‘ഇന്‍ ക്വസ്റ്റ് ഓഫ് ഗുരു’ എന്ന പുസ്തകത്തിന്റെ ആശയം വികസിച്ചത് എങ്ങനെ?
എന്റെ പരിവര്‍ത്തിത ജീവിതത്തിനു മുന്‍പ്, എന്റെ മുന്‍കാല ജീവിതത്തിലെ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ചില കര്‍മങ്ങളാണ് ഈ പുസ്തകമെഴുതാന്‍ കാരണമായത്. അത് പുറത്തിറങ്ങിയതു മുതല്‍ എന്റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി. പുതിയ ഭാരതത്തില്‍, പ്രത്യേകിച്ച് യുവാക്കളില്‍, നമ്മുടെ ധര്‍മപരമായ വേരുകളില്‍ ഊന്നി പ്രവര്‍ത്തിക്കാന്‍ വളറെപ്പേര് തല്‍പ്പരരാണ്. അവര്‍ ഉറവ നശിക്കാത്ത പുരാതന വേദജ്ഞാനം തേടുന്നു. കാരണം, അത് വ്യക്തിജീവിതത്തിലെ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ നല്കുന്നു. ക്രിയാത്മകമായ മാറ്റം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ജ്ഞാനം പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി ലളിതമാക്കി നല്കാന് ഗുരുജി എന്നോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ലോകമെമ്പാടുമുള്ള യുവാക്കളെയും ആത്മീയ അന്വേഷകരെയും പരിവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയത്. സന്തോഷകരവും സംതൃപ്തവുമായ ജീവിതത്തിനായി സനാതന ധര്‍മത്തോടും വേദതത്വങ്ങളോടുമുള്ള ആധുനിക സമീപനത്തിലൂടെ അത് മനുഷ്യാത്മാവിനെ പ്രബുദ്ധതയിലേക്ക് നയിക്കുന്നു.
പരിവര്‍ത്തനത്തിന് മുമ്പും ശേഷവുമുള്ള എന്റെ യാത്രകള്‍ ഓരോ ആത്മീയ അന്വേഷകന്റെയും പാതയ്ക്കു സമാനമാണ്. ജീവിതത്തിലെ ഏത് സാഹചര്യത്തെയും ധീരമായി നേരിടാനും പ്രതിസന്ധികളെ മറികടക്കാനും എല്ലാവര്ക്കും കഴിയുമെന്ന് എന്റെ അനുഭവങ്ങളിലൂടെ പുസ്തകം വ്യക്തമാക്കുന്നു. നിരവധി അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെ ഏകദേശം മൂന്ന് വര്‍ഷം കൊണ്ടാണ് പുസ്തകം പൂര്‍ത്തിയാക്കിയത്. ഒരാളിലെ ആന്തരിക ഗുരുവിനെ ഉണര്‍ത്താനും, ഈശ്വരനുമായി എന്നെന്നേക്കും സമ്പര്‍ക്കത്തിലിരിക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്ന ഒരു ഗ്രന്ഥമാണിത്. ഈ ഗ്രന്ഥരചനയില്‍ പങ്കാളിയായ എന്റെ ഗുരു കേണല്‍ അശോക് കിണി മലയാളിയാണ്, കാഞ്ഞങ്ങാട്ടുകാരനാണ്.
എന്തുകൊണ്ടാണ് താങ്കളെ ഗുരുജി ആനന്ദ മാത്യൂസ് എന്ന് പുനര്‍നാമകരണം നടത്തിയത്?
എന്റെ പരിവര്‍ത്തനത്തെ സൂചിപ്പിക്കാന്‍ ഗുരുജി എന്റെ പേര് ആനന്ദ മാത്യൂസ് എന്നാക്കി. മറ്റുള്ളവര്‍ക്ക് സന്തോഷം നല്കുന്ന, പോസിറ്റീവ് ഊര്‍ജ്ജം പങ്കിടാനും സങ്കടങ്ങള്‍ ലഘൂകരിക്കാനും പ്രാപ്തനായ ഒരു ആത്മാവിനെ ‘ആനന്ദ’ അര്‍ത്ഥമാക്കുമ്പോള്‍, മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള ഒരു ആത്മീയ സമ്മാനത്തെയാണ് ‘മാത്യൂസ്’ സൂചിപ്പിക്കുന്നത്.
എന്നെപ്പോലെ ആധുനികനായ ഒരുവന് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ആള്‍രൂപമായി മാറാന്‍ കഴിയുമെങ്കില്‍, തീര്‍ച്ചയായും അത്തരം പരിവര്‍ത്തനത്തിന് എല്ലാവരിലും സാധ്യതയുണ്ട്.
പുസ്തകത്തില്‍ താങ്കള്‍ നമ്മുടെ രാജ്യത്തെ ഭാരതം എന്നാണ് പരാമര്‍ശിക്കുന്നത്? മാത്രമല്ല ഭാരതത്തെ വിശ്വഗുരു എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
ഇന്നത്തെ ചൈനീസ്, അഫ്ഗാന് അതിര്‍ത്തികള്‍ മുതല്‍ ശ്രീലങ്ക വരെ വ്യാപിച്ചുകിടന്ന അവിഭക്ത ആത്മീയ രാഷ്ട്രമായിരുന്ന നമ്മുടെ പുരാതന വേദ പൈതൃകത്തെ ‘ഭാരതം’ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. ഭാരതത്തില്‍ ദിവ്യജ്ഞാനത്തിലൂടെ നിരവധി മഹാത്മാക്കള്‍, ഋഷിമാര്‍, മനുഷ്യരാശിയെ നയിക്കാന്‍ അവതാരമെടുത്തുകൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ ആത്മാവിന്റെ ആത്യന്തിക പരിണാമത്തിന് അനുയോജ്യമായ അന്തരീക്ഷത്തെ ‘ഭാരതം’പ്രതിനിധീകരിക്കുന്നു. നമ്മുടെ പൂര്‍വ്വികരെ ആദരിച്ചുകൊണ്ട് ‘ഭാരതം’ നമ്മുടെ ആത്മീയവും സാംസ്കാരികവുമായ വേരുകളുമായി ബന്ധിപ്പിക്കുന്നു. ‘ഇന്ത്യ’ എന്ന നാമം വെറും ഒരു കൊളോണിയല്‍ സംഭാവനയാണ്. അതിനാല്‍ പുസ്തകത്തിലുടനീളം, ഈ അഗാധമായ സാംസ്കാരിക സമ്പത്ത് ഉള്‍ക്കൊള്ളാനും വായനക്കാരെ നമ്മുടെ കാലാതീതമായ ജ്ഞാനവുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിക്കാനും ഞങ്ങള്‍ ‘ഭാരതം’ എന്നു ഉപയോഗിച്ചിരിക്കുന്നു.
‘വിശ്വഗുരു’ എന്ന നിലയില്‍ ഭാരതം മനുഷ്യരാശിക്ക് ഒരു സാര്‍വത്രിക അധ്യാപകനായും വഴികാട്ടിയായും, ലോകത്തിന്റെ പ്രകാശദീപമായി വര്‍ത്തിക്കുന്നു. ഭാരതത്തിന്റെ ദര്‍ശനങ്ങള്‍, മതം, സംസ്കാരം, ദേശീയത എന്നിവയുടെ അതിരുകള്‍ക്കപ്പുറം സാര്‍വത്രിക സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഭാരതം പുരാതന വിജ്ഞാനത്തിലൂടെയും ജീവിക്കുന്ന പാരമ്പര്യത്തിലൂടെയും എല്ലാ മനുഷ്യവര്‍ഗത്തിനും സമാധാനം, ഐക്യം, ആത്മീയ പരിണാമം എന്നിവയിലേക്കുള്ള പാത കാണിച്ചുതരുന്നു. ലോകം മുഴുവന്‍ ഒരു കുടുംബമായും മനവരാശിയെ ഒന്നാകെ ഒരു ആഗോള സമൂഹമായും കാണുന്ന ഈ ദര്‍ശനങ്ങള്‍ക്കു ഇന്ന് പ്രസക്തി ഏറെയാണ്.
കൊവിഡ് മഹാമാരിയുടെ സമയത്ത്, താങ്കള്‍ മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന ആളുകളെ വലിയ തോതില്‍ സേവിച്ചിരുന്നു. സേവനം ആത്മീയ പുരോഗതിക്ക് എങ്ങനെ ഉതകും?
കൊവിഡ് മഹാമാരി മനുഷ്യരാശിയെ ആത്മപരിശോധനയ്ക്കും പരിവര്‍ത്തനത്തിനും കാര്യമായ അവസരങ്ങള്‍ നല്കി. ആ കാലഘട്ടം മറ്റ് സഹജീവികള്‍ക്കു ആശ്വാസം നല്‍കാനുള്ള വഴികള്‍ തേടാന്‍, മാനവസേവ മാധവസേവയാക്കാന് മനുഷ്യരെ പഠിപ്പിച്ചു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്ക്കുമപ്പുറം സമൂഹത്തിലെ എല്ലാവരോടുമുള്ള നിസ്വാര്‍ത്ഥ സേവനം വ്യക്തികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം നല്കി. സര്‍വ ചരാചരങ്ങളുടെ ഉള്ളിലും വിളങ്ങുന്ന ദിവ്യത്വം അറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ഒരു ആന്തരിക യാത്രയുടെ സന്ദര്‍ഭമായിരുന്നു അത്. ദൈവേച്ഛയാല് എന്റെ ശരീരത്തെ ശുദ്ധീകരിക്കാനും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാക്കാനും വെല്ലുവിളി നിറഞ്ഞ ആ സമയങ്ങളില്‍ സേവനത്തിന്റെ ഒരു ദൗത്യം തനിയെ എന്നില്‍ വന്നുചേര്‍ന്നു.
ഞാനും ഒരു ഓട്ടോറിക്ഷാ ഡ്രൈവറും മാത്രമായി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ബാന്ദ്ര വെസ്റ്റ്/ഈസ്റ്റ്, ഖാര് വെസ്റ്റ്, സാന്താക്രൂസ് വെസ്റ്റ്/ഈസ്റ്റ് എന്നിവിടങ്ങളിലെ ചേരികളില്‍ വീടുതോറും അവശ്യ വസ്തുക്കള്‍ (റേഷന്‍) വിതരണം ചെയ്യുന്നതില്‍ തുടങ്ങിയ സേവന ദൗത്യം മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തുന്ന വിശാലമായ പ്രവര്‍ത്തനമായി പരിണമിച്ചു. പൂര്‍ണമനസ്സോടെ നടത്തിയ ഈ മാധവസേവയില്‍ ഓരോ മനുഷ്യന്റെയും ഉള്ളിലെ ഈശ്വര ചൈതന്യത്തെയാണ് ഞങ്ങള്‍ ആരാധിച്ചത്. നമ്മുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളും ഒന്നായി സേവനത്തില്‍ സംഗമിക്കുമ്പോള്‍, നാം ദൈവത്തോട് കൂടുതല്‍ അടുക്കുന്നു. നാം സേവിക്കുന്നവരിലൂടെ, ദൈവത്തിന്റെ പ്രകാശം അവരിലെത്തുന്നതിനു സാക്ഷ്യംവഹിക്കാനായി. സേവനത്തിന്റെ, ദാനത്തിന്റെ സാക്ഷാത്കാരം, നമുക്ക് ആശ്വാസവും മറ്റുള്ളവര്‍ക്ക് കരുതലും, ഇതാണ് ശരിയായ മാധവസേവ. എല്ലാ ജീവജാലങ്ങളിലും അന്തര്യാമിയായ ദൈവത്തിനുള്ള ഉന്നതമായ വഴിപാട്. ഇതാണ് ഒരു വ്യക്തിയുടെ അഗാധമായ സന്തോഷത്തിന്റെ ഉറവിടം, ആത്മീയ പരിണാമത്തിലേക്കുള്ള പാത.
സനാതനധര്‍മം, മുച്ചൂടും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭാരതത്തിലെ രാഷ്ട്രീയക്കാരെക്കുറിച്ചു താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ?
മനുഷ്യരാശിക്കാകെ വഴികാട്ടുന്ന, സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ സാര്‍വത്രിക മാര്‍ഗ്ഗമായ സനാതന ധര്‍മത്തെ മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെ തകര്‍ക്കാന്‍ ഒരിക്കലുമാവില്ല. ലോകത്തിലെ എല്ലാ സംസ്കാരങ്ങളുടെയും മതങ്ങളുടെയും അടിത്തറയായി വര്‍ത്തിക്കുന്ന, തുടക്കമോ അവസാനമോ ഇല്ലാത്ത, കാലാതിവര്‍ത്തിയായി അത് നിലകൊള്ളുന്നു. സനാതന ധര്‍മമനുസരിച്ച്, മനുഷ്യരാശി, ഒരു ആഗോള സമൂഹത്തിന്റെ മനോഹരമായ യാത്രയുടെ ഭാഗമാണ്. അത് നമ്മെ സ്നേഹം, നിസ്വാര്‍ത്ഥ സേവനം, സഹിഷ്ണുത, അനുകമ്പ, പരിവര്‍ത്തനം എന്നിവ പഠിപ്പിക്കുന്നു, അതാണ് മാനവ ഐക്യത്തിനും സാമൂഹികക്ഷേമത്തിനും വേണ്ട പാചകക്കുറിപ്പ്. അത് എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും ഓരോ വ്യക്തിയെയും ആത്മീയ വളര്‍ച്ചയിലേക്കുള്ള സ്വന്തം പാത കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ രാഷ്ട്രീയക്കാരും നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘടന ഉയര്‍ത്തിപ്പിടിക്കാനുള്ള കടമ നിര്‍വഹിക്കുകയും ഭാരത മാതാവിനെയും അതിന്റെ ചിരപുരാതന സംസ്കാരത്തെയും സംരക്ഷിക്കുകയും വേണം.
താങ്കളുടെ പുസ്തക പ്രകാശനത്തിന്റെ ഭാഗമായി, ആര്‍എസ്എസിന്റെയും അനുബന്ധ സംഘടനകളുടെയും നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആര്‍എസ്എസിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട്?
യഥാര്‍ത്ഥത്തില്‍, ഭാരതത്തിന്റെ പൗരാണിക സംസ്കാരത്തെ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുക എന്ന ഞങ്ങളുടെ ദൗത്യത്തില്‍, വലിയ തോതില്‍ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും പിന്തുണയ്ക്കുന്നു. സംഘപരിവാറിലെ എല്ലാ സംഘടനകളുടെയും ദൗത്യം രാജ്യസേവനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വ്യക്തികളെ ധാര്‍മികത, നല്ല പെരുമാറ്റം, സത് സ്വഭാവം എന്നിവയിലൂടെ നല്ല മനുഷ്യരാക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതസംഘടനകളല്ലാതെ, കുട്ടിക്കാലം മുതല്‍ ധര്‍മ്മവും നേരായ ജീവിതവും പഠിപ്പിക്കുന്ന മറ്റൊരു സംഘടനയും ലോകത്തിലില്ല. രസകരമെന്നു പറയട്ടെ, ഞങ്ങളുടെ പുസ്തകം പ്രസിദ്ധീകരിച്ചയുടനെ ആദ്യത്തെ അഭിമുഖം നടത്തിയത് ‘ഓര്‍ഗനൈസര്‍’ വാരികയുടെ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ ആണ്. അദ്ദേഹം എന്നോട് പറഞ്ഞത് മഹാരാഷ്ട്രയിലെ തന്റെ ഗ്രാമത്തിലെ ശാഖകളില്‍ എല്ലാ മതങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്നാണ്. ആര്‍എസ്എസിന്റെ പോസിറ്റീവ് എനര്‍ജിയിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. അത് മതപരമല്ല, മറിച്ച് ധര്‍മ സ്വഭാവമുള്ളതാണ്. ഞങ്ങളുടെ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്ന സന്ദേശത്തിന് സമാനമായി ധര്‍മവും നല്ല നീതിപൂര്‍വകമായ ജീവിതവും പഠിപ്പിക്കുന്ന മറ്റൊരു സംഘടനയും ഞാന്‍ കണ്ടിട്ടില്ല. ഒരാളുടെ മതം ഏതായാലും, അയാള്‍ രാഷ്ട്രസേവനതല്പ്പരന് ആയിരിക്കണമെന്ന് ആര്‍എസ്എസ് ഊന്നിപ്പറയുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, ചില രാഷ്ട്രീയക്കാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കാരണം സംഘത്തെ പലപ്പോഴും പരിഹസിക്കുകയും ഫാസിസ്റ്റ് സംഘടനയെന്ന് മുദ്രകുത്തുകയും ചെയ്യുന്നു. സത്യസന്ധമായി പറഞ്ഞാല്‍, എന്റെ യോഗങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളുമായുള്ള എന്റെ കൂടിക്കാഴ്ചകളില്‍, ആര്‍എസ്എസിനെക്കുറിച്ചുള്ള അവരുടെ ധാരണ മാറ്റാന്‍ ഞാന്‍ അവരോട് എപ്പോഴും പറയാറുണ്ട്. കാരണം മനുഷ്യരാശിയെ സേവിക്കാനും രാഷ്ട്രത്തെ സേവിക്കാനും സനാതന ധര്‍മത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ സംരക്ഷിക്കാനും ഒരു നല്ല മനുഷ്യനാകാന്‍ ഒരാളെ പഠിപ്പിക്കുന്ന ഒരേയൊരു സന്നദ്ധ സംഘടനയാണ് ആര്‍എസ്എസ്.
ഭാരതത്തിന്റെ സാംസ്കാരിക വേരുകള്‍ വേദശാസ്ത്രത്തില്‍ ആഴ്ന്നുകിടക്കുന്നു. അതിനാല്‍, സനാതന ധര്‍മവും ആര്‍എസ്എസും നമ്മെ ഏത് മതം പിന്തുടര്ന്നാലും ഈ രാഷ്ട്രത്തിന്റെ സാംസ്കാരിക വേരുകളെ അവഗണിക്കരുത് എന്നുമാത്രമേ പറയുന്നുള്ളൂ. വസ്ത്രവും ഭക്ഷണവും ഏതുമാകട്ടെ രാജ്യത്തിനായി സേവനം ചെയ്യുക എന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ കാതല്‍. ഒരാളുടെ അകത്തും പുറത്തും സമാധാനം സൃഷ്ടിക്കാന്‍ സേവ ഒരാളെ പ്രാപ്തനാക്കുകയും, അതുവഴി സമൂഹത്തെയും മനുഷ്യരാശിയെയും സമാധാനപരമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് ചെയ്യുന്നത്, ഇത് രാജ്യത്തിന്റെ യഥാര്‍ത്ഥ അടിത്തറയാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നമ്മള് ആര്‍എസ്എസിനെ വിലയിരുത്തരുത്. യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യരാശിക്കായുള്ള നിസ്വാര്‍ത്ഥ സേവനമാണ്. സംഘം ധര്മപരവും നീതിയുക്തവുമായ ജീവിതത്തിന് ഊന്നല്‍ നല്കുന്നു. ആര്‍എസ്എസ് അരാഷ്ട്രീയപരവും മതേതരവുമാണ്. അവര്‍ എല്ലാവരേയും അവരുടെ കൂട്ടത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ താങ്കള്‍ എങ്ങനെ കാണുന്നു?
ആദ്യമായി രാമക്ഷേത്രത്തിനു പിന്നിലെ ശാസ്ത്രം നാം മനസ്സിലാക്കണം. ഒരു പ്രത്യേക സ്ഥലത്ത് മനുഷ്യരൂപത്തില്‍ ഒരു ദിവ്യസത്ത ജനിച്ചു. തന്റെ ഗുരു വസിഷ്ഠ മുനിയുടെ ശിക്ഷണത്താല്‍ അദ്ദേഹം പ്രബുദ്ധനായി. ദിവ്യ വാക്കുകളും മനുഷ്യ സ്നേഹവും ജനങ്ങളെ ആരാധകരാക്കി തീര്‍ത്തു. അദ്ദേഹത്തിലെ ദൈവീകതയില്‍ ആകൃഷ്ടരായി അവര്‍ അദ്ദേഹത്തെ ഭഗവാന് രാമന് എന്ന് വിളിച്ചു. അങ്ങനെ, താന്‍ ജനിച്ച അതേ സ്ഥലത്തുതന്നെ പ്രബുദ്ധനായി. ഇത് യോഗാവാസിഷ്ഠത്തില് വായിക്കാം. നിസ്വാര്‍ത്ഥ സേവനം, തപസ്സ് എന്നിവയിലൂടെ പ്രബുദ്ധനായ ഒരു ആത്മാവിന്റെ ജന്മസ്ഥലം, അയോദ്ധ്യ, തീര്‍ച്ചയായും പോസിറ്റീവ് ഊര്‍ജത്താല്‍ നിറഞ്ഞിരിക്കുന്നു. ഹോമങ്ങളാലും വൈദിക പൂജകളാലും നാം ആ സ്ഥലത്തിന്റെ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തണം. എന്നാല്‍ നിരവധി വൈദേശിക ആക്രമണങ്ങള്‍ നിമിത്തം അവിടുത്തെ ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചു അവിടുത്തെ അനുകൂല ഊര്‍ജം നശിപ്പിക്കപ്പെട്ടു. ആ പവിത്ര സ്ഥലത്ത് മൃഗങ്ങളെ കൊല്ലുക, രക്തം ചിന്തുക, ഹിന്ദുക്കളെ തൂക്കിക്കൊല്ലുക തുടങ്ങിയ ആസൂരിക പ്രവര്‍ത്തനങ്ങളാല്‍ ആ സ്ഥലം മലിനമാകുകയും, അവിടെ പ്രതികൂല ഊര്‍ജം നിറയുകയും ചെയ്തു. നിങ്ങള്‍ നിഷേധാത്മകമായി പ്രവര്‍ത്തിക്കുമ്പോള്‍, കൊലപാതകവും ബലാത്സംഗവും ചെയ്യുമ്പോള്‍, മൃഗങ്ങളെ കൊന്നു രക്തം വാര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഭൂമിയെയാണ് മലിനപ്പെടുത്തുന്നത്.
500 വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ഭൂമി തിരികെ നല്കിയതിനാല് ക്ഷേത്രം പുനര്‍നിര്‍മിക്കേണ്ടത് ഹിന്ദുക്കളുടെ കടമയായിരുന്നു. ഇത് വെറുമൊരു ക്ഷേത്രനിര്മിതി അല്ല, ആ പുണ്യസ്ഥലത്തിന്റെ പാവന ഊര്‍ജ്ജം വീണ്ടെടുക്കലാണ്. ഈ സ്ഥലത്ത്, ശ്രീരാമന് മനുഷ്യരൂപത്തില്‍ വന്ന അവതാരമായി കോടിക്കണക്കായ ജനങ്ങള്‍ വിശ്വസിക്കുന്നു. വരുംകാലങ്ങളില്‍ തീര്‍ച്ചയായും ആ പ്രദേശം മുഴുവന്‍ അഭിവൃദ്ധി കൈവരിക്കും. ആ സ്ഥലത്ത് ജനങ്ങള്‍ക്ക് ദിവ്യമായ ശാന്തി അനുഭവപ്പെടും. ഇതാണ് രാമക്ഷേത്രത്തിന്റെ ശാസ്ത്രം. അതിനാല്‍ ഇത് വേറുമൊരു ക്ഷേത്രനിര്മിതിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: