തൃശൂര്‍: തൃശൂരില്‍ പുലിക്കളി സംഘങ്ങള്‍ അവസാന വട്ട ഒരുക്കത്തില്‍. തൃശൂരിന്റെ മുഖമായ പുലിക്കളിക്കായി ഇക്കുറി ഏഴ് സംഘങ്ങളാണ് രംഗത്തെത്തുന്നത്. മുഖ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ഇതോടെ ചായമരക്കല് തുടങ്ങിയിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്. ഓണം കഴിഞ്ഞതോടെയാണ് പുലിക്കളി സംഘങ്ങള്‍ അവസാനഘട്ട ഒരുക്കങ്ങള്‍ വേഗത്തിലാക്കിയത്. ഇത്തവണയും സര്‍പ്രൈസ് പുലികള്‍ സ്വരാജ് ഗ്രൗണ്ടില്‍ ഇറങ്ങുമെന്നാണ് പുലിക്കളി സംഘങ്ങള്‍ നല്കുന്ന ഉറപ്പ്.
വേഷവിധാനങ്ങളിലെ വ്യത്യസ്തത കൊണ്ട് വന്ന് കൈയടി നേടുകയാവും കൂടുതല്‍ പുലിക്കളി സംഘങ്ങളുടെയും ലക്ഷ്യം. മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും പെണ്‍പുലികളും കുട്ടിപുലികളും വിവിധ ദേശങ്ങള്‍ക്കായി രംഗത്തിറങ്ങും എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ കാണികളും ആവേശത്തിലാണ്. 35 മുതല്‍ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലും ഉണ്ടാവുക. പുലി വേഷം കെട്ടുന്നവരുടെ ശരീരത്തില്‍ തേയ്ക്കാനുളള നിറക്കൂട്ടുകള്‍ ദേശങ്ങള്‍ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം വിവിധ ഇടങ്ങളില്‍ ഒപ്പം ചമയ പ്രദര്‍ശനവും ആരംഭിച്ചു. നാളെയാണ് തൃശൂര്‍ റൗണ്ടില്‍ പുലിക്കളി നടക്കുക. ഇതിനായി കാത്തിരിക്കുകയാണ് സകല ദേശക്കാരും പുലിക്കളി പ്രേമികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: