ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന മന്ത്രി മന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ അറിയിച്ചതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആയുഷ് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ എയിംസില്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023- 24ലെ അര്‍ഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്നും വീണാ ജോര്‍ജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം സംസ്ഥാനം ഉന്നയിക്കുന്നതെന്നും നഡ്ഡയെ അറിയിച്ചു.
പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകള്‍ക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങള്‍ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശം നല്കി.
ബിപിഎല്‍ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി. നിലവില്‍ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം വരും. ഇക്കാര്യം പരിഗണിക്കും. ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനവ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നും നഡ്ഡ അറിയിച്ചെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: