നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിര്‍മ്മാല്യത്തിനു മുമ്പായി കുളത്തില്‍ കുളി കഴിഞ്ഞ് നിര്‍മ്മാല്യം, വാകച്ചാര്‍ത്ത്, ഉഷപൂജ എന്നീ പൂജകള്‍ യഥാസമയം ദര്‍ശിച്ച് നാലമ്പലത്തിനുള്ളില്‍ (ഭഗവാന്റെ തൃപ്പാദം സങ്കല്‍പ്പിച്ച്) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക.
ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങള്‍ കരുതണം. ഓരോ സമയത്തുമുള്ള പൂജകള്‍ക്കു വേണ്ടി മൈക്കില്‍ വിളിച്ച് അറിയിക്കും. അപ്പോള്‍ പൂജ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. വെളുപ്പിനെ നിര്‍മ്മാല്യം മുതല്‍ രാത്രിയില്‍ നട അടക്കുന്നതു വരെയുള്ള പൂജകള്‍ യഥാസമയം ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണം. പരിമിതികള്‍ ഉള്ളതിനാല്‍ ഓരോ പൂജകളും ശ്രീകോവിലിനുള്ളില്‍ ദര്‍ശിക്കുക അസാധ്യമായതിനാല്‍ കൊടിമരത്തിനു മുന്നില്‍ നിന്ന് ദര്‍ശിച്ച ശേഷം മുന്‍സ്ഥലത്ത് പോയി ഭജനം തുടരണം.
ഭജനം തുടങ്ങിക്കഴിഞ്ഞാല്‍ തീരുംവരെ യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കരുത്. പകരം ഭഗവാന്റെ അന്നദാനം കഴിക്കേണ്ടത്. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതല്‍ ഉത്തമം. കുളത്തില്‍ കുളിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ മുറിയില്‍ കുളി കഴിഞ്ഞ് ഭഗവാന്റെ തീര്‍ത്ഥക്കുളത്തിലെ ജലത്തില്‍ ദേഹശുദ്ധി വരുത്തി വേണം ഭജനമിരിക്കാന്‍.
ശീവേലികളില്‍ ഭഗവാനെ നാമ ജപത്തോടെ അനുഗമിച്ച് ചുറ്റു പ്രദക്ഷിണം വെയ്‌ക്കണം. ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആല്‍വിളക്കിലും ദീപം തെളിയിക്കാന്‍ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാല്‍ നമ്മുടെ മനസ്സിലെ ഇരുട്ട് അകലും. അതിന്‍ കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.
തുടര്‍ന്നുള്ള പൂജകള്‍ ദര്‍ശിക്കുക. അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴല്‍ പൂജ, തൃപ്പുക എന്നിവയും ദര്‍ശിക്കണം. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോള്‍ ശ്രീകോവിലില്‍ ഭഗവാനു നിവേദിച്ച നെയ്യ് മേല്‍ശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കും. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാന്‍. അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം ക്ഷീണമേ തോന്നില്ല. നല്ല ഉണര്‍വ്വും സന്തോഷവും സമാധാനവും ധൈര്യവും അനുഭവപ്പെടുകയും ചെയ്യും. ഭഗവദനുഗ്രഹത്തിന്റെ സൂചനയാണത്.
ഭജനം കഴിഞ്ഞ് പുറത്തു കടന്നാല്‍(നെയ്യ് സേവിച്ച ശേഷം) എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ആഹാരം കഴിക്കാം. ഭഗവാന്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ (ക്ഷേത്ര നട അടക്കുന്നതു) ആണ് ഭജനം ഇരിക്കേണ്ടത്. ഇതാണ് ഒരു ദിവസത്തെ മാതൃകാ ഭജനം. ഭഗവാന്‍ ഭക്തര്‍ക്കു നല്ലതുവരുത്തട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: