ബുഡാപെസ്റ്റ് :ചെസ് ഒളിമ്പ്യാഡ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണകിരീടത്തിനരികില്‍ എത്തിയിരിക്കുകയാണ് ഇന്ത്യയുടെ പുരുഷ ടീം. വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തെടുത്ത പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ്, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട കൗമാര ടീം ഇനി നാല് റൗണ്ടുകള്‍ കൂടി ബാക്കിനില്‍ക്കെ 17 പോയിന്‍റോട് ഒന്നാമത് നില്‍ക്കുകയാണ്.
അജയ്യനായ മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെ ലോകത്തെ ഏത് ഗ്രാന്‍റ്മാസ്റ്ററെയും സമനിലയില്‍ കുരുക്കാന്‍, വിജയം ആവശ്യമെങ്കില്‍ അത് നേടിയെടുക്കാന്‍ പര്യാപ്തമായവരാണ് ഇന്ത്യയുടെ കൗമാരപ്രായക്കാരായ കളിക്കാര്‍. 180 രാജ്യങ്ങള്‍ മാറ്റുരയ്‌ക്കുന്ന ചെസ് ഒളിമ്പ്യാഡില്‍, ഇതുവരെ കളിച്ച എട്ട് റൗണ്ടുകളില്‍ വിജയം നേടിയ ഇന്ത്യ ഒമ്പതാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉസ്ബെക്കിസ്ഥാനോട് സമനിലയില്‍ പിരിയേണ്ടിവന്നു. ഇതോടെ ഇന്ത്യയ്‌ക്ക് 17 പോയിന്‍റായി.
ഇതുവരേയ്‌ക്കും ഇന്ത്യയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2020ല്‍ കോവിഡ് മൂലം ഓണ്‍ലൈനായാണ് മത്സരം നടന്നത്. അന്ന് ഇന്ത്യയ്‌ക്കായിരുന്നു കിരീടമെങ്കിലും പല വിധത്തില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ തകരാറിലായ ടൂര്‍ണ്ണമെന്‍റായിരുന്നതിനാല്‍ ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഈ ടൂര്‍ണ്ണമെന്‍റ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതായത് ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം 2023ല്‍ നേടിയ വെങ്കലമെഡല്‍ ആണ്. എന്നാല്‍ ഇക്കുറി ആ ചരിത്രം ഇന്ത്യ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.
ഒമ്പതാം റൗണ്ടില്‍ ഉസ്ബെക്കിസ്ഥാനോടുള്ള പോരാട്ടം അഗ്നിപരീക്ഷയായിരുന്നു. ഗുകേഷായിരുന്നു ലീഡ് ബോര്‍ഡില്‍ കളിക്കുന്നത്. നേരിടേണ്ടി വന്നത് ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തറൊവ് എന്ന അത്യന്തം അപകടകാരിയായ ഗ്രാന്‍റ് മാസ്റ്ററെ. പക്ഷെ 32ാം നീക്കത്തോടെ ഇരുവരും സമനിലയില്‍ പിരിഞ്ഞു. മൂന്നാമത്തെ ബോര്‍ഡില്‍ അര്‍ജുന്‍ എരിഗെയ്സിയും ഷംസിദിന്‍ വൊകിഡൊവും സമനിലയിലായി. അതുപോലെ രണ്ടാം ബോര്‍ഡില്‍ പ്രജ്ഞാനന്ദയും ജവൊഖിര്‍ സിന്ദറൊവും സമനിലയിലായി. നാലാം ബോര്‍ഡില്‍ കളിച്ച വിദിത് ഗുജറാത്തിയും ജകൊംഗിര്‍ വഖിഡൊവും സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇന്ത്യയും ഉസ്ബെകിസ്ഥാനും 2-2 സമനിലയില്‍ പിരിഞ്ഞു.
ഇപ്പോള്‍ 17 പോയിന്‍റോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഉസ്ബെക്കിസ്ഥാന്‍, ചൈന, യുഎസ്എ എന്നീ രാജ്യങ്ങള്‍ 15 പോയിന്‍റ് വീതം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. സ്ലൊവേന്യ, ഉക്രൈന്‍, സെര്‍ബിയ, ഹംഗറി എന്നിവര്‍ 14 പോയിന്‍റ് വീതം മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. ഇനി നാല് റൗണ്ട് മാത്രമേ ബാക്കിയുള്ളൂ.
ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും അപാരഫോമില്‍
ഒന്നാം ബോര്‍ഡില്‍ കളിക്കുന്ന ഗുകേഷ് അപാരഫോമിലാണ്. ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ കളി ജയിക്കുന്ന താരത്തിന് ലഭിക്കുന്ന സ്വര്‍ണ്ണമെഡലിലേക്ക് ഗുകേഷ് കുതിയ്‌ക്കുകയാണ്. ഒരൊറ്റ കളി പോലും ഗുകേഷ് തോറ്റിട്ടില്ല. മാഗ്നസ് കാള്‍സനേക്കാള്‍ ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകളോടെ നില്‍ക്കുകയാണ് ഗുകേഷ്. അതുപോലെ മൂന്നാം ബോര്‍ഡില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും മുന്‍പില്‍ നില്‍ക്കുന്നു. ആകെ കളിച്ച ഒന്‍പത് കളികളില്‍ ഏഴിലും അര്‍ജുന്‍ എരിഗെയ്സി ജയിച്ചു. ഇപ്പോള്‍ 2792 പോയിന്‍റില്‍ എത്തിനില്‍ക്കുകയാണ് അര്‍ജുന്‍ എരിഗെയ്സി
പ്രതികരിക്കാൻ ഇവിടെ എഴുതുക