തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, അവ വൈരുദ്ധ്യമായി തോന്നിയാലും വൈവിധ്യമായി നിലനിര്‍ത്തുന്നതിലാണ് ഒരു നാടിന്റെ ഏകത എന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെയും പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ എന്‍. കൃഷ്ണപിള്ള കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തമ്മിലുള്ള പൊരുത്തത്തിലൂടെ മാത്രമേ ഭാരതത്തെപ്പോലെ മന്വന്തരങ്ങളിലൂടെ കടന്നുവന്ന ഒരു മഹാസംസ്കാരത്തിന്റെ വ്യത്യസ്തമായ തലങ്ങളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍. കൃഷ്ണപിള്ളയുടെ കൃതികള്‍ പുതിയ തലമുറയ്ക്കുള്ള സാധനാപാഠങ്ങളാണ്. വായനാശീലങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഇന്ത്യയൊട്ടാകെ തന്നെ പുസ്തക വില്പന വര്‍ധിക്കുന്ന കാലഘട്ടമാണിത്. ഒരു തലമുറ വായനയിലൂടെ മുന്നോട്ടുപോകുന്നു. ഒരാള്‍ എഴുതുന്നത് പുസ്തകമാകുമ്പോള്‍ സ്വന്തം ഹൃദയത്തിന്റെ അടിത്തട്ടില്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. ആ സംതൃപ്തിയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്. ഒരു എഴുത്തുകാരന് കൈയില്‍ കിട്ടുന്ന ഓരോന്നും, ഒരു വായനയോ, സംഭവമോ, വാര്‍ത്താശകലമോ എന്തായാലും അതൊരിന്ധനമാണ്. പദവികളെല്ലാം ഒരുകാലം കഴിയുമ്പോള്‍ ഇല്ലാതാകും. എന്നാല്‍ കലയും സാഹിത്യവും കാലാതീതമാണ്. എവിടെയും ശൈഥില്യം നിലനില്‍ക്കുമ്പോഴും ഒരു രാജ്യത്തെ ഏറ്റവും ശക്തമായ വിഭാഗം കലയും സാഹിത്യവുമാണ്. വ്യത്യസ്ത ഭാഷകള്‍, വേഷം, മതം, ജാതി, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം ഉണ്ടെങ്കിലും അതിനിടയില്‍ നമ്മെ ഒരുമിപ്പിക്കുന്ന ഏകതയുടെ ഒരു ബീജം ഉണ്ട്. അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് ഭാരതം ശക്തമാകുന്നത്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ഒരേപോലെ കൈകാര്യം ചെയ്തുകൊണ്ട് സാഹ്യത്യത്തില്‍ തന്നെ പന്ഥാവ് വെട്ടിത്തെളിച്ച ആളായിരുന്നു കൃഷ്ണപിള്ളയെന്നും വിട്ടുപോയി മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും എന്‍. കൃഷ്ണപിള്ള ഇന്നും കത്തിജ്വലിച്ച് നില്ക്കുന്ന മാതൃകയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന് പ്രസിഡന്റ് പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ആകാശവാണി തിരുവനന്തപുരം നിലയം
പ്രോഗ്രാം മേധാവി വി. ശിവകുമാര്‍, പ്രഭാത് ബുക്സ് ജനറല്‍ മാനേജര്‍ എസ്. ഹനീഫ റാവുത്തര്‍, ഫേമസ് ബുക്സ് ജനറല്‍ മാനേജര്‍ ജി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍. കൃഷ്ണപിള്ള കലോത്സവം 22 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: