ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുടെ (MUDA) ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്‌ക്ക് തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.
പ്രദീപ് കുമാർ, ടി.ജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്ന് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഇതോടെ സിദ്ധരാമയ്യയുടെ പേരിൽ കോടതിക്കോ അന്വേഷണ ഏജൻസികൾക്കോ കേസെടുക്കാൻ സാധിക്കും. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ഗവർണർ വിചാരണക്ക് അനുമതി നൽകിയത്.
താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഗവർണർ നേരത്തെ സിദ്ധരാമയ്യയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോപണം തള്ളിയ കോൺഗ്രസ് സിദ്ധരാമയ്യയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പരാതി തള്ളിക്കളയണമെന്ന് മന്ത്രിസഭായോഗം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് ഗവർണർ അവഗണിക്കുകയായിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ മലയാളിയായ ടി. ജെ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്നേഹമയി കൃഷ്ണയും ആരോപിച്ചിരുന്നു.
തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004-ൽ മല്ലികാർജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സർക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി ബെംഗളൂരു മുതൽ മൈസൂരു വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: