ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തുക എന്നത് 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ആശയമാണ്. 2019 ലും 2024 ലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇത് ചേര്‍ത്തിരുന്നു. അടിക്കടി തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് തടസമുണ്ടാക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സാധുത പരിശോധിക്കാന്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപീകരിച്ചു.
സമിതിയുടെ ശിപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികളുമായും വിദഗ്ധരുമായും ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സമിതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തും. പൊതു തെരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനകം പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടത്തും. ഇതാണ് നിര്‍ദിഷ്ട സംവിധാനം. ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. മോദി സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ത്തന്നെ യാഥാര്‍ത്ഥ്യമാക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.
ബില്‍ ഇരുസഭകളും കടന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തില്‍ അത് നാഴികക്കല്ലാകും.
വികസിത പാതയിലേക്കുള്ള ഭാരതത്തിന്റെ കുതിപ്പിനെ, അടിക്കടിയുള്ള തെരഞ്ഞെടുപ്പുകള്‍ സാരമായി ബാധിച്ചിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒറ്റ തെരഞ്ഞെടുപ്പാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കും. വ്യത്യസ്ത ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉണ്ടാവുന്ന ധനനഷ്ടവും വിഭവനഷ്ടവും വെട്ടികുറയ്‌ക്കാം. ഈ വിഭവങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കാം. ഓരോ തെരഞ്ഞെടുപ്പിനും ഓരോ വോട്ടര്‍ പട്ടികയുണ്ടാക്കുന്നത് അനാവശ്യ കാര്യമാണ്. വര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും ഏതെങ്കിലും തെരഞ്ഞെടുപ്പ് മൂലമുണ്ടാകുന്ന പെരുമാറ്റച്ചട്ടം വികസന പദ്ധതികള്‍ക്ക് വിലങ്ങുതടിയാവും. നല്ല ശതമാനം ഉദ്യോഗസ്ഥര്‍ പലയാവര്‍ത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മാറ്റി നിര്‍ത്തപ്പെടും. ഇതെല്ലാം പരിഹരിക്കാന്‍ ‘ഒറ്റത്തെരഞ്ഞെടുപ്പ് ‘ വഴിതെളിക്കും.
എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റേത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന എന്തിനേയും എതിര്‍ക്കുക എന്ന കേവല സങ്കുചിത രാഷ്‌ട്രീയ താല്‍പര്യം മാത്രമാണ്. അപ്രായോഗികം, ഫെഡറല്‍ സംവിധാനം തകരും, സംഘപരിവാര്‍ അജണ്ട എന്നൊക്കെയുളള പതിവ് മുദ്രാവാക്യങ്ങള്‍ക്കപ്പുറം എതിര്‍പ്പില്‍ കഴമ്പില്ല. 1967 വരെ രാജ്യത്ത് ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയമാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത് എന്ന കാര്യം എതിര്‍പ്പുകാര്‍ മറക്കുന്നു.1959ല്‍ വിമോചനസമരവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ പിരിച്ചു വിട്ടതോടെയാണ് തെരഞ്ഞെടുപ്പ് ഘടന മാറിത്തുടങ്ങുന്നത്. പിന്നീട് കക്ഷികള്‍ തമ്മിലുള്ള കൂറുമാറ്റങ്ങളും പ്രത്യാക്രമണങ്ങളുംമൂലം പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പല ഘട്ടങ്ങളിലേക്ക് മാറുകയായിരുന്നു. 1991 ല്‍ കേരളത്തില്‍ നിയമസഭ- ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ നിയമസഭ ഒരു വര്‍ഷംകൂടി കാലാവധിയുള്ളപ്പോള്‍ സ്വയം പിരിച്ചുവിടുകയായിരുന്നു അന്നത്തെ ഇടത് സര്‍ക്കാര്‍.
അയോധ്യ, 370-ാം വകുപ്പ് തുടങ്ങി പല വിഷയങ്ങളിലും അപ്രായോഗികം എന്ന പ്രതിപക്ഷ നിലപാട് അപ്രസക്തമാകുന്നതാണ് നമ്മള്‍ കണ്ടത്. ഇതിലും അതിന്റെ സൂചനയാണ് കാണുന്നത്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ഭൂരിഭാഗം പാര്‍ട്ടികളും ഈ ആശയം സ്വാഗതം ചെയ്തിട്ടുണ്ട്. ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി, ടിആര്‍എസ്, നവീന്‍ പട്നായിക്, മെഹ്ബൂബ മുഫ്തി എന്നിവരടക്കം പലരും ഈ നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ട്. പാര്‍ലമെന്റില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ബില്‍ പാസ്സാക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: