ന്യൂയോര്‍ക്ക്: മൂന്നിരട്ടി ഉത്തരവാദിത്തബോധത്തോടെയാണ് മൂന്നാം ടേമിനെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോങ് ഐലന്‍ഡിലെ നാസാവു കൊളീസിയത്തില്‍ മോദി ആന്‍ഡ് യുഎസ് പരിപാടിയില്‍ ഭാരതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ജനവിധി വളരെ പ്രാധാന്യമുള്ളതുമാണ്. മൂന്നാം ടേമില്‍ വലിയ ലക്ഷ്യങ്ങള്‍ നേടാനുണ്ട്. മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗത്തിലും മുന്നേറണം. വികസിത ഭാരതം സൃഷ്ടിക്കും. സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവന് നല്കാന് കഴിഞ്ഞില്ല, എന്നാല്‍ ജീവിതം സദ്ഭരണത്തിനും സമൃദ്ധഭാരതത്തിനും സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ദശലക്ഷക്കണക്കിന് ജനങ്ങളുടെ അഭിലാഷങ്ങളാണ് ഭാരതത്തെ വളര്‍ത്തുന്നത്. ഓരോ അഭിലാഷവും പുതിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ഓരോ നേട്ടവും പുതിയ അഭിലാഷങ്ങള്‍ക്ക് ആക്കം കൂട്ടും. ഭാരതം അതിവേഗം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറണമെന്നാണ് ഓരോ ഭാരതീയനും ആഗ്രഹിക്കുന്നു. ജനങ്ങളില്‍ ഒരു പുതിയ ആത്മവിശ്വാസമുണ്ട്. ഭാരതത്തിലെ വികസനം ഒരു ജനകീയ പ്രസ്ഥാനമായി മാറുകയാണ്. ഇന്ന്, ഭാരതത്തിന്റെ 5 ജി വിപണി അമേരിക്കയേക്കാള്‍ വലുതാണ്. ഇപ്പോള്‍, ഭാരതം മെയ്ഡ്-ഇന്‍-ഇന്ത്യ 6 ജിയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ എല്ലാ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകളും മെയ്ഡ് ഇന്‍ ഇന്ത്യയാണ്. ഭാരതം ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മാതാക്കളാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ – ഡിപിഐ, എന്ന പുതിയ ആശയം ഭാരതം ലോകത്തിന് പരിചയപ്പെടുത്തി.
അര്‍ദ്ധചാലക മേഖലയെ നമ്മള് വളര്‍ച്ചയുടെ അടിത്തറയാക്കി. മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ അമേരിക്കയിലും കാണുന്ന ദിവസം വിദൂരമല്ല. ഈ ചെറിയ ചിപ്പ് വികസനത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് ഉയര്‍ത്തും, മോദി പറഞ്ഞു.
ആഗോള വേദിയില്‍ ഭാരതം സംസാരിക്കുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നു. മഹാമാരിയായാലും ഭൂകമ്പമായാലും ചുഴലിക്കാറ്റായാലും ആഭ്യന്തരയുദ്ധമായാലും ആദ്യം സഹായം വാഗ്ദാനം ചെയ്തവരില്‍ ഭാരതമുണ്ട്. ഇത് നമ്മുടെ പൂര്‍വികര്‍ പകര്‍ന്ന മൂല്യങ്ങളുടെ പ്രതിഫലനമാണ്. ഭാരതം വലിയ സ്വപ്നങ്ങള്‍ കാണുന്നു. ആ സ്വപ്നങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ പിന്തുടരുന്നു.
2036ല്‍ ഒളിമ്പിക്സിന് ആതിഥേ ത്വം വഹിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. സ്പോര്‍ട്സിലോ ബിസിനസ്സിലോ വിനോദത്തിലോ ആകട്ടെ, ഭാരതം ആഗോള ആകര്‍ഷണത്തിന്റെ കേന്ദ്രമായി മാറി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: