World

ഷേഖ് ഹസീന ഇന്ത്യയില്‍ തന്നെ നില്‍ക്കട്ടെയെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

Published by

കൊളംബോ: ബംഗ്ലാദേശില്‍ നിന്നും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷം ഇന്ത്യയിലെ‍ അഭയം തേടി ഷേഖ് ഹസീന ഇന്ത്യയില്‍ തന്നെ നില്‍ക്കട്ടെയെന്ന് മൂന്ന് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെ. ഫസ്റ്റ് പോസ്റ്റ് എന്ന യുട്യൂബ് ന്യൂസ് ചാനലിന്റെ സീനിയര്‍ ജേണലിസ്റ്റായ പല്‍കി ശര്‍മ്മ ഉപാധ്യായയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു റനില്‍ വിക്രമസിംഗെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബംഗ്ലാദേശില്‍ സ്ഥിരത നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഹസീനയുടെ പ്രശ്നം രാഷ്‌ട്രീയപ്രശ്നമാണ്. നിരവധി നേതാക്കള്‍ രാജ്യം വിട്ട് വിദേശരാജ്യങ്ങളില്‍ അഭയം തേടാറുണ്ട്. ഇപ്പോള്‍ ഷേഖ് ഹസീന ഇന്ത്യയിലാണെങ്കില്‍ അവര്‍ ഇന്ത്യയില്‍ നില്‍ക്കട്ടെ. മുഹമ്മദ് യൂനസുമായി താന്‍ സംസാരിച്ചെന്നും സാമ്പത്തിക സ്ഥിരത കൈവരുത്തലാണ് പ്രധാനമെന്നും ബിസിനസ് സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് ഉപദേശിച്ചെന്നും റനില്‍ വിക്രമസിംഗെ പറഞ്ഞു.

ഷേഖ് ഹസീന സ്ഥാനമൊഴിഞ്ഞതോടെ ബംഗ്ലാദേശില്‍ നേതൃപദവിയുടെ കാര്യത്തില്‍ ശൂന്യത നിലനില്ക്കുന്നുണ്ടെന്നും റനില്‍ വിക്രമസിംഗെ പറഞ്ഞു.ഈയിടെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഷേഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ജമാ അത്തെ ഇസ്ലാമി പിന്നില്‍ നിന്നും കരുക്കള്‍ നീക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലാണ് ഷേഖ് ഹസീനയ്‌ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്.

പക്ഷെ സൈന്യം ഷേഖ് ഹസീനയ്‌ക്ക് ഇഷ്ടമുള്ള വിദേശരാജ്യത്തേക്ക് പോകാന്‍ അവസരം നല്‍കി. അതിനെ തുടര്‍ന്നാണ് അവര്‍ ഇന്ത്യയില്‍ എത്തിയത്. യുപിയിലെ ഗാസിയാബാദിലാണ് ഷേഖ് ഹസീന വിമാനം ഇറങ്ങിയത്. പ്രധാനമന്ത്രി മോദി ഷേഖ് ഹസീന ഇന്ത്യയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ പറയാന‍് തയ്യാറായില്ല. മകള്‍ സെയ്മ വസെദിനൊപ്പമാണ് ഷേഖ് ഹസീന ഇന്ത്യയില്‍ താമസിക്കുന്നത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക