ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെ മൂന്നുപേര്‍ക്കായുളള തെരച്ചില്‍ തുടരുന്നു.ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ ചൊവ്വാഴ്ച ശക്തമായ മഴയിലും തെരച്ചില്‍ തുടരുകയാണ്.
അതേസമയം ബുധനാഴ്ചയും ഉത്തരകന്നഡ ജില്ലയില്‍ ചുവപ്പ് ജാഗ്രതയാണ്. വ്യാഴാഴ്ച ഓറഞ്ച് ജാഗ്രതയാണ്. ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
അര്‍ജുനെ കാണാതായിട്ട് എഴുപത് ദിവസം പിന്നിട്ടു. മഴ ശക്തിപ്പെട്ടാല്‍ പുഴയുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവര്‍മാര്‍ക്ക് ഇറങ്ങുന്നതിനും തടസമാണ്.
ഇന്നലത്തെ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്‌ലക്ടര്‍ കണ്ടെത്തിയിരുന്നു.നാവികസേന എത്തിയതോടെ കൃത്യമായ ഏകോപനത്തോടെ ലോഹസാന്നിധ്യം കണ്ടെത്തിയ കോര്‍ഡിനേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടന്നത്. രാവിലെ ആദ്യകോര്‍ഡിനേറ്റില്‍ പരിശോധിച്ചപ്പോള്‍ മണ്ണിടിച്ചിലില്‍ പുഴയില്‍ വീണ ഇലക്ട്രിക് ടവര്‍ ഭാഗങ്ങള്‍ കിട്ടി. പിന്നീട് രണ്ടാം കോര്‍ഡിനേറ്റില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ പോയിന്റില്‍ പരിശോധിച്ചപ്പോഴാണ് അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന കയറിന്റെ കെട്ടും കുറച്ച് അക്കേഷ്യ മരത്തടികളും കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: