അഗർത്തല : നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻഎൽഎഫ്ടി), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (എടിടിഎഫ്) എന്നിവയിൽ പെട്ട 500 ഓളം തീവ്രവാദികൾ ചൊവ്വാഴ്ച മുഖ്യമന്ത്രി മണിക് സാഹയ്‌ക്ക് മുന്നിൽ ആയുധം വച്ചു കീഴടങ്ങി. സെപാഹിജാല ജില്ലയിലെ ജംപുയിജാലയിൽ നടന്ന ചടങ്ങിലാണ് ഈ കൂട്ടക്കീഴടങ്ങൽ നടന്നത്.
തീവ്രവാദികളെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം ഒരു പ്രശ്‌നത്തിനും തീവ്രവാദം പരിഹാരമല്ലെന്ന് തറപ്പിച്ചു പറഞ്ഞു. കൂടാതെ ഈ കൂട്ട കീഴടങ്ങലിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനം സമ്പൂർണമായും തീവ്രവാദ വിമുക്തം എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേന്ദ്രവും സംസ്ഥാനവും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് തദ്ദേശവാസികളുടെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുന്നുണ്ട്. അക്രമത്തിന്റെ പാത ഒഴിവാക്കി മുഖ്യധാരയിലേക്ക് ചേക്കേറുന്നവരെ താൻ സ്വാഗതം ചെയ്യുന്നുവെന്നും സാഹ പറഞ്ഞു.
സെപ്തംബർ നാലിന് ദൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒത്തുതീർപ്പിനുള്ള മെമ്മോറാണ്ടം ഒപ്പിട്ട ശേഷമാണ് തീവ്രവാദികൾ കീഴടങ്ങിയത്. അതേ സമയം കീഴടങ്ങിയ തീവ്രവാദികളുടെ പുനരധിവാസത്തിനായി കേന്ദ്രം 250 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
1990-കളുടെ അവസാനം മുതൽ രണ്ട് പതിറ്റാണ്ടോളം സംസ്ഥാനത്ത് രണ്ട് ഗ്രൂപ്പുകളും നാശം വിതച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് തീവ്രവാദത്തിന്റെ ഫലമായി പലായനം ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: