കഥ
മണ്ണപ്പം ചുട്ടുകളിച്ച
കൂട്ടുകാരിക്ക്
യു കെ കുമാരന്
പുലര്‍ന്നു കഴിഞ്ഞാല്‍ എന്നും അവന്റെ വിളിയുണ്ടാകും. ആ വിളിയില്‍ അപ്പോഴുണ്ടായ ഒരു ധ്വനി. ഒരു ദിവസത്തിന്റെ പ്രഭാതത്തിലേക്ക് ഞാനിതാ എത്തിയിരിക്കുന്നു-‘ എന്നത് അത്ഭുതകരമായ ഒരനുഭവമായിട്ടാണ് അവന് കാണുന്നത്. വയസ് എഴുപത്തഞ്ചിലെത്തിയിരിക്കുന്നു. എഴുപത്തഞ്ചു പിന്നിട്ടപ്പോള്‍ തന്നെ അവന് ആയുസ്സിന്റെ അന്ത്യത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നു.
”ഇത്രയും സുന്ദരമായൊരു ലോകത്തെയാണല്ലോ നാം ഇട്ടേച്ചുപോകേണ്ടത്. ” അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് എന്നുള്ള നിലയില്‍ എന്നോടാണ് എല്ലാ വികാരങ്ങളും അടുത്തകാലത്തായി പങ്കിടാറുള്ളത്. ഒരേ ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങിയ കാലത്തുള്ള സൗഹൃദമാണ് പിന്നെ രണ്ടുപേരുടെയും ജീവിതം പല വഴിയില്‍ പിരിഞ്ഞുപോയെങ്കിലും അവന് എഴുപത്തഞ്ച് പിന്നിട്ട ഒരു നാളാണ് ബാല്യത്തിന്റെ സൗഹൃദത്തിലേക്ക് അവന് എന്നെ വിളിച്ചിരുന്നില്ല. അവനും ഞാനും ഈ നാട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടോ പരസ്പരം ഒന്നു കാണാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒരേ വരമ്പിലൂടെ ഒന്നിച്ചു നടന്ന് സ്കൂളില്‍ പോയവര്‍ തൊട്ടടുത്തെവിടെയോ താമസിക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും ഞങ്ങള്‍ വീണ്ടും കാണാന്‍ നിന്നില്ല. ഓരോരുത്തരും അവരുടേതായ ജീവിതത്തിലൂടെ കടന്നുപോവുകയായിരുന്നു. ഒരു നാള് അവന് എന്നെ ഫോണില്‍ വിളിച്ചു. ഫോണില്‍ അവന്റെ ശബ്ദം തിരിച്ചറിയാനേ കഴിഞ്ഞില്ല. അപ്പുറത്തുനിന്നും ആരോ പറയുന്നു:
”എടാ ഞാന്‍ സഞ്ചുവാണ്-”
”എന്റെ പഴയ സഞ്ചുവോ?” എന്റെ ഒച്ചയേ മാറിപ്പോയല്ലോ-”
”നമുക്ക് പിന്നിലൂടെ കാലമല്ലേ ഒഴുകിപ്പോയത്. കാലം എല്ലാറ്റിനേയും മാറ്റും. അവന് അല്പം തത്വശാസ്ത്രം കലര്‍ത്തി പറയാന്‍ തുടങ്ങി. ഇന്ന് എന്റെ എഴുപത്തഞ്ചാം പിറന്നാളാണ്. അപ്പോഴാണ് നിന്നെ ഓര്‍മ്മയില്‍ വന്നത്. ഒരേ വരമ്പിലൂടെ നമ്മള് ഒന്നിച്ചു നടന്നു സ്കൂളില്‍ പോയതും, സ്കൂളിന്റെ ഇറയത്തുനിന്ന് ഒന്നിച്ചുനിന്നു തെറിപ്പാട്ടു പാടിയതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. ഇത്രയും വര്‍ഷം പിന്നിട്ടപ്പോഴാണ് നമ്മുടേതായ ഒരു കാലം കഴിഞ്ഞുവല്ലോ എന്നെനിക്ക് തോന്നിയത്-”
പ്രായമായവരില്‍ അവന് വളരെയേറെ ദുഃഖമുണ്ടെന്ന് തോന്നി. കാലം കടന്നുപോകല്‍ അവന്റെ മാത്രം പ്രശ്നമാണെന്ന് അവന് കരുതുന്നു. അതോര്‍ത്തുള്ള ദുഃഖമാണവന്. സഞ്ചുവിനെ ആശ്വസിപ്പിക്കണമെന്ന് എനിക്ക് തോന്നി. ഞാന്‍ പറഞ്ഞു.
”സഞ്ചു കാലം കടന്നുപോകുന്നത് നിന്നെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാവര്ക്കും ഒരുപോലെ കാലം കടന്നുപോകും. എന്നാല്‍ എല്ലാവരെയും ബാധിക്കുന്നത് ഒരുപോ
ലെ അല്ലെന്ന് മാത്രം. നീയും അങ്ങിനെത്തന്നെ കരുതിയാല്‍ മതി. അതോര്‍ത്തു വിഷമിക്കുകയും വേണ്ട-”
എന്നാല്‍ അവന്റെ പ്രശ്നം അപ്പോഴും തീര്‍ന്നില്ല. തൊട്ടടുത്ത ദിവസവും അവന് എന്നെ വിളിച്ചു.
”കാലം ഏതെല്ലാം രീതിയിലാണ് നമ്മെ ബാധിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍. ഇന്നു ഞാന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ പോയിരുന്നു. സാധാരണ അതിവേഗം നടന്നാണ് പോകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അത്രയൊന്നും വേഗത്തില്‍ നടക്കാന്‍ എനിക്ക് കഴിയുന്നില്ല. മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ എതിരെ വന്ന ഒരാള്‍ ചോദിച്ചു, എന്താ നടക്കാന്‍ വയ്യെ. പ്രായമായാല്‍ വീട്ടില്‍ ഇരുന്നുകൂടെ. അപ്പോഴാണ് എനിക്ക് പ്രായമായെന്നു ഞാന്‍ തിരിച്ചറിഞ്ഞത്. പ്രായമായവര്‍ വീട്ടിലിരിക്കണം. പുറത്തിറങ്ങി നടക്കാന്‍ പാടില്ല. എനിക്ക് അതൊരു പുതിയ അറിവായിരുന്നു-”
സഞ്ചുവിന് ആശ്വസിപ്പിക്കുവാന്‍ എനിക്കന്ന് വാക്കുകള്‍ ഇല്ലായിരുന്നു. അതുകൊണ്ടു ഞാനവനെ സമാശ്വസിപ്പിക്കാനൊന്നും മുതിര്‍ന്നില്ല. പ്രായം കൂടുന്തോറും ഇനിയും പലതും കേള്‍ക്കാനുണ്ടാകുമെന്ന് എനിക്കവനെ ഓര്മ്മിപ്പിക്കണമെന്നുണ്ടായിരുന്നു. തനിക്ക് പ്രായം കൂടുയാണല്ലോ എന്ന വിഹ്വലതകളിലൂടെ കടന്നുപോയതുകൊണ്ടാകാം പിന്നീട് അവനൊന്നും ചോദിച്ചില്ല.
ഒരാഴ്ച പിന്നിട്ടപ്പോള്‍ പെട്ടെന്ന് അവന് എന്നെ വിളിക്കുന്നു. സഞ്ചു ചോദിച്ചു-
”പ്രായമാകുമ്പോള്‍ നാം പഴയ കാമുകിമാരെക്കുറിച്ചു ഓര്‍മ്മിക്കാറുണ്ടോ? അവര്‍ നമ്മുടെ ഓര്‍മ്മകളായി കടന്നുവരുമോ?”
”എന്തേ നീ ഇപ്പോള്‍ ഇങ്ങിനെ ചോദിക്കുവാന്‍ കാരണം?” ഞാന്‍ ആരാഞ്ഞു.
”വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴും ഉച്ചമയക്കത്തിനിടയിലും മറ്റും പഴയ കാമുകിമാര്‍ എന്റെ സ്വപ്നങ്ങളിലേക്ക് കടന്നുവരുന്നു. അവരുമായി ഇടപെട്ട കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഇതൊരസുഖമാണോ? എനിക്ക് ഇത്തരം വിചാരങ്ങളുണ്ടോ?”
അവന്റെ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നമ്പരന്നു. ഈ വയസ്സുകാലത്ത് എന്തിനാണ് പഴയ പ്രേമങ്ങളെക്കുറിച്ചാലോചിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നിയതാണ്. എന്നാല്‍ അതവനെ വേദനിപ്പിച്ചേക്കുമെന്നു കരുതി ഞാന്‍ മൗനം പാലിച്ചു. ഞാനവനോട് പറഞ്ഞു.
”എനിക്ക് അത്തരം വിചാരങ്ങളൊന്നുമില്ല. നിന്നെപ്പോലെ ധാരാളം പ്രേമമൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരു പ്രേമമെ ഉണ്ടായിരുന്നുള്ളൂ. അവളെന്റെ ഭാര്യയാവുകയും ചെയ്തു.”
അവന് ചിരിച്ചുകൊണ്ടു പറഞ്ഞു
”എങ്കില്‍ അവളെക്കുറിച്ചു നീ ഓര്‍മ്മിക്കുന്നുണ്ടാവില്ല. ആരെങ്കിലും സ്വന്തം ഭാര്യമാരെ പ്രേമത്തോടെ ഓര്‍മ്മിക്കുന്നുണ്ടാവുമോ? അവന്റെ അന്നത്തെ അന്വേഷണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആേേലാചിക്കുകയായിരുന്നു. ഇനി എങ്ങിനെയായിരിക്കും ചോ ദ്യങ്ങളുണ്ടാവുക? കുട്ടിക്കാലത്തിനുശേഷം അവനെ ഞാന്‍ കണ്ടിട്ടില്ല. ഒരേ നാട്ടുകാരനായിട്ടും പരസ്പരം കാണാനും തോന്നിയിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ മാത്രമെന്താണ് അവന് ഇത്തരത്തിലുള്ള ഒരു ചിന്തയുണ്ടാവാന്‍ കാരണം? ഒരുപക്ഷേ പ്രായം കഴിയുന്തോറും നാം ബാല്യത്തിലേക്ക് കടന്നുചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? പിന്നീടുള്ള ദിവസങ്ങളിലൊന്നും അവന്റെ വിളിയുണ്ടായില്ല. അതില്‍ എനിക്ക് തെല്ല് ദുഃഖവും തോന്നി. വാര്‍ധക്യത്തില്‍ ഒറ്റപ്പെടുമ്പോള്‍ ആരെങ്കിലും അന്വേഷിക്കുന്നതോ, കാണാന്‍ വരുന്നതോ എല്ലാം തെല്ല് സുഖമുള്ള ഒന്നാണെന്നും തോന്നിതുടങ്ങിയിരുന്നു.
പിന്നീട് നാലാമത്തെ ദിവസം പത്രത്തില്‍ പെട്ടിക്കോളത്തില്‍ വന്ന ഒരു വാര്‍ത്ത വായിച്ചു ഞാനമ്പരന്നുപോയി. മണ്ണപ്പം കൡ കൂട്ടുകാരിക്ക് എന്നായിരുന്നു വാര്‍ത്തയുടെ തലവാചകം. ”കഴിഞ്ഞ ദിവസം നിര്യാതനായ എഴുപത്തഞ്ചുകാരന് തന്റെ ഏക സമ്പാദ്യമായ അമ്പത് സെന്റ് സ്ഥലം കുട്ടിക്കാലത്ത് തന്റെ കൂടെ കളിച്ച കൂട്ടുകാരിക്ക് എഴുതിവെച്ചു. പരേതന് ഭാര്യയോ, മക്കളോ ഇല്ല. കൂട്ടുകാരിയുടെ വിശദാംശമൊന്നും ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: