അമരാവതി: മുംബൈ സ്വദേശിയായ നടിയുടെ പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തെന്നും തടവില്വച്ചെന്നും ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് നടപടി. ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള പി.എസ്.ആര്. ആഞ്ജനേയുലു, ഐജി റാങ്കിലുള്ള കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗണ്ണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വൈഎസ് ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചതായാണ് മുംബൈ സ്വദേശിയായ നടി പരാതിപ്പെട്ടിരിക്കുന്നത്, ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
മുംബൈ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനെതിരെ താന്‍ നേരത്തെ നല്കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജഗന്റെ കാലത്ത് ആന്ധ്ര പോലീസ് ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു. കാന്തി റാണാ ടാറ്റയെയും വിശാല്‍ ഗണ്ണിയയും വിളിച്ച് ജനുവരി 31ന് നടിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന കുറ്റമാണ് അന്ന് സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്ന പിഎസ്ആര്‍ ആഞ്ജനേയുലുവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്താണ് അദ്ദേഹം കേസില്‍ ഇടപെടല്‍ നടത്തിയതെന്നാണ് ആരോപണം. മതിയായ അന്വേഷണം നടത്താതെ നടിയെ അറസ്റ്റ് ചെയ്തതിനാണ് മറ്റു രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സസ്പെന്ഷന്. വെള്ളിയാഴ്ചയാണ് നടി ഇബ്രാഹിംപട്ടണം ജില്ലാ പോലീസ് സ്റ്റേഷനില്‍ വ്യാജ കേസെടുത്തെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍െപ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെതന്നെ നടപടിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: