കൊല്ലങ്കോട്: സ്ത്രീശാക്തീകരണത്തിലൂടെ മാത്രമെ രാഷ്ട്രനന്മ നേടുവാന്‍ കഴിയൂ എന്ന് കുമ്മനം രാജശേഖരന്. പണ്ഡിറ്റ് പി. ഗോപാലന് നായര്‍ നഗറില്‍ (ഗായത്രി കല്യാണമണ്ഡപം)
ആരംഭിച്ച അഖിലഭാരത നാരായണീയ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി വൈ. ചെയര്മാന് ചാമപറമ്പില്‍ ഹരിമേനോന്‍ അധ്യക്ഷത വഹിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി ദീപം തെളിയീച്ചു.
സ്ത്രീരക്ഷയ്ക്കായി ജീവന് ബലിയര്‍പ്പിച്ച ജഡായു എന്ന പക്ഷിയുടെ പാരമ്പര്യമാണ് നമ്മുടെ സംസ്കാരത്തിനുള്ളതെന്നും കുമ്മനം പറഞ്ഞു. വേദിക്കുസമീപം തയ്യാറാക്കിയ താല്‍ക്കാലിക ക്ഷേത്രത്തില്‍ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ദേവദാസന് ഭട്ടതിരിപ്പാട് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചാണ് നാരായണീയ മഹോത്സവത്തിന് തുടക്കമിട്ടത്. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ധന്വന്തരി ഹോമവും ഉണ്ടായിരുന്നു. കൊല്ലങ്കോട് നാരായണീയ സമിതികളുടെ പാരായണത്തോടെയാണ് തുടക്കം കുറിച്ചത്.
പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസി. കെ. സത്യപാല്‍, സ്വാമി സ്വരൂപാനന്ദ സരസ്വതി, വിശ്വനാഥാനന്ദ സരസ്വതി, വിശാലാനന്ദ സരസ്വതി, സ്വാമി രാമപ്രസാദ്, സ്വാമി കൈലാസാനന്ദ, വസന്താനന്ദ സരസ്വതി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, നാരായണീയ സമിതി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്, ജന.സെക്രട്ടറി ഐ.ബി. ശശി, ജില്ലാ പ്രസി. പി. സതീഷ് മേനോന്, ഗായത്രി ആചാര്യന് സുധാകര്‍ ബാബു, സതീഷ് അമ്പാടി, ബ്രഹ്മകുമാരി മീന, സ്വാമി സുനില്‍ദാസ്, നാരായണീയ മഹോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്, ജില്ലാ ജന.സെക്രട്ടറി പി. കണ്ണന്‍കുട്ടി സംസാരിച്ചു. കുട്ടികളുടെ നാരായണീയ പാരായണം, തുളസി വിവാഹോത്സവം, സമ്പ്രദായ ഭജന എന്നിവ ഉണ്ടായിരുന്നു.
രാജീവ് ഇരിങ്ങാലക്കുട രചിച്ച പണ്ഡിറ്റ് പി. ഗോപാലന് നായരുടെ ലഘുജീവചരിത്രമായ ‘തെന്മലയോരത്തെ വന്മല’ എന്ന പുസ്തകം മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രകാശനം ചെയ്തു. അമ്പാടി സതീഷ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: