കണ്ണൂര്‍: സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളിലൊന്നായ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളുകയും രണ്ട് നേതാക്കളും വിചാരണ നേരിടണമെന്നുമുളള സിബിഐ കോടതിയുടെ വിധി സിപിഎമ്മിന് കനത്ത പ്രഹരമായി. കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതു കൂടിയാണ് വിധി.
2012 ഫെബ്രുവരി 20നാണ് സിപിഎം സംഘം പരസ്യവിചാരണ ചെയ്ത് ഷുക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും യാത്ര ചെയ്ത കാര്‍ അരിയില്‍ പ്രദേശത്ത് ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു സംശയത്തിന്റെ പേരില്‍ 20 വയസ് പ്രായമുള്ള അരിയില്‍ ഷുക്കൂറിനെ ചെറുകുന്ന് കീഴറയില്‍ വച്ച് പരസ്യ വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കൊലപാതകത്തിന് നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇരുവരും ഗൂഢാലോചന നടത്തിയത് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രതി ചേര്‍ക്കപ്പെട്ടത്.
ഷുക്കൂറിനെ കൊലപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കിയത് പി. ജയരാജനും ടി.വി. രാജേഷും ആണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകത്തില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ വേണ്ടവിധം കൈകാര്യം ചെയ്യാനായിരുന്നു നേതാക്കള്‍ നിര്‍ദേശം നല്കിയത്. ലഭിച്ച നിര്‍ദേശം പ്രവര്‍ത്തകര്‍ നടപ്പിലാക്കുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120-ബി, 320 വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. തളിപ്പറമ്പിന് സമീപത്ത് സിപിഎം നേതാക്കളെ തടഞ്ഞ് യൂത്ത് ലീഗുകാര്‍ തടയാന്‍ ശ്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: