ലഖ്‌നൗ : രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും എതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ബിഎസ്പി അധ്യക്ഷ മായാവതി. എസ്‌സി, എസ്‌ടി, ഒബിസി സംവരണ നയത്തിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും കാപട്യവും ഇരട്ടമുഖവുമാണ് ഇപ്പോൾ കാണാനിടയാകുന്നതെന്ന് അവർ വിമർശിച്ചു.
അമേരിക്കയിലെ സംവരണത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ടാണ് അവർ എക്സ് അക്കൗണ്ടിൽ തുറന്നടിച്ചത്. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും സംവരണ നയം വ്യക്തമല്ല. അവർ സ്വീകരിച്ചിരിക്കുന്നത് ഇരട്ടത്താപ്പും വഞ്ചനയുമാണെന്ന് ബിഎസ് പി അധ്യക്ഷ പറഞ്ഞു.
സ്വന്തം രാജ്യത്ത് അവരുടെ വോട്ടിനായി അവർ സംവരണത്തെ പിന്തുണയ്‌ക്കുകയും അത് 50% ന് മുകളിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അവർ വിദേശത്ത് പോകുമ്പോൾ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ആളുകൾ അവരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും മായാവതി പറഞ്ഞു.
ഇതിനു പുറമെ ഒബിസി സംവരണം സംബന്ധിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിന് ബിഎസ്പി മേധാവി കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ചു. കോൺഗ്രസിനെ സംവരണ വിരുദ്ധ പാർട്ടി എന്ന് വിളിച്ച മായാവതി, അതിന്റെ ഭരണകാലത്ത് ജാതി സെൻസസ് നടത്തിയിട്ടില്ലെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: