തിരുവനന്തപുരം: സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ. മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബു സിപിഎം ഇടതുപക്ഷ നയത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്നതുള്‍പ്പെടെയുള്ള രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സിപിഎം മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്നും ഇടതുപക്ഷ നയങ്ങളില്‍ വെള്ളംചേര്ക്കുന്നുവെന്നും പ്രകാശ്ബാബു ആരോപിക്കുന്നു.
പ്രകടന പത്രികയ്ക്കപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി കണക്കാക്കുന്ന ചില രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും ഉണ്ട്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും ഒരു വലിയ ജനാധിപത്യ നടപടിക്രമത്തിലൂടെയാണ് അന്തിമമായി രൂപം കൊള്ളുന്നത്. ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനങ്ങളാണ് ആ ജനാധിപത്യ വേദികള്‍. അവിടെ അന്തിമമായി അംഗീകരിക്കുന്ന രാഷ്ട്രീയ നയ സമീപനങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് യാതൊരുവകാശവുമില്ലെന്ന് പിണറായി വിജയനുനേരെ ലേഖനത്തിലൂടെ ഒളിയമ്പെയ്യുന്നു.
പ്രഖ്യാപിത ഇടതുപക്ഷ നയങ്ങളില്‍ വെള്ളംചേര്ക്കേണ്ടുന്ന ഒരു സാഹചര്യവും കേരളത്തിലില്ല. എഡിജിപി എം.ആര്. അജിത്കുമാറിനെ തത് സ്ഥാനത്തുനിന്ന് മാറ്റണം. ആര്‍എസ്എസ് നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഔേദ്യാഗികമായിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും പ്രകാശ്ബാബു ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: