Kerala

ഒടുവില്‍ സമ്മതിച്ചു; കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് പി ജയരാജന്‍

Published by

കണ്ണൂര്‍: കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജയരാജന്‍. ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയരാജന്‍ പറഞ്ഞത്. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിനും സിപിഎമ്മിനും എതിരായ രൂക്ഷ വിമര്‍ശനം കൂടിയാണ്.

ജയരാജന്‍ എഴുതുന്ന പുസ്തകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. കണക്കുകള്‍ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചില്‍.

ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്‌ട്രീയ വാദികളാണെന്നും അഭിമുഖത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള നാലു ചെറുപ്പക്കാരെ കുറിച്ചും ജയരാജന്‍ സംസാരിക്കുന്നുണ്ടണ്ട്. ജയരാജന്റെ പുസ്തകങ്ങളില്‍ കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകരസംഘടകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമര്‍ശനുമുണ്ടാകുമെന്നും അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും സിപിഎം നേതാവ് പറയുന്നു. ജനാധിപത്യ രീതിയില്‍ വിമര്‍ശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജന്‍ വ്യക്തമാക്കുന്നുണ്ട്.

2015ല്‍ കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ അന്ന് അത് പുച്ഛിച്ച് തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാര്‍ അജണ്ടയെന്ന് പറഞ്ഞ് സിപിഎം തളളുകയും ചെയ്തിരുന്നു.

ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം മൂടിവെച്ച സത്യങ്ങളാണ് ജയരാജന്റെ വാക്കുകളിലൂടെ പുറത്ത് വന്നത്. ഇസ്ലാമിക തീവ്രവാദത്തിന് സിപിഎം കുടപിടിക്കുകയാണെന്ന വിമര്‍ശനം കാലങ്ങളായി നിലനില്‍ക്കുകയാണ്. നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ജയരാജന്റെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സിപിഎമ്മില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പി.വി. അന്‍വര്‍, കെ.ടി. ജലീല്‍ വിഭാഗം മുസ്ലീം വര്‍ഗീയ രാഷ്‌ട്രീയം പാര്‍ട്ടിയില്‍ കൊണ്ടുവരുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാകുന്നതിനിടയിലാണ് കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് പാര്‍ട്ടി നേതാവ് സ്ഥിരീകരിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by