കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാ ലോറന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. നിലവില്‍ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
ലോറൻസിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറൻസിന്റെ അടുത്ത ബന്ധുക്കളും പാർട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. എന്നാൽ, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ ഹർജി നൽകിയത്. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു.
അമ്മയുണ്ടായിരുന്നെങ്കിൽ ഇതൊന്നും സമ്മതിക്കില്ലായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവച്ചിരുന്നു. ലോറൻസിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറൻസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ലോറൻസിന്റെ മരണം. തിങ്കളാഴ്ച്ച എറണാകുളം ഗാന്ധിനഗറിലെ വീട്ടിലും ലെനിൻ സെന്ററിലും തുടർന്ന് ടൗൺഹാളിലും നടന്ന പൊതുദർശനത്തിൽ നേതാക്കളുൾപ്പടെ നിരവധി പേർ എത്തിച്ചേർന്നു. ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ലോറൻസിന് അന്ത്യമോപചാരം അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: