കോട്ടയം: രണ്ടിടി കൊടുത്ത് പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാമെന്നു വച്ചാല്‍ ഇനിയതിനു കഴിയില്ല. പഴയ മര്‍ദ്ദനമുറകള്‍ ഉപേക്ഷിച്ച് കൂടുതല്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍ രീതി പോലീസ് മേലില്‍ അനുവര്‍ത്തിക്കേണ്ടി വരും. പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടുന്ന സാഹചര്യമാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് വഴി സൃഷ്ടിക്കപ്പെട്ടത്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കു പോലും ഇനി ഇടികൊടുക്കാന്‍ പോലീസിനാവില്ല. അല്ലെങ്കില്‍ സിസിടിവി ഇല്ലാത്ത ഇടങ്ങളില്‍ കൊണ്ടുപോയി ഇടിക്കണം. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പോലീസില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കമ്മിഷന്റെ ഉത്തരവ് പോസിറ്റീവായി കാണാമെങ്കില്‍ പോലും പ്രതികളോട് കയര്‍ത്തു സംസാരിക്കാന്‍ പോലും ആകാത്ത വിധം കുരുക്കില്‍ പെട്ടിരിക്കുകയാണെന്ന് പൊലീസ് കരുതുന്നു.
40 കോടിയോളം രൂപ ചെലവിട്ട് 520 പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണെങ്കില്‍ കൂടി കേസുകളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാണ് മുഖ്യമായും ഇതു സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത്. എന്നാലിത് പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന സാഹചര്യം പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍.
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ കരുതല്‍ പാലിക്കണമെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: