ബെയ്റൂട്ട്: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരരുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 274 പേര് കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായിട്ടാണ് ലെബനീസ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇറാന് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരര്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വീടുകളും മറ്റ് കെട്ടിടങ്ങളും ഉടന്‍ ഉപേക്ഷിക്കണമെന്ന് പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ലെബനനിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്.
ആളുകളെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ട് എണ്‍പതിനായിരത്തിലധികം ഇസ്രയേലി കോളുകള്‍ രാജ്യത്തിന് ലഭിച്ചതായിട്ടാണ് ലെബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്തരം കോളുകള്‍ നാശവും അരാജകത്വവും ഉണ്ടാക്കാനുള്ള മാനസിക യുദ്ധമാണെന്നാണ് ടെലികോം കമ്പനിയായ ഒഗെറോയുടെ തലവന്‍ ഇമാദ് ക്രീഡിഹ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.
ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. അരമണിക്കൂറിനുള്ളില്‍ 300ലധികം വ്യോമാക്രമണങ്ങളാണ് ലെബനനില്‍ നടത്തിയതെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കി. അതേസമയം വടക്കന്‍ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും പ്രത്യാക്രമണം നടത്തി. ലോക രാഷ്ട്രങ്ങള്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തെക്കന്‍ ലെബനന് ഗ്രാമമായ സാവ്താര്‍, ബെക്കാ താഴ്വര, പുരാതന നഗരമായ ബാല്‍ബെക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തെക്കന്‍ ലെബനനിലെ 17 ഗ്രാമങ്ങളും പട്ടണങ്ങളും കാണിക്കുന്ന ഭൂപടവും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. എന്നാല്‍, ഇവരില്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതുപോലുള്ള സൈനിക ആവശ്യങ്ങള്‍ക്കായി ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങളിലും പരിസരങ്ങളിലും സ്ഥിതി ചെയ്യുന്ന ലെബനന് ഗ്രാമങ്ങളിലെ സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി ഉടന്‍ തന്നെ അപകടത്തില്‍ നിന്ന് മാറാണമെന്ന് ഇസ്രയേല്‍ സൈന്യം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: