വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂർണമായും കൈകൊണ്ട് നിർമ്മിച്ച പുരാതനമായ ട്രെയിൻ മോഡലാണ് ബൈഡന് സമ്മാനിച്ചതെങ്കിൽ പ്രഥമ വനിതയ്‌ക്ക് നൽകിയത് ജമ്മു കശ്മീരിൽ നിന്നുള്ള അതിമനോഹരമായ പഷ്മിന ഷാളാണ്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശന വേളയിലാണ് സമ്മാനങ്ങൾ കൈമാറിയത്.
വെള്ളി കൊണ്ട് നിർമ്മിച്ച ട്രെയിൻ മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ വിദഗ്‌ധമായി രൂപകല്പന ചെയ്‌ത അപൂർവവും അസാധാരണവുമായ കലാസൃഷ്ടിയാണ്. 92.5% വെള്ളിയിൽ നിർമ്മിച്ച ട്രെയിനിൽ കൊത്തുപണികളും ഫിലിഗ്രി വർക്ക് തുടങ്ങിയ പരമ്പരാഗത ലോഹനിർമ്മാണ കലരീതിയും പ്രദർശിപ്പിക്കുന്നു.
ഈ സൃഷ്ടി സ്റ്റീം ലോക്കോമോട്ടീവ് യുഗത്തോടുള്ള ആദരവുകൂടിയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ട്രെയിൻ സൂചിപ്പിക്കുന്നുണ്ട്.
ട്രെയിനിന്റെ വശങ്ങളിൽ “ദൽഹി – ഡെലാവെയർ” എന്നും എഞ്ചിന്റെ വശങ്ങളിൽ “ഇന്ത്യൻ റെയിൽവേകൾ” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
പ്രഥമ വനിതയായജിൽ ബൈഡനുള്ള ഷാൾ ജമ്മു കശ്മീരിലെ കരകൗശല വിദഗ്ധർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുന്നിയെടുത്തതാണ്. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ചാങ്താങ്കി ആടിൽ നിന്നാണ് ഷാൾ നിർമ്മിക്കുന്നതിന് ആവശ്യമായ രോമങ്ങൾ എടുക്കുന്നത്.
തുടർന്ന് ഈ രോമങ്ങളെ നൂലാക്കി അവർ നെയ്ത് ഷാളാക്കുന്നു. സസ്യങ്ങളിൽ നിന്നും ധാതുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ചായങ്ങളാണ് ഇവയ്‌ക്ക് മനോഹരമായ നിറങ്ങൾ സമ്മാനിക്കുന്നത്. ഇത് ജമ്മു കശ്മീരിൽ ശൈത്യകാല കോട്ടിനൊപ്പം ഉപയോഗിച്ചു വരുന്നു.
ആധുനിക ഡിസൈനർമാർ, പുതിയ നിറങ്ങൾ പാറ്റേണുകൾ, കൂടാതെ ഫ്യൂഷൻ ശൈലികൾ പോലും ഷാളുകൾ നിർമ്മിക്കുന്നതിൽ പരീക്ഷിക്കുന്നുണ്ട്. ഏറെ ഗുണനിലവാരവും സമാനതകളില്ലാത്ത സൗന്ദര്യവുമുള്ളതുമാണ് പഷ്മിന ഷാൾ.
പാഷ്മിന ഷാളുകൾ പരമ്പരാഗതമായി ജമ്മുകശ്മീരിൽ നിന്നുള്ള പേപ്പിയർ മാഷെ ബോക്സുകളിലാണ് പായ്‌ക്ക് ചെയ്യുന്നത്. പേപ്പർ പൾപ്പ്, പശ, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഈ ബോക്സുകൾ കൈകൊണ്ട് നിർമ്മിച്ചിരിക്കുന്നത്.
കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തനതായ കലാസൃഷ്ടിയാണ് മാഷെ ബോക്സും എന്നതാണ് ഇതിന്റെ സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: