കൊച്ചി: മണ്ണിന്റെ ഫലഭൂയിഷ്ഠത പരിപോഷിപ്പിച്ച് കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രകൃതി കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂര്‍.
കര്‍ണാടകയിലെ രാമനഗര ശ്രീമഞ്ജുനാഥ കണ്വെന്ഷന് ഹാളില്‍ നാളികേര വികസന ബോര്‍ഡ് സംഘടിപ്പിച്ച ലോക നാളികേര ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ മുന്‍തൂക്കം നല്‍കേണ്ട വിഷയങ്ങള്‍ ഇനിയുമുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഭൂമിയുടെ ഫലഭൂയിഷ്ഠത മോശമായതോടെ മനുഷ്യന്റെ ആരോഗ്യസ്ഥിതിയും മോശമായി. അതിനാല്‍ ഭൂമിയുടെയും മനുഷ്യരാശിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നാം ജൈവ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ നാളികേര ഉത്പാദനക്ഷമതയില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. 19 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 23.28 ലക്ഷം ഹെക്ടറില്‍ പ്രതിവര്‍ഷം 22.28 ബില്യണ്‍ നാളികേരം ഉത്പാദിപ്പിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ നാളികേര ഉത്പാദനത്തിന്റെ 92 ശതമാനവും നിലകൊള്ളുന്നതന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നാളികേര വികസന ബോര്‍ഡ് സിഇഒ ഡോ. പ്രഭാത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബംഗളൂരൂ അഗ്രികള്‍ച്ചറല്‍ സയന്‍സസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എസ്.വി. സുരേഷ, രാമനഗര ജില്ലാ പഞ്ചായത്ത് ഭവന് സിഇഒ ദിഗ്വിജയ് ബോഡ്. കെ ഐഎഎസ്, നാളികേര വികസന ബോര്‍ഡ് നോണ്‍ എക്സി. ചെയര്മാന് സുബ്ബ നാഗരാജന്, മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി. ഹനുമന്ത ഗൗഡ, രാമനഗര ഹോര്‍ട്ടികള്‍ച്ചര്‍ ഡെ. ഡയറക്ടര്‍ എം.എസ്. രാജു എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്കായി തെങ്ങ് കൃഷി രീതിയും സസ്യ സംരക്ഷണവും, മൂല്യവര്‍ദ്ധനവ്, രോഗ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: