ചെന്നൈ: തൊഴിലും പണവുമില്ലാതെ പട്ടിണിമൂലം ചെന്നൈയില്‍ കുടുങ്ങിയ, പശ്ചിമ ബംഗാളില്‍ നിന്നുള്ള 12 തൊഴിലാളികള്‍ക്ക് ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ സഹായഹസ്തം.
കേരളത്തില്‍ നിന്ന് കൊല്കത്തയിലേക്കുള്ള യാത്രയ്ക്കിടെ ചെന്നൈയിലെത്തിയ ഗവര്‍ണര്‍ വിവരമറിഞ്ഞയുടന്‍ അവര്‍ക്ക് അടിയന്തരസഹായമെത്തിക്കുന്നതിന് നിര്‍ദ്ദേശം നല്കി.
ബംഗാളില്‍ നിന്നുള്ള 12 തൊഴിലാളികളാണ് ചെന്നൈയില്‍ അവശനിലയില്‍ കുടുങ്ങിയത്. വിശപ്പ് കാരണം റെയില്‍വേ സ്റ്റേഷനില്‍ തളര്‍ന്നുവീണ അഞ്ചുപേരെ ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴുപേരെ ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ അവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ ഗവര്‍ണര്‍ ബോസ്, ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അവര്‍ക്കെല്ലാം അടിയന്തര ധനസഹായം അനുവദിക്കുകയും ചെയ്തു.
പ്രാദേശിക അധികാരികളുമായും ചെന്നൈ കോര്‍പ്പറേഷനിലെ സിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ.ജഗദീശനുമായും കൂടിയാലോചിച്ച് അവരുടെ പുനരധിവാസം ഏകോപിപ്പിക്കാന്‍ ഗവര്‍ണറുടെ നിയമോപദേശകയായ അഡ്വക്കേറ്റ് ഗോപിക നമ്പ്യാരെ അദ്ദേഹം ചുമതലപ്പെടുത്തി.
ഗണേഷ് മിധ (52) അസിത് പണ്ഡിറ്റ് (47), സത്യ പണ്ഡിറ്റ് (42), മാണിക് ഘോറോയ് (50), സമര് ഖാന് (35) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അജിത് മൊണ്ടല്‍ (31), റാബിറായി (59), സനാതന്‍ ദാസ് (44), ശിശിര്‍ മണ്ടി (31), കാബൂള്‍ ഖാന് (43), അനുപ്രായ് (31) കാളിപാദ പണ്ഡിറ്റ് (49) എന്നിവര്‍ അഭയകേന്ദ്രത്തിലും.
ആശുപത്രിയില്‍ കഴിയുന്ന മൂന്ന് രോഗികള്‍ക്ക് 25,000 രൂപ വീതം നല്കി. രണ്ടു രോഗികളുടെ നില ഗുരുതരമായതിനാല്‍ അവര്‍ക്കുള്ള ധനസഹായം (25,000 രൂപ വീതം) ആര്.എം.ഒയ്ക്ക് കൈമാറി. നഗരസഭയുടെ അഭയകേന്ദ്രത്തില്‍ കഴിയുന്ന ഏഴുപേര്‍ക്ക് 10,000 രൂപ വീതം നല്കി.
ഏഴു പേരും ബംഗാളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചതനുസരിച്ച് അവര്‍ക്കുള്ള ടിക്കറ്റ് ചിലവ് വഹിക്കാനും ഗവര്‍ണര്‍ സഹായം അനുവദിച്ചു. അവര്‍ നാട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോര്പ്പറേഷന് ഒരു കോണ്‍സ്റ്റബിളിനെ ഏര്‍പ്പാട് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: