തെലുങ്ക് താരം ഷർവ നായകനാവുന്ന 38 – ആം ചിത്രം ഒരുക്കുന്നത് പ്രശസ്ത സംവിധായകനായ സമ്പത്ത് നന്ദി. ‘ഷർവ 38’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ശ്രീ സത്യസായി ആർട്സ് പ്രൊഡക്ഷൻ നമ്പർ 15 എന്ന നിലയിൽ കെ. കെ. രാധാമോഹൻ നിർമ്മിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി രാധാമോഹൻ ആണ്.
1960 കളുടെ അവസാനത്തിൽ, തെലങ്കാന-മഹാരാഷ്‌ട്ര അതിർത്തിയിലെ വടക്കൻ തെലങ്കാനയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ആക്ഷൻ പീരീഡ് ഡ്രാമയായാണ് ഈ ചിത്രം ഒരുക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളും, വൈകാരിക രംഗങ്ങളും ഉൾപ്പെടുത്തി കഥ പറയാൻ പോകുന്ന ചിത്രം വെള്ളിത്തിരയിൽ മുമ്പ് പറയുകയോ ചർച്ച ചെയ്യുകയോ ചെയ്യാത്ത ഒരു പശ്‌ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ചർച്ച ചെയ്യുന്ന വിഷയത്തിന്റെ സാർവത്രിക ആകർഷണം കണക്കിലെടുത്താണ് കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ ചിത്രമായി ഷർവ – സമ്പത്ത് നന്ദി ടീം ഇതൊരുക്കുന്നത്.
വ്യത്യസ്ത മേക്കോവറിലാണ് ഈ ചിത്രത്തിൽ ഷർവ എത്തുക. 1960 കളിലെ ഒരു കഥാപാത്രമായി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രൂപത്തിലാണ് സംവിധായകൻ ഷർവയെ അവതരിപ്പിക്കുക. ഒരു തരിശുഭൂമിയിൽ തീപിടിക്കുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ‘ഷർവ 38’ റിലീസ് ചെയ്യും. ചിത്രത്തിന്റെ താരനിര, സാങ്കേതിക നിര എന്നിവയുടെ കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തും.
രചന- സമ്പത്ത് നന്ദി, ഛായാഗ്രഹണം- സൗന്ദർ രാജൻ എസ്, സംഗീതം- ഭീംസ് സിസിറോളിയോ, കലാസംവിധാനം- കിരൺ കുമാർ മാനെ, പിആർഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: