തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍(40) ആണ് മരിച്ചത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദ്ദിഖിനെ പോലീസ് തെരയുകയാണ്. ഇയാളാണ് ആംബുലൻസ് വിളിച്ചു വരുത്തിയത്.
കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. പണം ഇരട്ടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് അരുണ്‍ ഇയാളുടെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചു പിടിക്കാനായി ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ ഇയാളെ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരുണിന്റെ സുഹൃത്ത് ശശാങ്കനും മര്‍ദനമേറ്റു.
കയ്പമംഗലത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസിന് തിങ്കളാഴ്ച ഒരു ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. ഒരാളെ വണ്ടി തട്ടിയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് ആംബുലന്‍സ് എത്തിയപ്പോള്‍ അരുണിനെ നാല് പേര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി. ആരെങ്കിലും കൂടെ കയറണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. തങ്ങള്‍ കാറില്‍ പിന്നാലെ വരാമെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ആംബുലന്‍സ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കാര്‍ പിന്നാലെ ഉണ്ടായിരുന്നില്ല.
പിന്നീട് ആശുപത്രി അധികൃതര്‍ പരിശോധിച്ചപ്പോള്‍ അരുണിന് ജീവനുണ്ടായിരുന്നില്ല. മര്‍ദനമേറ്റാണ് മരിച്ചതെന്ന് പിന്നീട് വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക