ആലപ്പുഴ: മലയാള നാടക-സിനിമാ രംഗത്തെ അതികായനായിരുന്ന എസ്എല്‍ പുരം സദാനന്ദന്റെ പത്തൊമ്പതാം ഓര്‍മ്മദിനം ആരും അറിയാതെ കടന്നു പോയി. ഒരു കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അദ്ദേഹത്തെ വിസ്മരിച്ചു. നിരവധി പ്രസിദ്ധമായ നാടകങ്ങളും, സിനിമകളും അദ്ദേഹത്തിന്റെ തൂലികയിലാണ് പിറവിയെടുത്തത്.
ആലപ്പുഴ ജില്ലയില്‍ എസ്എല്‍ പുരത്ത് ഇടത്തരം കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും കലാരംഗത്ത് താല്പര്യം കാണിക്കുകയും ചെയ്തിരുന്നു. ആദ്യനാടകമായ ‘കുടിയിറക്ക്’ എഴുതുമ്പോള്‍ 17 വയസ്സ് മാത്രമായിരുന്നു പ്രായം. നാടകരംഗത്തു സജീവമായ അദ്ദേഹം എസ്എല്‍പുരത്ത് ‘കല്പന’ തീയേറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ചു. ഒരാള്‍ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യന് തുടങ്ങിയ നാടകങ്ങള്‍ വളരെ ജനശ്രദ്ധ നേടി. 1962-ല്‍ ‘ശ്രീകോവില്‍’ എന്ന ചിത്രത്തിനുവേണ്ടി തിരക്കഥാ, സംഭാഷണങ്ങള്‍ നിര്‍വഹിച്ച് അദ്ദേഹം സിനിമാരംഗത്തേക്കു കടന്നു വന്നു. മലയാളത്തിന് ഏറ്റവും നല്ല സിനിമയ്ക്കുള്ള ആദ്യ സ്വര്‍ണമെഡല്‍ നേടിത്തന്ന ‘ചെമ്മീനി’ന്റെ തിരക്കഥാകൃത്തും അദ്ദേഹം ആയിരുന്നു. നല്ല തിരക്കഥാകൃത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളിയും അദ്ദേഹം തന്നെ. ‘അഗ്നിപുത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് ദേശീയ അവാര്‍ഡ് കിട്ടിയത് രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ ‘കാവ്യമേള’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയതും ഇദ്ദേഹമാണ്.
പിന്നീടാണ് അദ്ദേഹം ‘സൂര്യസോമ’ തിയേറ്റേഴ്സ് സ്ഥാപിക്കുന്നത്. മലയാള നാടകരംഗത്തു ചരിത്രം സൃഷ്ടിച്ച ‘കാട്ടുകുതിര’എന്ന നാടകം സൂര്യസോമയുടേതാണ്. 2000ത്തില്‍ പുറത്തിറങ്ങിയ ‘കല്ലുകൊണ്ടൊരു പെണ്ണ്’ വരെ 58 സിനിമകള്‍ക്ക് കഥയെഴുതി. 99 സിനിമകള്‍ക്ക് തിരക്കഥയും, 126 സിനിമകള്‍ക്ക് സംഭാഷണങ്ങളും രചിച്ചു. ‘അഗ്നിശുദ്ധി’ എന്ന നോവലും ‘ആയിരം വര്‍ണങ്ങള്‍’ എന്ന ഓര്‍മ്മക്കുറിപ്പും എഴുതിയിട്ടുണ്ട്. 2005 സപ്തംബര്‍ 16ന് എഴുപത്തിയൊമ്പതാം വയസിലായിരുന്നു അന്ത്യം. ഓര്‍മ്മ ദിനത്തില്‍ കുടുംബത്തോടൊപ്പം അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തത് ഏതാനും ചില കലാസ്നേഹികള്‍ മാത്രമാണ്.
ഭാര്യ ഓമന, മക്കള്‍: ചലച്ചിത്രസംവിധായകനായ ജയസൂര്യയും, നടനും, സിനിമാ, നാടക പ്രവര്‍ത്തകനുമായ ജയസോമയും. തന്റെ രചനയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തിച്ച എസ്എല്‍ പുരത്തോട് നന്ദികേടാണ് പ്രസ്ഥാനവും നേതാക്കളും പിന്നീട് കാട്ടിയത്. പലതവണ അദ്ദേഹത്തോടുള്ള അവഗണനയ്ക്കെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിന് പരസ്യമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: