കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ ഏണ്‍സ്റ്റ് ആന്‍ഡ് യുങ് കമ്പനിക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍. എക്‌സിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും മൂന്‍ ജീവനക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.
രാത്രി ഒന്‍പതിന് ശേഷം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വീടുകളിലെത്താന്‍ വാഹന സൗകര്യമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ല, ഫോണ്‍ കോളുകള്‍ പാടില്ല, 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുക, അന്നയെ പോലെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതെന്നും കമ്പനിയിലെ മുന്‍ ജീവനക്കാര്‍ ആരോപിക്കുന്നു. അന്നയുടെ മരണത്തില്‍ പ്രതികരിച്ചുള്ള ഇ വൈയുടെ ഭാരതത്തിലെ ചെയര്‍മാന്‍ രാജീവ് മേമാനിയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ധാര്‍മികതയില്ലാത്ത സ്ഥാപനമെന്നാണ് ഇ വൈയെ മുന്‍ ജീവനക്കാരുള്‍പ്പെടെ പരാമര്‍ശിച്ചിരിക്കുന്നത്.
തന്റെ മകനും അന്നയുടെ അതേ അസ്ഥയിലൂടെ കടന്നു പോയിരുന്നു. എന്നാല്‍ അവന്‍ ജോലി ഉപേക്ഷിച്ചു. പക്ഷേ, ഇന്നും അതിന്റെ ഓര്‍മകള്‍ അവനില്‍ നിന്ന് പോയിട്ടില്ല. ധാര്‍മികതയില്ലാത്ത ഈ സ്ഥാനപത്തില്‍ ജോലി ചെയ്യുന്ന ഓരോരുത്തരോടും അവര്‍ മാപ്പപേക്ഷിക്കണമെന്നും കമ്പനിയിലെ മുന്‍ ജീവനക്കാരന്റെ അച്ഛന്‍ പ്രതികരിച്ചു. ഇതുപോലെ നിരവധി പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അന്നയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജീവ് മേമാനിയുടെ കുറിപ്പ്. അന്നയുടെ ദാരുണമായ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. ഇത് മൂലം മാതാപിതാക്കളുടെ ജീവിതത്തിലുണ്ടാകുന്ന ശൂന്യത നികത്താന്‍ യാതൊന്നിനും കഴിയില്ല. അവരുടെ കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നു. അന്നയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു. ഇത്തരത്തിലൊന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. ഇത് നമ്മുടെ സംസ്‌കാരത്തിന് തികച്ചും അന്യമാണ്. ഇനിയൊരിക്കലും സംഭവിക്കില്ല, എന്നാണ് മേമാനി കുറിച്ചത്.
അതിനിടെ, ഭാരത് പേയുടെ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിന്റെ ഒരു പഴയ വീഡിയോ വൈറലായിരിക്കുകയാണ്. ഗ്രോസറി ഡെലിവറി സേവനമായ ഗ്രോഫേഴ്‌സില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ഇ വൈയില്‍ പങ്കാളിയാകാന്‍ ക്ഷണം ലഭിച്ചിരുന്നു. ഒരു കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ താനത് നിരസിക്കുകയായിരുന്നു.
ഇ വൈയുടെ ക്ഷണത്തിന് പിന്നാലെ അവരുടെ ഓഫീസ് സന്ദര്‍ശിച്ച തനിക്ക് അവിടെ ജീവിച്ചിരിക്കുന്ന ശവങ്ങളെയാണ് കാണാന്‍ സാധിച്ചത്. ജീവനക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് അന്ന് അഷ്‌നീര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക