ബുഡാപെസ്റ്റ്: ചെസ് ഒളിമ്പ്യാഡില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കെ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണ്ണം നേടുമെന്ന് ഉറപ്പായതോടെ വ്യത്യസ്തമായ ഒരു അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിന്റെ ഗ്രാന്‍റ് മാസ്റ്ററും ലോക രണ്ടാം നമ്പര്‍ താരവുമായി ഹികാരു നകാമുറ.
ഹികാരു നകാമുറയുടെ പോസ്റ്റ്:
It is truly unfathomable how this kid would come from a country with no chess culture and not only become World Champion, but inspire generations of Indian kids to push chess forward. The legend, @vishy64theking! Huge congratulations to India for winning the @ChessOlympiad! pic.twitter.com/zpLbekK1mu
— Hikaru Nakamura (@GMHikaru) September 21, 2024
ഇന്ത്യയില്‍ ചെസ് കള്‍ച്ചറേ ഇല്ലാതിരുന്ന കാലത്ത് പല കുറി ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ പുകഴ്‌ത്തിക്കൊണ്ടാണ് ഹികാരു നകാമുറയുടെ പോസ്റ്റ്. വിശ്വനാഥന്‍ ആനന്ദാണ് ഇന്ത്യയുടെ ഇന്നത്തെ വിജയത്തിന്റെയും പുതിയ തലമുറയെ പ്രചോദിപ്പിച്ചതിന്റെയും യഥാര്‍ത്ഥ ശില്‍പിയെന്നും ഹികാരു നകാമുറ പറയുന്നു.
പത്താം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരമായ യുഎസിന്റെ ഫാബിയാനോ കരുവാനയുടെ കറ്റാലന്‍ ഓപ്പണിംഗിലൂടെ തറപറ്റിച്ച ഗുകേഷിന്റെ പ്രകടനമാണ് ഇന്ത്യന്‍ പുരുഷടീമിനെ സ്വര്‍ണ്ണകിരീടത്തിലേക്ക് നയിച്ചത്. തീര്‍ച്ചയായും വിശ്വനാഥന്‍ ആനന്ദ് തന്നെയാണ് പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്‍ജുന്‍ എരിഗെയ്സി എന്നിവരടങ്ങുന്ന പുതിയ ഇന്ത്യന്‍ കൗമാരതലമുറയെ സൃഷ്ടിച്ചതിന് പിന്നില്‍. ഇദ്ദേഹത്തിന്റെ വെസ്റ്റ് ബ്രിഡ്ജ് ചെസ് അക്കാദമി ഇതില്‍ പലര്‍ക്കും നേരിട്ട് പരിശീലനം നല്‍കിയിട്ടുണ്ട്, ഇതില്‍ പലരേയും ആദ്യകാലത്ത് സ്പോണ്‍സര്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ലോകത്തിലെ ഒരു ഗ്രാന്‍റ് മാസ്റ്റര്‍മാരേയും പേടിക്കാതെ കളിക്കുന്ന പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍ തുടങ്ങി വലിയൊരു പുത്തന്‍ കൗമാര തലമുറ ഇന്ത്യയില്‍ ചെസിന്റെ സുവര്‍ണ്ണകാലം അടയാളപ്പെടുത്തിയിരിക്കുന്നു.
1986ലെ പഴയ കാലം അടയാളപ്പെടുത്തിക്കൊണ്ട് വിശ്വനാഥന്‍ പറയുന്നത് കേള്‍ക്കൂ:”അന്ന് ഞങ്ങള്‍ കുറച്ചുപേരെ ചെസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍, ദിബ്യേന്ദു ബറുവ, പ്രവീണ്‍ തിപ്സേ, ഡി.വി.പ്രസാദ് എന്നിവര്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടാന്‍ പരിശ്രമിച്ചിരുന്നു. അന്ന് എനിക്കാണ് ആദ്യം ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടിയത്. ഇന്ന് ലോക റാങ്കിങ്ങില്‍ ആദ്യ 100 പേരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഞാന്‍ കളിക്കുന്ന കാലത്ത് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.”. ഏകാകിയായി ഒരാള്‍ മഹത്വത്തേയും അജയ്യതയേയും പുല്‍കാന്‍ ശ്രമിക്കുന്ന സാഹചര്യമായിരുന്നു വിശ്വനാഥന്‍ ആനന്ദിന്റെ കാലത്ത്. കഷ്ടപ്പെട്ട് അദ്ദേഹം അത് നേടിയെടുക്കുകയും ചെയ്തു. ആരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനില്ലാത്ത കാലത്ത് ഈ ഏകാകിയായ ചെസ് താരം അഞ്ച് തവണയാണ് ലോക ചെസ് കിരീടത്തില്‍ മുത്തമിട്ടത്- 2000,2007,2008, 2010, 2012. മാത്രമല്ല, 2003ല്‍ വേഗതയുടെ ചെസ് ഗെയിമായ ബ്ലിറ്റ്സിലും ലോക കിരീടം നേടിയിട്ടുണ്ട്. ഇവിടെയാണ് ഹികാരു നകാമുറ 2024ല്‍ ഇന്ത്യന്‍ പുരുഷ ടീം ചെസ് ഒളിമ്പ്യാഡില്‍ വിജയം നേടിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് വിശ്വനാഥന്‍ ആനന്ദിന് നല്‍കുന്നത് ശരിയായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: