സ്വന്തം കഴിവും ഇച്ഛാശക്തിയും കൊണ്ടുമാത്രം ചരിത്രകാരനായിത്തീര്ന്ന വ്യക്തിയായിരുന്നു വേലായുധന് പണിക്കശ്ശേരി.
ചരിത്രം തേടി നടന്ന, ചരിത്രകാരനല്ലാത്ത ഒരാള്‍. ലൈബ്രേറിയന്‍ ആയിരുന്നതിനാല്‍ ആഗ്രഹത്തിനൊത്ത് ധാരാളം പുസ്തകങ്ങളും രചനങ്ങളും ലേഖനങ്ങളും കൈയെത്തും ദൂരത്തുണ്ടായിരുന്നു എന്നതു മാത്രമാണ് അനുകൂലമായി ഉണ്ടായിരുന്ന ഒരേഒരു ഘടകം. ചെറുപ്പം മുതല്ക്കേ ചരിത്രത്തോടുള്ള അടങ്ങാത്ത അഭിവാഞ്ഛയാണ് അദ്ദേഹത്തെ ഒരു ഹിസ്റ്റോറിയന്‍ ആക്കി മാറ്റിയതെന്ന് നമുക്ക് നിസംശം പറയാം. 91ല്‍ വിരമിച്ച ശേഷവും ചരിത്രവുമായുള്ള അടങ്ങാത്ത ആത്മബന്ധം അദ്ദേഹം തുടര്‍ന്നു. കേരളത്തിലെ പ്രമുഖ ചരിത്രകാരന് ഇളംകുളം കുഞ്ഞന്‍ പിള്ളയാണ് വേലായുധന്റെയും വഴികാട്ടി. അദ്ദേഹത്തിന്റെ ചരിത്ര ലേഖനങ്ങള്‍ വായിച്ച് കുഞ്ഞന്‍പിള്ള പോലും അത്ഭുതം കൂറിയിരുന്നുവത്രേ. ചരിത്രം പഠിച്ചു പഠിച്ച് അതപ്പടി എഴുതിവച്ച് വായനക്കാരെ അകറ്റുന്ന ശൈലി അദ്ദേഹത്തിനില്ലായിരുന്നു. ലളിതമായി സാധാരണക്കാര്‍ക്ക് മനസിലാകുന്ന ശൈലിയിലുള്ള കുറിപ്പുകള്‍ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. ജനകീയമായിരുന്നു ആ രചനകള്‍.
സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചും കേരളത്തിലെ മതസാമൂഹ്യ പരിഷ്കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മഹത്തുക്കളെക്കുറിച്ചും അദ്ദേഹം എഴുതി. നിരവധി പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ കൃതികള്‍ പല സര്‍വകലാശാലകളിലും ടെക്സ്റ്റ് പുസ്തകങ്ങള്‍ ആക്കിയിട്ടുണ്ട്. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്ലോര് തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക കൃതികള്‍ക്കും കേരളസാഹിത്യ അക്കാദമിയില്‍ നിന്നും, കേരള സര്‍ക്കാരില്‍ നിന്നും വിശിഷ്ടഗ്രന്ഥങ്ങള്‍ക്കുള്ള പാരിതോഷികങ്ങളും, പ്രസിദ്ധീകരണസഹായങ്ങളും ലഭിച്ചിട്ടുണ്ട്. പഴഞ്ചൊല്ലും കടങ്കഥകളും മറ്റും, സിന്ധൂനദിതട സംസ്കാരവും പ്രാചീന ഭാരതത്തിലെ സര്‍വകലാശാലകളും, കേരളം എന്ന സംസ്കാരം, കേരള ചരിത്രം (കേരള സംസ്ഥാന രൂപീകരണം വരെ), കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരള ചരിത്രം, നാളന്ദ തക്ഷശില, സഞ്ചാരികള്‍ കണ്ട കേരളം, പ്രാചീന കേരളത്തിന്റെ വാണിജ്യ ബന്ധങ്ങള്‍, പോര്‍ച്ചുഗീസ് ഡച്ച് ആധിപത്യം കേരളത്തില്‍, സംസ്കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, ഇബ്നു ബത്തൂത്ത കണ്ട കേരളം, കേരളത്തിലെ രാജവംശങ്ങള്‍, കേരളം 600 കൊല്ലം മുന്‍പ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
1934 മാര്‍ച്ച് 30നാണ് ജനനം. 1956ല്‍ മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ ലൈബ്രേറിയനായി. അവിടെ നിന്ന് തന്നെയാണ് വിരമിച്ചതും. സരസ്വതി വിദ്യാനികേതന്‍ സ്കൂളിന്റെ മാനേജര്‍ ആയിരുന്നു.പ്രാചീന കേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശികള്‍ നമ്മുടെ കലയിലും സംസ്കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്താന്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെലോഷിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: