ചെന്നൈ: നമിക്കണം രവിചന്ദ്രന്‍ അശ്വിനെ. ചെപ്പോക്ക് പിച്ച് ഇപ്പോള്‍ ബൗളര്‍മാര്‍ക്ക് വളരെ അനുകൂലമാണ്. അതിനുള്ള വലിയ തെളിവാണ് ആകെ വീണ 17 വിക്കറ്റുകള്‍. പിച്ചിനെ നന്നായി മനസ്സിലാക്കിയ അശ്വിന് 113 റണ്‍സെടുത്തും രവീന്ദ്ര ജഡേജയെ(86) കൂടെ നിര്‍ത്തി കളിപ്പിച്ച് ഒരു മികച്ച ബാറ്ററെ പോലെ ദൗത്യമേറ്റെടുത്തതിനുമാണ് ഭാരത ക്രിക്കറ്റ് ഈ സമയം അശ്വിനോട് കടപ്പട്ടിരിക്കുന്നത്. ഈ കൂട്ടുകെട്ടിന്റെ കരുത്തില്‍ ഭാരതം ആദ്യ ഇന്നിങ്സില്‍ 376 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 149ല്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ഭാരതം മൂന്നിന് 81 എന്ന നിലയിലാണ്.
രാവിലെ ഒരു മണിക്കൂറിനകം തലേന്നത്തെ 339 റണ്‍സിനോട് വെറും 47 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോള്‍ ഭാരതത്തിന്റെ ശേഷിച്ച നാല് വിക്കറ്റുകള്‍ വീണു. ഉച്ചയാകുമ്പോഴേക്കും ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. ഇന്നലത്തെ മൂന്നാം സെഷന് കൂടി കഴിയുമ്പോള്‍ ഭാരതത്തിന്റെ രണ്ടാം ഇന്നിങ്സിലെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു.
ഭാരതത്തിന് രണ്ടാം ഇന്നിങ്സിലും തുടക്കത്തിലേ തിരിച്ചടി നേരിട്ടു. പക്ഷെ ആദ്യ ഇന്നിങ്സിലത്രെയും കനത്ത ആഘാതമുണ്ടായില്ല. ഹസന് മഹ്മൂദിനെ പ്രതിരോധിച്ച് നില്ക്കാന് ഭാരത ബാറ്റര്‍മാര്‍ക്ക് സാധിച്ചു. ആദ്യ ഇന്നിങ്സിലെ അര്‍ദ്ധ സെഞ്ചുറിക്കാരന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍(10) നേരത്തെ പുറത്തായി. അതിന് മുമ്പേ നായകന് രോഹിത് ശര്‍മ(അഞ്ച്) പുറത്തായിരുന്നു. ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും മികച്ച സ്റ്റാന്‍ഡിങ് നല്‍കിയതാണ് പക്ഷെ മെഹ്ദി ഹസന് മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കോഹ്ലി തെറിച്ചു. കളി മൂന്നാം ദിവസത്തേക്ക് പിരിയുമ്പോള്‍ ഗില്ലും(33) ഋഷഭ് പന്തും(12) ആണ് ക്രീസില്‍.
ബംഗ്ലാ ബൗളര്‍മാരുടെ വീര്യത്തെ നേരിടാന്‍ ഭാരത ബാറ്റിങ് നിര പാകമായെന്ന് രണ്ടാം ഇന്നിങ്സിന്റെ തുടക്കം വ്യക്തമാക്കി. പക്ഷെ വെല്ലുവിളിയാകുന്നത് ചെപ്പോക്ക് വിക്കറ്റിന്റെ ബൗളിങ്ങിന് അനുകൂലമായ സ്വഭാവമാണ്.
ഇന്നലെ 17 വിക്കറ്റുകളാണ് വീണത്. ഇതില്‍ ആകെ മൂന്ന് വിക്കറ്റ് മാത്രമാണ് സ്പിന്നര്‍മാര്‍ നേടിയത്. ബാക്കി 14 വിക്കറ്റും പേസര്‍മാരുടെ അക്കൗണ്ടിലാണ്്.
ആദ്യദിനം ബംഗ്ലാ ബൗളിങ്ങിനെതിരെ ഗുരുതര വീഴ്ച്ച പറ്റിയ ഭാരതത്തിനായി ഒത്തുചേര്‍ന്ന അശ്വിന്-ജഡേജ സഖ്യത്തിന്റെ വിജയകരമായ ചെറുത്തുനില്‍പ്പ് ന്യൂബോളെടുക്കും വരെ മാത്രമേ ഉണ്ടായുള്ളൂ. രണ്ടാം ദിനം മത്സരം തുടങ്ങി മൂന്നാം ഓവര്‍ ആദ്യ പന്തെത്തുമ്പോഴേക്കും ജഡേജ വീണു. ഈ സമയം തലേന്നത്തെ സ്കോറിലേക്ക് ഭാരതം കൂട്ടിചേര്‍ത്തത് വെറും നാല് റണ്‍സ്. ബംഗ്ലാ പേസര്‍ ടാസ്കിന് അഹമ്മദ് ആണ് ജഡ്ഡുവിനെ പുറത്താക്കിയത്. പിന്നീടെത്തിയ ആകാശ് ദീപ്(17) മികവ് കാട്ടിയാണ് ടാസ്കിന് അഹമ്മദിന് വിക്കറ്റ് നല്കി മടങ്ങിയത്. ബുംറയും(ഏഴ്) തന്നാലാവും വിധം പൊരുതി. ഈ സമയമത്രയും പൊരുതി നിന്ന ആദ്യ ദിനത്തിലെ സെഞ്ചുറിക്കാരന്‍ ആര്. അശ്വിന് ഒടുവില്‍ 113 റണ്‍സെടുത്ത് പുറത്തായി. 133 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതമാണ് വിലപ്പെട്ട ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ഭാരതത്തിന്റെ ആദ്യ ഇന്നിങ്സിന് മറുപടി പറയാന്‍ ബംഗ്ലാ ബാറ്റിങ് നിര ഇറങ്ങി. സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് കീഴിലുള്ള ഭാരത പേസ് ത്രയം ബംഗ്ലാദേശിനെ കശക്കിയെറിഞ്ഞു. ഷാദ്മാന്‍ ഇസ്ലാമിനെ(രണ്ട്) ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ബുംറ തുടങ്ങി. നാല് വിക്കറ്റ് പ്രകടനവുമായി ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ആകാശ് ദീപും മോശമാക്കിയില്ല. ബംഗ്ലാ ഓപ്പണര്‍ സാക്കിര്‍ ഹസന്(മൂന്ന്), അപകടകാരിയായ മോനിമുല്‍ ഇസ്ലാം എന്നിവരെ പുറത്താക്കി. നായകന് നജ്മുല്‍ ഹൊസെയന്‍ ഷാന്റോയെ(20) പുറത്താക്കി മുഹമ്മദ് സിറാജും കരുത്തറിയിച്ചു. 12.5 ഓവറില്‍ 40 റണ്‍സിലെത്തിയ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഭാരത പേസര്‍മാര്‍ നിലപാടറിയിച്ചു. പിന്നീട് മുന്‍ നായകന് ഷാക്കിബ് അല്‍ ഹസനും(32) ലിറ്റന്‍ ദാസും(22) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ബംഗ്ലാ ഇന്നിങ്സിന് അല്‍പ്പം ആശ്വാസമേകി. ആറാം വിക്കറ്റ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിച്ചപ്പോള്‍ പരിചയസമ്പത്തുമായെത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്നില്‍ ലിറ്റന്‍ ദാസ് വീണു. ഷാക്കിബ്-ലിറ്റന്‍ സഖ്യം കൂട്ടിചേര്‍ത്ത 51 റണ്‍സ് മികവ് ബംഗ്ലാദേശിനെ മൂന്നക്കം തികയ്ക്കാന്‍ സഹായിച്ചു. ജഡ്ഡുവിന്റെ അടുത്ത ഓവറില്‍ ഷാക്കിബിനെയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് ഏറെക്കുറേ തീരുമാനമായി.
വാലറ്റക്കാരെ കൂട്ടുപിടിച്ച് മെഹ്ദി ഹസന് മിറാസ്(പുറത്താകാതെ 27) നടത്തിയ ചെറുത്തു നില്‍പ്പ് അവരെ 149 റണ്‍സിലെത്തിച്ചു. ഹസന് മഹ്മൂദ്(ഒമ്പത്), ടാസ്കിന് അഹമ്മദ്(11), നാഹിദ് റാണ(11) എന്നിവരും ബംഗ്ലാദേശിനായി പൊരുതി. ഭാരതത്തിനായി ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ സിറാജ്, ആകാശ് ദീപ്, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 13 ഓവറുകളെറിഞ്ഞ അശ്വിന് നാല് മെയ്ഡനുകളെറിഞ്ഞ് 29 റണ്‍സ് മാത്രം വഴങ്ങി വലിയ പിശുക്ക് കാട്ടിയെങ്കിലും വിക്കറ്റ് നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: