തിരുവനന്തപുരം: വേണാട് എക്‌സ്പ്രസ് മറ്റൊരു ട്രെയിനിന് വേണ്ടിയും പിടിച്ചിട്ടിട്ടില്ലെന്നും വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും റെയില്‍വേ. വേണാട് എക്‌സ്പ്രസില്‍ പി
റവത്തിനും മുളന്തുരുത്തിക്കുമിടയില്‍ യാത്രക്കാര്‍ കുഴഞ്ഞു വീണ സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വ്യക്തത വരുത്തി റെയില്‍വേ രംഗത്തെത്തിയത്.
യാത്രക്കാര്‍ കുഴഞ്ഞുവീഴാന്‍ കാരണം വന്ദേ ഭാരതും പാലരുവിയും കടന്നു പോകുന്നതിന് വേണ്ടി പിറവത്ത് വേണാട് എക്‌സ്പ്രസ് പിടിച്ചിട്ടതാണെന്നാണ് ആരോപണം. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. രാവിലെ 7.53നാണ് പാലരുവി പിറവത്തെത്തുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് എട്ടിനും. പിറവത്ത് ഒരു മിനിട്ട് സ്റ്റോപ്പുള്ള വേണാട് 9.32ന് അവിടെ നിന്ന് പുറപ്പെടും. അതിനാല്‍ ഒരു സാഹചര്യത്തിലും വന്ദേഭാരതിനും പാലരുവിക്കും വേണ്ടി വേണാട് എക്‌സ്പ്രസ് പിടിച്ചിടേണ്ടി വരുന്നില്ല.
കൂടാതെ, യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ റെയില്‍വെ പ്രഥമ സുശ്രൂഷ നല്കുന്നുമുണ്ട്. ഇന്നലെ തിരുവല്ലയില്‍ ഒരു സ്ത്രീ കുഴഞ്ഞു വീണപ്പോള്‍ റെയില്‍വേ സഹായം നല്കിയിരുന്നു. അതേസമയം, വേണാട് എക്‌സ്പ്രസില്‍ പിറവം, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ യാത്രക്കാര്‍ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കും മുമ്പ് വാസ്തവമെന്തെന്നറിയാന്‍ ശ്രമിക്കണം. വ്യാജവാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കും. യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമാണ് പ്രധാന്യം നല്കുന്നതെന്നും റെയില്‍വേ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക