ഹൈദരാബാദ്: ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയ ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് ബിജെപി ദേശീയ വക്താവ് സി. ആർ. കേശവൻ. പ്രധാനമന്ത്രിയുടെ വിജയകരമായ യുഎസ് സന്ദർശനത്തിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേ സമയം രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോഴെല്ലാം രാജ്യത്തെ അവഹേളിക്കുകയാണ് പതിവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ സമീപകാല യുഎസ് പര്യടനത്തിൽ വന്ന കൊള്ളരുതായ്മകളെ നിശിതമായി വിമർശിച്ച കേശവൻ ഇന്ത്യ വിരുദ്ധ തീവ്രവാദിയായ ഇൽഹാൻ ഒമറിനെപ്പോലുള്ളവരുമായി രാഹുൽ ഗാന്ധി ഇടപഴകിയെന്നും പറഞ്ഞു.
എന്നാൽ ഇതേ സമയം ലോക രാഷ്‌ട്രീയത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന നേതാവായി പ്രധാനമന്ത്രി മോദി ഉയർന്നുവന്നിരിക്കുകയാണ്. ഇന്ത്യയുടെ അന്തസ് വാനോളം ഉയർത്തിയ രാഷ്‌ട്രതന്ത്രജ്ഞനാണ് മോദിയെന്നും കേശവൻ പറഞ്ഞു. മോദി ഒരു വലിയ ഏകീകരണക്കാരനാണെങ്കിൽ രാഹുൽഗാന്ധി ഏറെ അപകടകാരിയായ ഒരു വിഘടകനാണെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോഴെല്ലാം ഇന്ത്യയുടെ അഭിമാനത്തെ അവഹേളിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ അമേരിക്കയിൽ ആയിരുന്നപ്പോൾ ഇന്ത്യാ വിരുദ്ധ തീവ്രവാദികളായ ഇൽഹാൻ ഒമറിനെപ്പോലുള്ളവരുമായി ഇടപഴകിയത് ഇതിന് തെളിവാണ്.
അതേ സമയം പ്രധാനമന്ത്രി മോദി യുഎസുമായുള്ള സുപ്രധാന കരാറുകളിൽ ഒപ്പിട്ട് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതിന് ഉദാഹരണമാണ് ഇന്ത്യയുമായുള്ള നിക്ഷേപങ്ങളും സഹകരണവും വർധിപ്പിക്കാനുള്ള ശക്തമായ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് യുഎസിലെ സിഇഒമാർ പ്രധാനമന്ത്രിയുടെ പദ്ധതികൾക്ക് അനുകൂലമായി പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: