India

ഓരോ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും തെരഞ്ഞ് പിടിച്ച് പുറത്താക്കും ; അമിത് ഷാ

Published by

സാഹിബ്ഗഞ്ച് ; ജാർഖണ്ഡിൽ നിന്ന് ഓരോ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും തെരഞ്ഞ് പിടിച്ച് പുറത്താക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് സാഹിബ്ഗഞ്ച് ജില്ലയിലെ ഭോഗ്നദിഹിൽ പരിവർത്തൻ രഥ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഹേമന്ത് സോറൻ സർക്കാരിന്റെ നയങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച അമിത് ഷാ, ഈ സർക്കാരിന് അഴിമതിയിൽ മാത്രമാണ് പങ്കുള്ളതെന്നും പറഞ്ഞു. പ്രതിവർഷം അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന സോറന്റെ വാഗ്ദാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

യുവാക്കൾക്ക് ജോലി ലഭിച്ചോ? യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുപകരം, ഹേമന്ത് സോറന്റെ സർക്കാർ അവരെ ഓടിച്ചുവിടുകയാണ്, അവർ ഓടുന്നതിനിടയിൽ മരിക്കുകയാണ്.ജാർഖണ്ഡിൽ പണത്തിനായി ജോലികൾ വിതരണം ചെയ്യുകയാണിന്ന്. ദരിദ്രരും വനവാസികളുമായ യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല, സർക്കാർ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അത് മറക്കുകയും ചെയ്യുന്നു.

അഴിമതിയല്ലാതെ ഈ സർക്കാർ ജാർഖണ്ഡിന് ഒന്നും നൽകിയിട്ടില്ല. സർക്കാർ 1000 കോടിയുടെ ഖനന അഴിമതിയാണ് നടത്തിയത് . സൈന്യത്തിന്റെ ഭൂമി പോലും തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.വനവാസികളുടെ പെൺമക്കളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവങ്ങൾ സാഹിബ്ഗഞ്ചിലും ദുംകയിലും നടന്നിരുന്നു, എന്നാൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.75 വയസ്സിനു മുകളിലുള്ള പാവപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സൗകര്യം ബിജെപി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by