ടെല്‍ അവീവ്: ഗാസ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണവുമായി ഇസ്രയേല്‍. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ലെബനനില്‍ നടത്തിയത് 400 ആക്രമണങ്ങള്‍. ഇതിനിടയില്‍ ഇന്നലെ ഹിസ്ബുള്ള നൂറിലേറെ റോക്കറ്റുകള്‍ ഇസ്രയേലിന് നേരെ തൊടുത്തു. പലതും ആകാശത്തുവച്ച് തന്നെ തകര്‍ത്തതായി ഇസ്രയേല്‍ പറഞ്ഞു.
റോക്കറ്റുകളില്‍ ചിലത് അഗ്നിബാധയ്ക്ക് കാരണമായതിനാല്‍ ഹൈഫ നഗരത്തിന് സമീപമുണ്ടായ തീപ്പിടിത്തങ്ങള്‍ അണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന നടത്തുന്നതായി ഇസ്രയേലി സൈന്യം പറഞ്ഞു. ഹൈഫയ്ക്ക് സമീപമുള്ള കിര്യത് ബയാലിക്കിലാണ് റോക്കറ്റുകള്‍ ഇടിച്ചതെന്ന് ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഫ നഗരത്തിന് സമീപമുള്ള റാമത്ത് ഡേവിഡ് താവളത്തിനുനേരേയാണ് ഹിസ്ബുള്ള റോക്കറ്റുകള്‍ തൊടുത്തത്.
ഇതിനിടയില്‍ ഇസ്ലാമിക ഭീകര അനുകൂല മാധ്യമമായ അല്‍ ജസീറ ഓഫിസ് ഇസ്രയേലി സൈന്യം റെയ്ഡ് നടത്തി. 45 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അല്‍ ജസീറയെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് കഴിഞ്ഞ മെയില്‍ ഇസ്രയേല്‍ നിരോധിച്ചതിന് മാസങ്ങള്‍ക്കുശേഷമാണ് റെയ്ഡ്. അല്‍ ജസീറയുടെ ഓഫിസായി ഉപയോഗിച്ചിരുന്ന ജെറുസലേം ഹോട്ടല്‍ മുറിയിലും ഇസ്രയേല്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് ക്രഡന്‍ഷ്യലുകള്‍ റദ്ദാക്കുന്നതായി ഇസ്രയേലി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: