കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (80)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു. സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേംനസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്.
1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്.
ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി വേഷം ഇട്ട്. മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി വേഷം ഇട്ടിട്ടുണ്ട്.
കവിയൂർ പൊന്നമ്മയെ തേടി നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തി. 1971,1972,1973 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും 1994ലും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടി.
1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ചാനലുകളില്‍ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്.
പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടി. സിനിമ നിര്‍മാതാവ് എം കെ മണിസ്വാമിയായിരുന്നുജീവിത പങ്കാളി. ഏക മകള്‍ ബിന്ദു.
നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: