പിണറായി(കണ്ണൂര്‍): കൊലക്കേസ് പ്രതികളുള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ പിണറായിയില്‍ സിപിഎമ്മിന്റെ മെഗാ സമ്മാന പദ്ധതി. പദ്ധതി നടത്തുന്നത് പാര്‍ട്ടിയുടെ കീഴിലുള്ള വായനശാലയുടെ പേരില്‍. നടപടി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതക്ക് വഴിയൊരുക്കി. ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ പേരിലാണ് പണപ്പിരിവ്. 250 രൂപയാണ് ഒരു കൂപ്പണിന്റെ വില. പിണറായി ഏരിയാ കമ്മിറ്റിയിലെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ടാര്‍ഗറ്റ് നല്‍കിയാണ് ധനസമാഹരണം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പലരും ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ നേരിട്ടിറങ്ങുന്നത് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ അവമതിപ്പ് ഉണ്ടാക്കുമെന്ന് ഭൂരിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ പേരിലാണ് കൂപ്പണുകള്‍ അച്ചടിച്ച് ഇറക്കിയിട്ടുള്ളതെന്നും പാര്‍ട്ടി നേരിട്ട് പണപ്പിരിവ് നടത്താത്തത് ഈ ആശയക്കുഴപ്പം ഒഴിവാക്കാനാണെന്നുമാണ് നേതൃത്വം നല്‍കിയ വിശദീകരണം.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ വധിച്ചതുള്‍പ്പെടെ ഏഴോളം കേസുകളുടെ നടത്തിപ്പിനും പ്രതികള്‍ക്ക് സഹായം നല്‍കാനുമാണ് ധനസമാഹരണമെന്നും പരമാവധി സഹായം ഉറപ്പാക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെ പാര്‍ട്ടി അനുഭാവികളുടെ വാട്‌സ്പ്പ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചരണം നടന്നിരുന്നു. ഈ സന്ദേശം ഗ്രൂപ്പിലെ ചില അംഗങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ഒരു കോടിയോളം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
കാര്‍, റോയല്‍ എന്‍ഫില്‍ഡ് ഹണ്ടര്‍, സ്‌കൂട്ടര്‍, സ്വര്‍ണം, ഏയര്‍കണ്ടീഷണര്‍, ലാപ്‌ടോപ്, റഫ്രിജറേറ്റര്‍, ടെലിവിഷന്‍ ഉള്‍പ്പെടെ പതിനഞ്ചോളം സമ്മാനങ്ങളാണ് കൂപ്പണ്‍ പിരിവില്‍ ഇടം പിടിച്ചിരിക്കുന്നത്. രമിത്ത് വധക്കേസില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. പിണറായി ബ്രാഞ്ച് സമ്മേളനത്തില്‍ ഇത്തവണ സെക്രട്ടറിയായി തെരഞ്ഞെടുത്തത് രമിത്ത് വധക്കേസിലെ പ്രധാന പ്രതിയായ അഹദിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: