തിരുവനന്തപുരം; കേരളത്തിലെ കായികമന്ത്രിക്ക് വന്‍ ടിക്കറ്റോടുകൂടിയ ബൃഹദ് കായികമാമാങ്കങ്ങളില്‍ മാത്രമാണ് താല്‍പര്യമെന്ന് വിമര്‍ശനമുയരുന്നു. അര്‍ജന്‍റീനയെപ്പോലെ ഒരു ടീമിനെ കേരളത്തില്‍ കൊണ്ടുവരാന്‍ 100 കോടി മുടക്കുമ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായികമന്ത്രിക്ക് താല്‍പര്യമില്ലെന്നും ആരോപണമുണ്ട്. സ്പോര്‍ട്സിലെ മുന്‍ഗണനാമേഖലകള്‍ വിലയിരുത്തുന്നതില്‍ കേരളത്തിലെ കായികമന്ത്രി പരാജയപ്പെടുന്നുണ്ടോ എന്ന സംശയം കായിക വിദഗ്ധര്‍ക്കിടയില്‍ ഉയരുന്നു.
കലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തിലായിരുന്നു ദേശീയ അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വെറും 60 ലക്ഷം രൂപ ചെലവില്‍ ഈ ദേശീയ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയിലെ ഏകദേശം 2600 അത്ലറ്റുകള്‍ക്ക് ആശ്വാസമായേനെ. ഏറെ പ്രതീക്ഷയോടെ ഈ അത്ലറ്റുകള്‍ സ്വര്‍ണ്ണവും വെള്ളിയും നേടാന്‍ കാത്തുകാത്തിരുന്ന മീറ്റാണ് ആവിയായിപ്പോയത്.
അതേ സമയം വമ്പന്‍ ചെലവുള്ള കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മന്ത്രിക്ക് താല‍്പര്യക്കുറവ് കാണുന്നില്ല. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ എത്തിക്കാന്‍ ചെലവ് കണക്കാക്കുന്നത് 100 കോടി രൂപയാണ്. ഈ ആവേശം നല്ലത് തന്നെ. അതുപോലെ അര്‍ജന്‍റീന അവരുടെ കോച്ചിങ് കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുമെന്നും കായികമന്ത്രി അവകാശപ്പെടുന്നു. ഇതും നല്ല നീക്കം തന്നെ. പക്ഷെ അത്ലറ്റിക്സിന്റെ ചെലവില്‍ വേണമായിരുന്നോ ഈ പുത്തന്‍ ചുവടുവെയ്പുകള്‍. ഇതുവഴി കായികരംഗത്തെ മുന്‍ഗണനാക്രമം തന്നെ തെറ്റിക്കുകയാണ് കായികമന്ത്രിയെന്ന വിമര്‍ശനവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: