കൊച്ചി: മുംബൈയിലെ കോർപറേറ്റ് കമ്പനിയിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ കഴിഞ്ഞ ജൂലൈയിലെ അകാല മരണം ഏറെ ദുഃഖകരമാണെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം.
അകാല മരണത്തെപ്പറ്റി അമ്മ എഴുതിയ കത്ത് ഇപ്പോൾ രാജ്യത്തെ യുവതീയുവക്കളുടെ തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയെ ചൂണ്ടികാണിക്കുന്നതാണ്.കോർപറേറ്റ് കമ്പനികളിലെ അമിത ജോലിഭാരവും സമ്മർദ്ദവും നിമിത്തം ചെറുപ്പക്കാർ മരിച്ചു വീഴുന്നതിനെതിരെ പ്രതിഷേധങ്ങളും പഠനങ്ങളും ലോക വ്യാപകമായി നടക്കുന്നുണ്ട്.സുരക്ഷിതമല്ലാത്ത, ചൂഷണം നടക്കുന്ന തൊഴിലിടങ്ങളെ പറ്റി കേന്ദ്രസർക്കാർതല അന്വേഷണം വേണം.ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം.
സ്വയംതൊഴിലെടുക്കുന്നവർ,സംരംഭകർ, സാധാരണത്തൊഴിലാളികൾ, കർഷകർ, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ തുടങ്ങി എല്ലാവിധ തൊഴിൽരങ്ങളിലും ഇന്ന് സ്ത്രീകൾ കഴിവ് തെളിയിക്കുന്നുണ്ട്. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ ഒട്ടും കുറവല്ല. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ വീട്ടുജോലികളിലേര്‍പ്പെടുന്നുവെന്നും ഇന്ത്യയില്‍ ഇത് പത്ത് മടങ്ങ് കൂടുതലാണെന്നുമാണ് മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ പുതിയ പഠനം പറയുന്നത്.
അമിത ജോലിഭാരം നിമിത്തമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും വ്യക്തിബന്ധങ്ങളിലെ ഏറ്റുമുട്ടലുകളും പതിവാണ്. ജോലിസ്ഥലത്തെ സമ്മർദ്ദം മൂലം മരിക്കുന്നവരുടെ എണ്ണം ലോകവ്യാപകമായി വർധിക്കുകയാണ്.ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിന് പുറമേ അവരുടെ ആരോഗ്യപരവും വൈകാരികവുമായ ആവശ്യങ്ങൾ പോലും കമ്പനികള്‍ പരിഗണിക്കാറില്ല. കൂടുതൽ ലാഭവും പരമാവധി വരുമാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ ജീവനക്കാർക്ക് മേൽ അമിത സമ്മർദ്ദവും ജോലിഭാരവും അടിച്ചേല്പിക്കുന്നത്.സർക്കാരുകൾ ഈ യാഥാർത്ഥ്യങ്ങൾ മിക്കപ്പോഴും അവഗണിക്കുകയാണ്.
തുടക്കക്കാരായ ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.തൊഴിൽ മേഖലയിലാകമാനം പരിശീലനം എന്ന പേരിലോ യാഥാര്‍ത്ഥ്യ ലോകത്തിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലോ തുടക്കക്കാരായ ജീവനക്കാർ അമിതഭാരം എടുക്കേണ്ടി വരുന്നുണ്ടെന്ന് ഈ മരണം നമ്മെ ഓർമ്മിപ്പിക്കുന്നു.
കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ,വ്യക്തിപരമായ ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത് തൊഴിലിടങ്ങളിൽനിന്ന് പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്. ജീവനക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കുന്നതും, അന്യായമായ പിരിച്ചുവിടൽ ഭീഷണിയുമെല്ലാം തൊഴിൽ മേഖലയിൽ അരാജകത്വവും അസ്ഥിരതയും സൃഷ്ടിക്കുന്നുണ്ട്. സംതൃപ്തമായ തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാൻ സർക്കാരിനും തൊഴിലുടമകൾക്കും ബാധ്യതയുണ്ടെും സീറോ മലബാര്‍സഭാ അല്‍മായ ഫോറം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: