വാഷിങ്ടൺ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിശനായകെയ്‌ക്ക് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.
അനുര കുമാര ദിശനായകെയ്‌ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കൻ പ്രസിഡന്‍റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ജായാണ് അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ് ജാ വ്യക്തമാക്കി.
ശ്രീലങ്കയിൽ മിന്നുന്ന ജയവുമായാണ് നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിശനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ത്തന്നെ ദിശനായകെ മുന്നിലെത്തിയിരുന്നെങ്കിലും 50 ശതമാനം വോട്ടുകള്‍ നേടാനാകാഞ്ഞതോടെയാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്‍റാകും അനുര കുമാര.
എതിര്‍സ്ഥാനാര്‍ത്ഥി സമാഗി ജന ബലവേഗയയുടെ സജിത് പ്രേമദാസയ്‌ക്ക് 33 ശതമാനം വോട്ട് ലഭിച്ചു. രണ്ടാംറൗണ്ടില്‍ ഇവര്‍ തമ്മിലായിരുന്നു മത്സരം. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്‌ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 2019ലാണ് ദിശനായകെ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് മൂന്ന് ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ 22 ജില്ലകളില്‍ 15ലും മുന്നിലെത്തിയാണ് ഇത്തവണത്തെ വിജയം. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക