സ്വര്‍ഗ്ഗീയ മാധവ്ജിയുടെ ഓര്‍മ്മകള്‍ മലയാളമനസ്സില്‍ തിടംവെച്ചുയരാന്‍ പാകത്തിന് മൂന്നു പുസ്തകങ്ങള്‍ പുറത്തുവരികയാണ്. ഗ്രന്ഥപ്രസാധനത്തെ സാംസ്‌കാരികപ്രവര്‍ത്തനമായി ഏറ്റെടുത്തിരിക്കുന്ന കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന ‘രാഷ്‌ട്രചൈതന്യരഹസ്യം’, ‘ആത്മചൈതന്യരഹസ്യം’, ‘മാധവചൈതന്യം’ എന്നീ മൂന്ന് രചനകള്‍ എന്റെ മുന്നിലിരിക്കുന്നു. ഈ പുസ്തകങ്ങളുടെ പ്രകാശനം പത്തൊമ്പതാം തീയതി കൊച്ചിയില്‍ നടക്കുന്ന വേളയില്‍, മാധവ്ജി അനുസ്മരണപ്രഭാഷണം നടത്താന്‍ ചുമതലപ്പെട്ടതിനാല്‍ ഈ പുസ്തകങ്ങളിലൂടെ മുന്‍കൂറായി ഒന്നു കടന്നുപോകേണ്ട സാഹചര്യമുണ്ടായി.
‘രാഷ്‌ട്രചൈതന്യരഹസ്യം’ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരിക ലേഖനങ്ങളുടെ സമാഹാരമാണ്; ‘ആത്മചൈതന്യരഹസ്യം’ താന്ത്രിക-വേദാന്ത പഠനങ്ങളുടെ സമാഹാരവും. മൂന്നാമതു ഗ്രന്ഥമായ ‘മാധവചൈതന്യം’ അദ്ദേഹത്തെ കൂടെനടന്ന്, അടുത്തു കണ്ടറിഞ്ഞ 34 പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ്. എനിക്ക് ഏറെയടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തോട്. മാധവ്ജി ചൊല്ലിത്തരികയും കാട്ടിത്തരികയും ചെയ്ത പാഠങ്ങള്‍ എന്നും നമ്മെ മുന്നോട്ടു നയിക്കുന്നതാണ്. പക്ഷേ, ഈ പുസ്തകങ്ങളിലൂടെ കടന്നുപോയപ്പോള്‍ മറ്റൊരനുഭവം! അടുത്തു കണ്ടപ്പോഴൊക്കെ ആഹ്ലാദവും ആദരവുമായിരുന്നു അനുഭവിച്ചത്. എന്നാലിന്ന്, പതിറ്റാണ്ടുകള്‍ക്കു മുമ്പ് അദ്ദേഹം എഴുതിവച്ചിട്ടുപോയ ഈ രചനകള്‍ വായിക്കുമ്പോള്‍ ആദരവിനോടൊപ്പം അത്ഭുതവും മനസ്സിനെ പൊതിയുന്നു! നമുക്ക് എത്രയോ മുന്‍പേ നടന്ന രാഷ്‌ട്രസ്വയംസേവകനായിരുന്നു മാധവ്ജി !
എങ്ങനെയാണ് ഈ ചരിത്രപുരുഷന്‍ കേരളചരിത്രത്തില്‍ അടയാളപ്പെടുന്നത്? മാധവ്ജി ഒന്നാമതായി, ഡോക്ടര്‍ജി രൂപംകൊടുത്ത രാഷ്‌ട്രീയ സ്വയംസേവകസംഘം എന്ന പ്രസ്ഥാനത്തിന്റെ പൂര്‍ണപ്രവര്‍ത്തനവ്രതിയായി ജീവിതം സമര്‍പ്പിച്ച സ്വയംസേവകനായിരുന്നു. സംഘസ്വയംസേവകവൃത്തിയിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച നവോത്ഥാനനായകര്‍ ആധുനിക ഭാരതചരിത്രത്തില്‍ ധാരാളം പേരുണ്ട്. ഗ്രാമോദ്ധാരണം, സ്ത്രീശാക്തീകരണം, ആദിവാസി പുനരുജ്ജീവനം, പ്രകൃതികൃഷി, മതനവോത്ഥാനം എന്നീ രംഗങ്ങളിലും രാഷ്‌ട്രീയരംഗത്തുമെല്ലാം ഉജ്ജ്വല കര്‍മ്മപ്രതിഭ പ്രദര്‍ശിപ്പിച്ച നിരവധി സ്വയംസേവകജീവിതങ്ങളെ സ്വാതന്ത്ര്യാനന്തര ഭാരതചരിത്രത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്. അവര്‍ക്കിടയില്‍ എന്താണ് മാധവ്ജിയുടെ സ്ഥാനം? തീര്‍ച്ചയായും അത് രാഷ്‌ട്രീയത്തെയും ആത്മീയതയെയും ഒന്നിപ്പിക്കാനായി സംസ്‌കാരപഠനത്തില്‍ അദ്ദേഹം വെട്ടിത്തെളിച്ച തനതു വഴിയിലാണ് കുടികൊള്ളുന്നത്. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പലപ്പോഴും വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് രാഷ്‌ട്രീയ-സാമ്പത്തിക കാഴ്‌ച്ചപ്പാടിലാണ്. എന്നാല്‍ നാം നിത്യേന നേരിടുന്ന സാംസ്‌കാരിക- സാമ്പത്തിക-രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ അടിയില്‍ കിടക്കുന്ന ധാര്‍മികപ്രശ്‌നങ്ങളെന്തെന്ന് ചിന്തിക്കാനാണ് മാധവ്ജി തുനിഞ്ഞത്. കാരണം മനുഷ്യന്‍ ജീവിതം കൈകാര്യം ചെയ്യുമ്പോളുണ്ടാകുന്ന ധാര്‍മികമായ പാകപ്പിഴകളാണ് രാഷ്‌ട്രീയമായ ച്യുതികളിലേക്കും സാമൂഹികമായ തകര്‍ച്ചയിലേക്കും അവനെയും സമൂഹത്തെയും നയിക്കുന്നത് എന്ന് നമ്മുടെ പല നവോത്ഥാനശില്പികളെയും പോലെ മാധവ്ജിയും തിരിച്ചറിഞ്ഞു. തന്റെ ദൈനംദിന പ്രവര്‍ത്തനപദ്ധതിയില്‍ അതിന് എങ്ങനെ പരിഹാരം കാണാം എന്നതായി അദ്ദേഹത്തിന്റെ അടുത്ത ചിന്ത. അവിടെ അദ്ദേഹം മുന്‍പാരും കണ്ടിട്ടില്ലാത്ത മാതൃകയും വഴിയും കാട്ടിത്തന്നു! ഒരു കവിയേക്കാള്‍ സര്‍ഗാത്മക സ്വാതന്ത്ര്യത്തോടെയാണ് അദ്ദേഹം രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അന്വേഷണത്തിന്റെ നിര്‍ഭയത്വമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. പാരമ്പര്യജ്ഞാനത്തിലും സംഘദര്‍ശനത്തിലുമുള്ള ഉറച്ച അടിത്തറ ആ നിര്‍ഭയ ജ്ഞാനതീര്‍ത്ഥാടനത്തെ കൂടുതല്‍ സാക്ഷാത്കാരസമ്പന്നമാക്കി. അതിന്റെ അക്ഷരസാക്ഷ്യങ്ങളാണ് ഈ മൂന്നു പുസ്തകങ്ങളും.
നമ്മുടെ സാമൂഹികജീവിതത്തെയും അതിന്റെ കൗടുംബികമായ അധിഷ്ഠാനങ്ങളെയും എങ്ങനെ വിശ്വപ്രകൃതിയുടെ സനാതനധര്‍മ്മത്തില്‍ ഉറപ്പിക്കാം എന്നു കാട്ടിത്തരുന്ന പാഠങ്ങള്‍ കേരളപശ്ചാത്തലത്തില്‍ മറ്റാരും പറഞ്ഞിട്ടില്ലാത്തവയുമാണ്. രാഷ്‌ട്രചൈതന്യരഹസ്യത്തിലെ ‘രാഷ്‌ട്രവും രാഷ്‌ട്രസ്വത്വവും’ എന്ന ആദ്യഖണ്ഡത്തില്‍ 9 പ്രബന്ധങ്ങളുണ്ട്. സത്യത്തില്‍ യഥാര്‍ത്ഥ ‘ഇന്ത്യയെ കണ്ടെത്തല്‍’ തന്നെയാണ് ഇതില്‍ നടക്കുന്നത്. ഭാരതത്തിന്റെ ഭൂപരമായ ഏകത അതിനെ എങ്ങനെ ഒരു യോഗശരീരമാക്കി തീര്‍ക്കുന്നു, ഇതെങ്ങനെ ആസേതുഹിമാചലം ഭൂമിയില്‍തന്നെ വ്യത്യസ്തതയാര്‍ന്ന ഒരു ജീവിതസംസ്‌കാരത്തിന് ജന്മംനല്‍കി, ഈ ജീവിതസംസ്‌കാരം പാവപ്പെട്ട ജനതതിയുടെ സ്വകാര്യജീവിതത്തില്‍ പോലും എങ്ങനെയാണ് ഈശ്വരനെയും പ്രകൃതിയെയും ബന്ധിപ്പിച്ചത് എന്നെല്ലാമുള്ള ചോദ്യങ്ങളുടെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ വിശകലനങ്ങള്‍ ഈ ഭാഗം ഉള്‍ക്കൊള്ളുന്നു. ആധുനിക ചരിത്രവിജ്ഞാനത്തിന്റെ മാത്രമല്ല, മോഡേണ്‍ ഫിസിക്‌സിന്റെയും ഭാരതീയ പുരാണവിജ്ഞാനത്തിന്റെയും അത്ഭുതകരമായ മേളലയമാണ് ഇവിടെ നാം അനുഭവിക്കുന്നത്! ഈ ഖണ്ഡത്തിലെ ‘ഭാരതചരിത്രരചന: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന ലേഖനം അരനൂറ്റാണ്ട് മുമ്പെഴുതിയതാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല! ‘അടിത്തട്ടില്‍നിന്നുള്ള ചരിത്രരചന’ (history from below) എന്ന നവചരിത്രപദ്ധതി ഉപയോഗിച്ച്, സായിപ്പുമാര്‍ കെട്ടിപ്പടുത്ത വ്യാജചരിത്രനിര്‍മിതികളെ എങ്ങനെ തിരുത്തിയെടുക്കാം എന്നതിന്റെ പ്രവര്‍ത്തന ബ്ലൂപ്രിന്റ് ആണ് ഈ ലേഖനം.
ഈ ഗ്രന്ഥത്തിലെ രണ്ടും മൂന്നും ഭാഗങ്ങള്‍ യഥാക്രമം സംഘദര്‍ശനത്തിന്റെയും കേരളത്തിലെ ഹിന്ദുസംഘടനാചരിത്രത്തിന്റെയും ചരിത്രവിശകലനമാണ്; ഭാഗം നാല്, മാര്‍ക്‌സിസത്തിന്റെ വിമര്‍ശനാത്മക പഠനങ്ങളും. ഇതിലൂടെ ഭാരതത്തിലിന്ന് വൈജ്ഞാനികമായി മേല്‍ക്കൈ നേടാന്‍ പൊതുജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മുഖ്യ ആശയധാരകളെ നേര്‍ക്കുനേര്‍ നിര്‍ത്തി മാധവ്ജി പരിശോധിക്കുന്ന കാഴ്ച അസാമാന്യമായ ഉള്‍ക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നുതരും – മറ്റൊരിടത്തും കിട്ടാത്തവിധം.
ആത്മീയ-വേദാന്ത ലേഖനങ്ങളുടെ സമാഹാരമായ ‘ആത്മചൈതന്യരഹസ്യ’വും ഇതേപോലെ നമ്മിലെ വായനക്കാരനെ അമ്പരപ്പിക്കുന്നു. ആ ജ്ഞാനാന്വേഷണങ്ങളുടെ ഗംഭീര ബാക്കിപത്രങ്ങളായ 19 ലേഖനങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ഇവയില്‍ ഭാരതീയ പഞ്ചഭൂതദര്‍ശനം, ഗുരു സങ്കല്പം, മന്ത്രശാസ്ത്രം, മന്ത്രദീക്ഷാവിധികള്‍, മന്ത്രസാധനയുടെ മനഃശാസ്ത്രപശ്ചാത്തലം, ഭാഷയും മന്ത്രശാസ്ത്രവും, ജ്യോതിഷവും കോസ്‌മോളജിയും തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. ഈ ലേഖകന്റെ പരിമിതമായ ആധ്യാത്മികധാരണകള്‍ വച്ചുപറയട്ടെ, ഇതിലെ പല പുത്തന്‍ ഉപദര്‍ശനങ്ങളും പുത്തന്‍ അന്വേഷണപഥങ്ങളിലേക്ക് നമ്മെ നയിക്കുന്നവയാണ്. സ്വര്‍ഗ്ഗീയ ഹരിയേട്ടന്റെ അവതാരികയിലെ ഒരു ഭാഗം ഉദ്ധരിക്കാം: ‘ഭാരതീയ മതചിന്തയുടെ മൗലികസ്വഭാവം വിശദീകരിക്കുന്നതോടൊപ്പം അതിനെ പാശ്ചാത്യ ശാസ്ത്രീയസിദ്ധാന്തങ്ങളോട് താരതമ്യം ചെയ്തു പരിശോധിക്കുകയും ചെയ്യുന്ന സമീപനമാണ് എല്ലാ ലേഖനങ്ങളിലും മാധവ്ജി കൈക്കൊള്ളുന്നത്. അദ്ദേഹത്തിന്റെ ശാസ്ത്രീയമായ വിശകലനപദ്ധതി ശാസ്ത്രീയതയ്‌ക്ക് വഴങ്ങാത്തതെന്ന് പൊതുവേ കരുതപ്പെടുന്ന ദേവതാതത്ത്വവിശകലനത്തില്‍ പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഈ സമാഹാരത്തിലെ വിഷ്ണു-ദുര്‍ഗ-ശിവ-സുബ്രഹ്മണ്യ തത്വങ്ങള്‍ വിശദീകരിക്കുന്ന പ്രബന്ധങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. ‘പ്രാണനും ഔഷധവീര്യവും ഭാരതീയ ദൃഷ്ടിയില്‍ ‘ എന്ന ലേഖനം മാധവ്ജിയുടെ അനന്യവും ഗംഭീരവുമായ അന്വേഷണബുദ്ധി വെളിവാക്കുന്നുവെന്നേ പറയേണ്ടൂ! എല്ലാ അര്‍ത്ഥത്തിലും നമ്മുടെ ആരാധനാപദ്ധതിയെ ശാസ്ത്രീയമായി പുനര്‍നിര്‍വചിച്ച ‘ക്ഷേത്രചൈതന്യരഹസ്യം’ എന്ന മഹത് രചനയുടെ തലത്തിലേക്ക് ഉയരുന്നവയാണ് ഈ ‘ആത്മചൈതന്യരഹസ്യ’ത്തിലെ ഓരോ രചനയും’ – ഈ അഭിനന്ദനത്തില്‍ ഒരു വാക്കുപോലും കൂടുതലില്ലെന്ന് ഗ്രന്ഥം വായിക്കുമ്പോള്‍ നമുക്കും മനസ്സിലാകും.
ദേവതാതത്വങ്ങളുടെയും ആരാധനച്ചിട്ടകളുടെയും ഗൂഢാര്‍ത്ഥം മാധവ്ജി അഴിച്ചെടുക്കുന്നത് അസാമാന്യ വൈഭവത്തോടെയാണ്. ഈ വൈഭവം എങ്ങനെയദ്ദേഹം നേടി എന്നുകൂടി നാം ചിന്തിക്കണം. അതാണ് പ്രധാന കാര്യം. മാധവ്ജി തന്ത്രശാസ്ത്രത്തെയും ശാസ്ത്രങ്ങളെയും ഗ്രന്ഥങ്ങളിലൂടെ മാത്രം പഠിച്ച ‘ചാരുകസാല പണ്ഡിതന്‍’ ആയിരുന്നില്ല. വേണ്ടത്ര ഗ്രന്ഥവിജ്ഞാനം അദ്ദേഹം പലവഴിക്ക് നേടിയിരുന്നു എന്നതു സത്യമാണ്. എന്നാല്‍ തന്റെ അക്ഷീണമായ സ്വയംസേവകജീവിതത്തിലൂടെ ഭാരതീയമായ ആധ്യാത്മികചിന്തകളുടെ നാടന്‍വേരുകള്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം നേരിട്ട് കണ്ടുപഠിച്ചറിഞ്ഞു. ആ വേരുകളുടെ ബലവും ശോഷണവും എങ്ങനെയൊക്കെയെന്നും ചരിത്രപരമായി ബോധ്യപ്പെട്ടു. അവയെ എങ്ങനെ കാലാതീതമായി നിലനിര്‍ത്തണമെന്നും പ്രായോഗികമായി ചിന്തിച്ചു. ഈ വഴിയിലെ തനതു ബോധ്യങ്ങളാണ് മറ്റെല്ലാ ആധ്യാത്മിക ശാസ്ത്രപണ്ഡിതന്മാരില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഈ വ്യത്യസ്തത തന്നെയാണ് നാമെല്ലാം ആദരവോടെ വിലയിരുത്തുന്ന വിശാല ഹിന്ദുസമ്മേളനത്തിന്റെ സംഘാടനത്തിലേക്കും ക്ഷേത്രചൈതന്യരഹസ്യത്തിന്റെ രചനയിലേക്കും ക്ഷേത്രസംരക്ഷണസമിതിയുടെ രൂപപ്പെടുത്തലിലേക്കും പാലിയം വിളംബരത്തിലേക്കും തന്ത്രവിദ്യാപീഠത്തിന്റെ സംസ്ഥാപനത്തിലേക്കുമൊക്കെ അദ്ദേഹത്തെ നയിച്ചത്. ഞാന്‍ മുന്‍പു സൂചിപ്പിച്ചതുപോലെ, രാഷ്‌ട്രീയവും ഈ നാടിന്റെ ആത്മീയതയും നാമിതുവരെ കണ്ടിട്ടില്ലാത്ത ഒരു രസപാകത്തില്‍ നിയതി കൂട്ടിച്ചാലിച്ച അപൂര്‍വ്വജീവിതരേഖയായിരുന്നു മാധവ്ജി!
മൂന്നാം ഗ്രന്ഥമായ ‘മാധവചൈതന്യം’, 34 പ്രശസ്ത വ്യക്തിത്വങ്ങളുടെ മാധവസ്മൃതികള്‍ ഉള്‍ക്കൊള്ളുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. സുവര്‍ണ്ണ നാലപ്പാട്, പറവൂര്‍ ശ്രീധരന്‍തന്ത്രികള്‍, കെ. രാമന്‍പിള്ള, പി.ആര്‍. നാഥന്‍ തുടങ്ങിയ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ ഓര്‍മിച്ചെടുക്കുന്നത് മാധവ്ജിയെ മാത്രമല്ല, അന്നത്തെ സംഭവചരിത്രങ്ങളെ കൂടിയാണ്. ആ അര്‍ത്ഥത്തില്‍ ഈ പുസ്തകം മാധവ്ജിയുടെ ജീവിതചരിത്രം മാത്രമല്ല, കേരളചരിത്രവും രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ വളര്‍ച്ചാചരിത്രവും കൂടിയാണ്. സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ സാംസ്‌കാരികചരിത്രപഠനത്തില്‍ ഈ പുസ്തകം മികച്ചൊരു ഉപാദാനമായിരിക്കും.
കുറെ സംസ്‌കാരപ്രണയികള്‍ നന്നായി ഗവേഷണം നടത്തി, പ്രസാധനം ചെയ്തിരിക്കുന്ന ഈ പുസ്തകങ്ങള്‍ മനസ്സിലുണര്‍ത്തിയ സന്തോഷംകൊണ്ട് ഇത്രയും എഴുതിയതാണ്. ചട്ടമ്പിസ്വാമികള്‍ക്കും ഗുരുദേവനും ശേഷം അവരുയര്‍ത്തിയ നവോത്ഥാനപതാക കാലോചിതമായി ചുമലിലേന്തി മുന്നോട്ടുകൊണ്ടുപോയത് പ്രധാനമായും മാധവ്ജി ആയിരുന്നു. ആ രാഷ്‌ട്രീയ-സാംസ്‌കാരിക വ്യക്തിത്വത്തെ ആഴത്തില്‍ പഠിച്ചറിയേണ്ടതുണ്ട്. അതിനായി ആര്‍ക്കും ഈ മൂന്ന് സമാഹാരങ്ങളെ ആശ്രയിക്കാം. ഋതുകാലഭേദങ്ങളില്ലാതെ എന്നും തളിര്‍ക്കുന്ന, വെളിച്ചമന്വേഷിക്കുന്നവര്‍ക്ക് ആത്മദാഹങ്ങളകറ്റുന്ന ജ്ഞാനകല്പതരു തന്നെയാണ് മാധവ്ജി. ആ വിശുദ്ധപൈതൃകത്തിന്റെ പഠനം നമ്മെ കൂടുതല്‍ വിശുദ്ധരാക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: