കവിത
എന്തെന്നു, മേതെന്നുമറിയാതിതുവഴി
എങ്ങോട്ടോ യാത്രയിലാണുനാമിപ്പോഴും.
ശസ്ത്രമെത്ര പുരോഗതി പ്രാപിച്ചു,
ശാസ്ത്രജ്ഞരെത്ര ചികഞ്ഞു വ്യാഖ്യാനിച്ചു?
എന്നിട്ടും കണ്ടെത്താനായില്ല ജീവിത-
ത്തിന്റെ പൊരുളുക, ളപ്രാപ്യമാണിന്നും!
ഭൂതക്കണ്ണാടി വെച്ചാലും ശരി,
ഗ്രന്ഥങ്ങളെത്ര പരതിയാലും ശരി,
മാനവരെത്ര കിണഞ്ഞു ശ്രമിച്ചാലും
മായാപ്രപഞ്ചമളക്കുവാന്‍ മേലാ.
രാത്രിയെ പകലാക്കി മാറ്റിടാം
ദൂതുമായ് ചന്ദ്രലോകത്തിലെത്തിടാം
വായുവിലൂടെ പറന്നു, പറന്നേതു
രാജ്യത്തുമെത്തിടാം, കടലുതാണ്ടിടാം
നേട്ടങ്ങളെന്തൊക്കെ കൊട്ടിഘോഷിച്ചാലും
കïെത്തുവാനാകാ ജന്മരഹസ്യങ്ങള്‍!
താളംതെറ്റിയ ചിത്തം തളച്ചിടാം
മാറാരോഗം ചികിത്സിച്ചു മാറ്റിടാം
എന്നാല്‍ മനസ്സിന്റെയാഴപ്പരപ്പുക-
ളാര്‍ക്കുമളക്കുവാനായില്ലിതുവരെ!
കാറ്റിനെപ്പോലും തടുത്തുനിര്‍ത്താം, നിറ-
ഞ്ഞൊഴുകും പുഴയെ തടഞ്ഞുവെയ്‌ക്കാം
എന്നാല്‍ മനുഷ്യന്റെ യാത്രാരഹസ്യങ്ങ-
ളൊന്നുമാര്‍ക്കുമറിയുവാന്‍ മേലാ!
വന്ന ദിക്കേതെന്നോ പോവാതെങ്ങോട്ടെന്നോ
ഇന്നുമറിയാതുഴലുന്നു നമ്മള്‍!
വന്നവരാരും തിരിച്ചുപോയിട്ടില്ല,
പോയവരാരും തിരിച്ചെത്തിയിട്ടില്ല!
ഇന്നിക്കാണും ജഗത്തില്‍ നാമിങ്ങനെ
തിന്നും അഹങ്കരിച്ചും തമ്മില്‍-
ത്തല്ലുകൂടിയും പിണങ്ങിയുമിണങ്ങിയും
കണ്ണീര്‍പൊഴിച്ചും കഴിയുകയല്ലയോ?
ജന്മപ്പൊരുളുകളാര്‍ക്കറിയാം?
‘ബാലികേറാമല’യാണിതിന്നും!
പ്രതികരിക്കാൻ ഇവിടെ എഴുതുക