ശോഭ കരന്തലജെ
കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക സഹമന്ത്രി
വിവിധങ്ങളായ പരമ്പരാഗത കലകളുടെയും കരകൗശല വസ്തുക്കളുടെയും രാജ്യമാണ് ഭാരതം. ഈ കലകളും കരകൗശല വസ്തുക്കളും നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗം മാത്രമല്ല, നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. മണ്‍പാത്ര നിര്‍മാണം, ബോട്ട് നിര്‍മാണം, ചെരുപ്പ് നിര്‍മാണം തുടങ്ങിയവയില്‍ വ്യാപൃതരായിരിക്കുന്ന കരകൗശല വിദഗ്ധരും കൈത്തൊഴിലാളികളും ചുറ്റുമുള്ള ജന ജീവിതത്തെ സ്പര്‍ശിക്കുകയും ഗ്രാമീണ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സംഭാവനകളും നല്കുകയും ചെയ്യുന്നു ഈ കരകൗശല വിദഗ്ധരും കൈത്തൊഴിലാളികളും അനൗപചാരിക സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. കൈകളും പണിയായുധങ്ങളും മാത്രം ഉപയോഗിച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത്.
ഈ പശ്ചാത്തലത്തില്‍, വിശ്വകര്‍മജര്‍ എന്നറിയപ്പെടുന്ന ഈ കരകൗശല വിദഗ്ധരുടെയും കൈത്തൊഴിലാളികളുടെയും ജീവിതത്തെ നിരവധി ക്രിയാത്മകമായ ഇടപെടലുകളിലൂടെ പരിവര്‍ത്തനം ചെയ്യുന്നതിനായി ഭാരത സര്‍ക്കാര്‍ 2023 ലെ വിശ്വകര്‍മ ജയന്തി ദിനത്തില്‍ പിഎം വിശ്വകര്‍മ പദ്ധതി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കരകൗശല വിദഗ്ധര്‍ക്കും കൈത്തൊഴിലാളികള്‍ക്കും ആദ്യാവസാന പിന്തുണ നല്‍കുന്ന സമഗ്ര പദ്ധതിയാണ് പിഎം വിശ്വകര്‍മ. പദ്ധതിക്കു കീഴില്‍ മരപ്പണിക്കാര്‍, ബോട്ട് നിര്‍മിക്കുന്നവര്‍, പടച്ചട്ട നിര്‍മിക്കുന്നര്‍, ഇരുമ്പുപണിക്കാര്‍, ചുറ്റികയും പണിയായുധപ്പെട്ടിയും നിര്‍മിക്കുന്നവര്‍, താഴ് നിര്‍മിക്കുന്നവര്‍, സ്വര്‍ണപ്പണിക്കാര്‍, മണ്‍പാത്ര നിര്‍മാതാക്കള്‍, ശില്‍പ്പികള്‍, കല്ലുകൊത്തുന്നവര്‍, ചെരിപ്പുകുത്തി/ഷൂ നിര്‍മിക്കുന്നവര്‍/പാദരക്ഷ നിര്‍മിക്കുന്നവര്‍, മേസ്തിരി, കൂട/പായ/ചൂല്‍ നിര്‍മിക്കുന്നവര്‍/കയര്‍ പിരിക്കുന്നവര്‍, പരമ്പരാഗത പാവ-കളിപ്പാട്ട നിര്‍മാതാക്കള്‍, ക്ഷുരകര്‍, ഹാരം നിര്‍മിക്കുന്നവര്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മീന്‍വല നിര്‍മിക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഈ പദ്ധതി ‘സര്‍ക്കാരിന്റെ സര്‍വതോന്മുഖ’ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം, നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ് എന്നീ മൂന്ന് മന്ത്രാലയങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമിടയില്‍ തുടര്‍ച്ചയായ ഏകോപനവും ക്രിയാത്മകമായ സഹകരണവുമുണ്ട് എന്നത്, രാജ്യത്ത് ഇതുവരെ ആരംഭിച്ചതും നടപ്പാക്കിയതുമായ ഏറ്റവും സവിശേഷമായ പദ്ധതികളിലൊന്നായി ഇതിനെ മാറ്റുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ ത്രിതല പരിശോധനാ പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
പദ്ധതിക്കു ലഭിച്ച പ്രതികരണം ആശാവഹമാണ്. 2023ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 11 മാസത്തിനുള്ളില്‍ 2.36 കോടി പേരാണ് പദ്ധതിയുടെ ഭാഗമായത്. ഇതില്‍ 17.16 ലക്ഷം ഗുണഭോക്താക്കള്‍ മൂന്ന് ഘട്ട പരിശോധനാ പ്രക്രിയക്ക് ശേഷം വിജയകരമായി രജിസ്റ്റര്‍ ചെയ്തുവെന്നത് ആവേശം പകരുന്നു.
തനതായ സര്‍ഗാത്മകതയും കഴിവുമുള്ള നിരവധി വിശ്വകര്‍മജരുടെ ആസ്ഥാനമാണ് കര്‍ണാടക. ശില്‍പ്പകല, മരപ്പണി, ചന്ദനക്കൊത്തുപണി, ലോഹപ്പണികള്‍, പാവകളുടെയും കളിപ്പാട്ടങ്ങളുടെയും നിര്‍മാണം തുടങ്ങി വിവിധ കലാരൂപങ്ങളില്‍ അവര്‍ വ്യാപൃതരാണ്. പിഎം വിശ്വകര്‍മ പദ്ധതിക്ക് കര്‍ണാടകത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 28.99 ലക്ഷം പേരാണ് കര്‍ണാടകയില്‍ പദ്ധതിക്കായി താല്‍പ്പര്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 3.93 ലക്ഷം ഗുണഭോക്താക്കള്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്തു. 2 ലക്ഷത്തോളം ഗുണഭോക്താക്കള്‍ അവരുടെ നൈപുണ്യപരിശീലനം പൂര്‍ത്തിയാക്കി, 35,000ത്തിലധികം ഗുണഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ ലഭിച്ചു. മൊത്തം 305.08 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്.
ഈ മേഖലകളില്‍ വ്യാപൃതരായിട്ടുള്ള വിശ്വകര്‍മജര്‍ക്കു ‘സമ്മാന’മേകുന്നതിനും ‘സാമര്‍ഥ്യം’ നവീകരിക്കുന്നതിനും ‘സമൃദ്ധി’ കൊണ്ടുവരുന്നതിനും പദ്ധതി ഊന്നല്‍ നല്‍കുന്നു. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി ഗുണഭോക്താക്കള്‍ക്ക് ‘സമ്മാനം’ നല്‍കും.
‘സാമര്‍ഥ്യം’ കെട്ടിപ്പടുക്കുന്നതിന്, കരകൗശല വിദഗ്ധരുടെയും കൈത്തൊഴിലാളികളുടെയും നൈപുണ്യ വികസനത്തിനു പദ്ധതി വിഭാവനം ചെയ്യുന്നു. ഗുണഭോക്താക്കള്‍ക്ക് അതത് മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ ആറു ദിവസത്തെ പരിശീലനം നല്‍കും. ഗുണഭോക്താക്കള്‍ക്ക് വേതന നഷ്ടപരിഹാരമായി പ്രതിദിനം 500 രൂപ സ്‌റ്റൈപ്പന്റും 1000 രൂപ യാത്രാബത്തയും നല്‍കും. കൂടാതെ, പരിശീലന സമയത്ത് ഗുണഭോക്താക്കള്‍ക്ക് യാത്രാ-താമസ സൗകര്യങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും അതത് മേഖലകളില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിന് പണിയായുധപ്പെട്ടിക്ക് 15,000 രൂപ വരെ ആനുകൂല്യം നല്‍കുന്നു. ഇതിലൂടെ ‘സാമര്‍ഥ്യ’യുടെ മറ്റൊരു വശം ഉറപ്പാക്കുന്നു. എംഎസ്എംഇ മന്ത്രാലയം തപാല്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്, രാജ്യത്തുടനീളം വ്യാപിച്ചിട്ടുള്ള ശൃംഖലയിലൂടെ പണിയായുധപ്പെട്ടികള്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ കൈമാറുന്നുവെന്ന് ഉറപ്പാക്കും.
താങ്ങാനാകുന്ന വായ്പയിലേക്കുള്ള പ്രവേശനവും വിശാലമായ വിപണിപ്രവേശനവും നല്‍കി, ഗുണഭോക്താക്കളുടെ ‘സമൃദ്ധി’ വിഭാവനം ചെയ്യുന്നു. 5 ശതമാനം ഇളവ് പലിശനിരക്കില്‍ ഒരുലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെ രണ്ട് ഗഡുക്കളായി 3 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നല്‍കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കളില്‍നിന്ന് ഗ്യാരണ്ടി നിരക്ക് ഈടാക്കില്ല. കൂടാതെ, ഗുണഭോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കുന്നതിന് പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഓരോ ഡിജിറ്റല്‍ ഇടപാടിനും ക്യാഷ്ബാക്ക് നല്‍കുന്നു. എല്ലാ മാസവും പരമാവധി 100 ഇടപാടുകള്‍ വരെ, ഒരു ഡിജിറ്റല്‍ ഇടപാടിന് 1 രൂപ വീതം നല്‍കും. ഇത് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. ഈ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപണനതന്ത്രം പദ്ധതിയുടെ ഭാഗമാണ്. ഗുണനിലവാര അംഗീകാരം, ബ്രാന്‍ഡിങ്, പരസ്യം ചെയ്യല്‍, പബ്ലിസിറ്റി, മൂല്യശൃംഖലകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മറ്റ് വിപണിപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ വിപണന ഘടകത്തിന് കീഴില്‍ ജിഇഎം, ഒഎന്‍ഡിസി തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ പ്രവേശനവും ഗുണനിലവാര അംഗീകാരവും പ്രോത്സാഹിപ്പിക്കും.
പരമ്പരാഗത കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും സ്വന്തം സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിന് സജ്ജരാക്കുന്നതിലൂടെ, നവ ഭാരതം സൃഷ്ടിക്കുന്നതില്‍ ഈ പദ്ധതി സഹായകമാകും. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നവരെ പിന്തുണയ്‌ക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രശംസനീയമായ ശ്രമമാണിത്. നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയില്‍ വിശ്വകര്‍മജരുടെ ഉയര്‍ച്ചയ്‌ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക