മടിയില്‍ക്കിടന്ന് അമ്മയെ രാമായണം സീരിയലിന്റെ തിരക്കഥ വായിച്ചു കേള്‍പ്പിക്കുകയാണ് സേതുമാധവന്. ശ്രീരാമന്റെ കണ്ണു നിറഞ്ഞ ഭാഗം വായിച്ചപ്പോള്‍ അമ്മയുടെ ചോദ്യം അതെന്താ രാമന്റെ കണ്ണു നിറഞ്ഞതെന്ന്…കണ്ണില്‍ പൊടിപോയിട്ടെന്ന് സേതുവിന്റെ മറുപടി. അതുവരെ വായിച്ച കഥ അമ്മ ശ്രദ്ധിക്കാത്തത്തിന്റെ പരിഭവം പ്രകടിപ്പിച്ചതിന്റെ കുസൃതിയായിരുന്നു ആ മറുപടിയില്‍. പിന്നീടങ്ങോട്ട് സേതുവിന്റെ ജീവിതദുരന്തത്തില്‍ നീറുകയായിരുന്നു ആ അമ്മ…സേതുമാധവനായി മോഹന്‍ലാലും അമ്മയായി കവിയൂര്‍ പൊന്നമ്മയും കിരീടവും ചെങ്കോലും കടന്ന് എക്കാലവും അതിതീവ്ര നൊമ്പരമാണ് മലയാളിയുടെ മനസ്സില്‍…
എന്റെ ഉണ്ണിയെന്ന് വിളിച്ചുള്ള ഹിസ് ഹൈനസ് അബ്ദുള്ളയിലെ അമ്മയുടെ ആലിംഗനം ആരാണ് മറക്കുക. അമ്മയല്ലെങ്കിലും തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മയും മോഹന്‍ലാലും തമ്മിലുള്ള വൈകാരിക ബന്ധനം വളരെ ശക്തമായിരുന്നു. അങ്ങനെ എത്രയെത്ര സിനിമകള്‍…ആ അമ്മ – മകന് ബന്ധം മലയാളിയുടെ മനസില്‍ വളര്‍ന്നു…കവിയൂര്‍ പൊന്നമ്മ എല്ലാവരുടേയും പൊന്ന് അമ്മയായി…..
മോഹന്‍ലാലിന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞ ആരാധകരുമുണ്ട്. മോഹന്‍ലാലിന്റെ അമ്മ ശാന്തയുമായി കവിയൂര്‍ പൊന്നമ്മയ്ക്കുള്ള സാമ്യവും ഒരു ഘടകമായിരുന്നിരിക്കാം. മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് കവിയൂര്‍ പറഞ്ഞതിങ്ങനെ, ”മോഹന്‍ലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹന്‍ലാലിനെ ഞാന്‍ കുട്ടാ എന്നാണ് വിളിക്കുന്നത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പ്രായം ചെന്ന അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെയായിരുന്നു”.
ആദ്യമായി അമ്മ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ പ്രായം 22!. 1965 ല്‍ ഇറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ തന്നേക്കാള്‍ പ്രായം കൂടുതലുള്ള സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ചു. സത്യന്റെ അമ്മ മുതല്‍ പുതുതലമുറയിലെ ആസിഫ് അലിയുടെ മുത്തശ്ശിവരെ…എത്ര തലമുറയുടെ അമ്മയും അമ്മൂമ്മയുമായി…
ജീവിത രേഖ
അഭിനേത്രി, ഗായിക എന്നീ നിലകളില്‍ പ്രശസ്തയായ കവിയൂര്‍ പൊന്നമ്മയുടെ ജനനം 1945 സപ്തംബര്‍ 10 ന് കവിയൂരിലായിരുന്നു. ടി.പി.ദാമോദരനും ഗൗരിയുമായിരുന്നു മാതാപിതാക്കള്‍. ഭര്‍ത്താവ് അന്തരിച്ച മണിസ്വാമി. മകള്‍ ബിന്ദു കുടുംബ സമേതം അമേരിക്കയില്‍. സംവിധായകനും നിര്‍മാതാവുമായ മണിസ്വാമി 2011 ലാണ് മരിച്ചത്.
അഞ്ചാം വയസ്സുമുതല്‍ സംഗീതം പഠിച്ച് സ്റ്റേജില്‍ പാടിത്തുടങ്ങി. പൊന്‍കുന്നത്തായിരുന്നു കുട്ടിക്കാലം. എല്‍.പി.ആര്. വര്‍മ്മയുടെ കീഴിലായിരുന്നു സംഗീത പഠനം. സിനിമ കാണും മുന്‍പേ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങി. ആദ്യ നാടകം തോപ്പില്‍ ഭാസിയുടെ മൂലധനം. അതില്‍ അഭിനയിക്കുമ്പോള്‍ പ്രായം 14!. 1964 ല്‍ കുടുംബിനിയില്‍ രണ്ടു കുട്ടികളുടെ അമ്മയായി ടൈറ്റില്‍ റോളിലായിരുന്നു അഭിനയിച്ചത്.
നൂറുകണക്കിനു സിനിമകള്‍. റോസി, കലയും കാമിനിയും, അസുരവിത്ത്, ത്രിവേണി, വിവാഹിത, ക്രോസ്ബെല്‍റ്റ്, സതി, അക്കരപ്പച്ച, നെല്ല്, ഉത്സവം, ശിവതാണ്ഡവം, മൂര്‍ഖന്‍,ചാമരം,കിരീടം, സന്ദേശം, ഹിസ് ഹൈനസ് അബ്ദുള്ള, ഒപ്പം, അവതാരം, ബാബ കല്യാണി തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളില്‍ അഭിനയിച്ചു.
എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളക്കങ്ങള്‍, ചിരിയോ ചിരി, ധര്‍മ്മയുദ്ധം, തീര്‍ഥയാത്ര, കാട്ടുമൈന, വെളുത്ത കത്രീന എന്നീ സിനിമകളിലും മൂലധനം,അള്‍ത്താര,ഡോക്ടര്‍ എന്നീ നാടകങ്ങള്‍ക്ക് വേണ്ടിയും പാടി. രണ്ടാമത്തെ മികച്ച നടി എന്ന നിലയില്‍ 4 തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്(1971 വിവിധ ചിത്രങ്ങള്‍),1972(തീര്‍ഥയാത്ര).(1973 വിവിധ ചിത്രങ്ങള്‍),1994(തേന്മാവിന് കൊമ്പത്ത്). നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: