തൃശൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി ജനമനസുകളിൽ ഇടം പിടിച്ചെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.ടി.സിദ്ദിഖ് എം.എൽ.എ, കെ സി ജോസഫ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണ് തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയോഗിച്ച ഉപസമിതി അംഗങ്ങൾ.
ബൂത്തു തല പ്രവർത്തനം അമ്പേ പരാജയപ്പെട്ടു. കൂടുതൽ വോട്ടുമാരെ ചേർക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനത്തിലും വീഴ്ച സംഭവിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തു .
ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തുകയും ചെയ്തു.കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലെത്തിച്ച് ബി ജെ പിക്കെതിരായ പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും വിജയം കണ്ടില്ല.
മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ നേരത്തെ പറഞ്ഞതും മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ വീഴ്ചയുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായതെന്ന് കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുൻപിൽ നേരത്തേ നേതാക്കൾ മൊഴി നൽകിയിരുന്നു.
മണ്ഡലം, ബ്ലോക്ക് പുനഃസംഘടന നടത്തുമ്പോൾ പലയിടത്തും സ്വന്തക്കാരെ തിരുകിക്കയറ്റിയതിനെയും പലരും വിമർശിച്ചു. സ്ഥാനാർഥി എന്ന രീതിയിൽ കെ.മുരളീധരൻ തൃശൂരിലെ നേതാക്കൾ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നും അഭിപ്രായമുയർന്നു. ഡിസിസി, കെപിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടാണ് സമിതി വിവരങ്ങൾ ശേഖരിച്ചത്. ഒറ്റയ്‌ക്ക് കാണണമെന്ന് ആവശ്യപ്പെട്ടവർക്ക് അതിനും അവസരം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: