കുന്നു.
അറിയാതെ…ഓ….കഥ നാട്ടിലാരുമേ അറിയാതെ
കാറ്റുപോലുമറിയാതെ അവള്‍ പോലുമറിയാതെ
മണിമാളിക ഓടിക്കയറിയത് എന്ത് കൊതിച്ചാണ്
ഇവിടെ ജയചന്ദ്രന്റെ ആലാപന സാധ്യത മുഴുവനായി ഉപയോഗപ്പെടുത്തുന്നുണ്ട് ആനന്ദ്.
തന്നോട് തന്നെ പലരും ഗോപീസുന്ദറിന്റെ ആ ഗാനം നന്നായിട്ടുണ്ടെന്ന് പറഞ്ഞതായി പൊടിമീശ മുളക്കണ കാലം എന്ന ഗാനത്തിന് ഈണം പകര്‍ന്ന ആനന്ദ് മധുസൂദനന്‍ പറയുന്നു. ഇത്രയ്ക്കും ഹിറ്റായ ഒരു ഗാനം ചെയ്തിട്ടും ആരും തന്നെ ഒരു സംഗീത സംവിധായകനായി തിരിച്ചറിയാത്തതില്‍ ഏറെ ദുഖിതനുമാണ് ആനന്ദ് മധുസൂദനന്‍. ഒരു ഗോപീസുന്ദര്‍ ശൈലിയില്‍ സെറ്റ് ചെയ്ത ന്യൂ ജെന്‍ ഗാനമാണിത്. കൗമാരക്കാരുടെ കന്നിപ്രണയത്തിന്റെ കൗതുകം നിറഞ്ഞ ഈണമാണ് ആനന്ദ് നീലകണ്ഠന്‍ നല്‍കിയത്. അത് ശരിക്കും ഏല്‍ക്കുകയും ചെയ്തു. ഈ ഗാനം വിതരണം ചെയ്ത മനോരമ മ്യൂസിക്കിന്റെ യൂട്യൂബില്‍ ഏകദേശം ഒരു കോടി പേര്‍ ഈ ഗാനം കേട്ടു.
പാവ ഉള്‍പ്പെടെ ഏതാനും മലയാളസിനിമകള്‍ക്ക് ആനന്ദ് മധുസൂദനന്‍ ട്യൂണിട്ടിട്ടുണ്ട്. പ്രേതം, പ്രേതം2, ഞാന്‍ മേരിക്കൂട്ടി എന്നി സിനിമകള്‍ അവയില്‍ ചിലതാണ്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മോളി ആന്‍റ് റോക്ക്സിലൂടെയാണ് ആദ്യമായി ആനന്ദ് മധുസൂദനന്‍ സംഗീതസംവിധായകനായത്. പക്ഷെ ഇപ്പോള്‍ സംഗീതത്തിനപ്പുറം നീളുന്നതാണ് തന്റെ പ്രതിഭാവിലാസം എന്ന് തെളിയിച്ചിരിക്കുകയാണ് ആനന്ദ് മധുസൂദനന്‍. സ്വന്തമായി കഥ, തിരക്കഥ രചിച്ച സിനിമയില്‍ നായകനായി വേഷമിട്ടിരിക്കുകാണ് ആനന്ദ് മധുസൂദനന്‍. മാത്രമല്ല സൂരജ് തോമസ് സംവിധാനം ചെയ്ത ഈ സിനിമ ഹിറ്റായി ഓടുകയാണ്. ആദ്യാഭിനയത്തിന്റെ വിറയില്ലാതെയാണ് നായകനായ ഷിജു എന്ന കഥാപാത്രത്തിന് ആനന്ദ് മധുസൂദനന്‍ ജീവന്‍ പകര്‍ന്നത്. പ്രണയം, വിവാഹം, കുട്ടികള്‍ എന്നിവയിലൂടെ ഒഴുകുന്ന കഥാപാത്രമാണ് ആനന്ദ് മധുസൂദനന്‍റേത്. എന്ത് തരമായിരിക്കണം ഇന്ന് മനുഷ്യബന്ധങ്ങള്‍ എന്ന സന്ദേശം നല്‍കുന്ന ഈ ചിത്രം പ്രതീക്ഷിക്കുന്ന കഥാഗതികളില്‍ നിന്നും വഴിമാറിയൊഴുകുന്ന സിനിമയാണ്. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലാണ് ആദ്യമായി ആനന്ദ് മധുസൂദനന്‍ തിരക്കഥ എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക