ചെന്നൈ: രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കെത്തിയിരിക്കുന്ന ബംഗ്ലാദേശിനെതിരായ ഭാരതത്തിന്റെ ആദ്യ മത്സരം വ്യാഴാഴ്ച തുടങ്ങും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമാണ് ഭാരതം ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഇതിന് മുമ്പ് ഭാരതത്തിന്റെ പരമ്പര നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. ബംഗ്ലാദേശ് ആകട്ടെ പാകിസ്ഥാനെ അവരുടെ നാട്ടില്‍ രണ്ട് മത്സര പരമ്പര സമ്പൂര്‍ണമായി പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ്.
ഭാരതം നിലവില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഏറ്റവും മുകളിലാണ്. പാകിസ്ഥാനെതിരായ പരമ്പര നേട്ടത്തോടെ ബംഗ്ലാദേശ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
ബംഗ്ലാദേശിനെതിരായ വിജയത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ഭാരത നായകന് രോഹിത് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായി ചെന്നൈയില്‍ അനുവദിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. സമീപകാലത്തെ ബംഗ്ലാദേശിന്റെ മികച്ച പ്രകടനത്തെ പറ്റിയായിരുന്നു ചോദ്യം. ഇതിന് മുമ്പ് ഇംഗ്ലണ്ട് എന്തെല്ലാം പറഞ്ഞുകൊണ്ടാണ് വന്നത്, എന്നിട്ട് പരമ്പരയുടെ ഫലം എങ്ങനെയായിരുന്നുവെന്ന് എല്ലാവരും കണ്ടതല്ലേ എന്ന് രോഹിത് തിരിച്ചു ചോദിച്ചു. ബംഗ്ലാദേശ് എത്ര ശക്തരുമായിക്കൊള്ളട്ടെ മികച്ച ഫലം പുറത്തുകൊണ്ടുവരാനാണ് തീരുമാനം. ഇംഗ്ലണ്ടിനെതിരെ മികച്ച ഫലം ലക്ഷ്യവച്ച് നീങ്ങി അത് അനുകൂലമാകുകയും ചെയ്തു- രോഹിത് ഓര്‍മ്മിപ്പിച്ചു.
ഈ മാസം 27നാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: