ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഈ പംക്തിയില്‍ ഒരു ഗ്രാമം മുഴുവനും ചേര്‍ന്ന് സ്ഥലത്തെത്തി വിഷഹാരിയുടെ ഗൃഹത്തിലും പരിസരങ്ങളിലും സമ്മേളിച്ച് വിഷചികിത്സയ്ക്കായുള്ള ഔഷധങ്ങള്‍ തയ്യാറാക്കിയതിനെപ്പറ്റി വിവരിച്ചിരുന്നു. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലത്തേക്കാവശ്യമായ തയ്യാറെടുപ്പുകളാണവിടെ നടന്നത്. വിഷഹാരിയെ ഈശ്വരാവതാരം പോലെ ആ ഗ്രാമത്തിലെ മാത്രമല്ല മറ്റു സ്ഥലങ്ങളിലെയും ജനങ്ങള്‍ കരുതിപ്പോന്നു. നമ്മുടെ നാട്ടുവൈദ്യത്തില്‍ വിഷചികിത്സ എത്രകണ്ട് അടിസ്ഥാനപരവും വ്യാപകവുമായിരുന്നുവെന്നതിന് ആ കായക്കൊടി ഗ്രാമം ഉദാഹരണമാണ്. സമഗ്രമായ വിഷിചികിത്സയെപ്പറ്റിയുള്ള ഒരു ബൃഹദ്ഗ്രന്ഥം നാട്ടിക ഫര്‍ക്കയിലെ ഒരു വൈദ്യന് തയ്യാറാക്കിയത് ആദ്യകാല പ്രചാരകനായിരുന്ന മാധവ്ജിക്ക് സമ്മാനിച്ചിരുന്നു. അഷ്ടാംഗഹൃദയത്തിനും അദ്ദേഹം സമഗ്രമായ വ്യാഖ്യാനം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതൊക്കെ വിവരിച്ചത് എന്റെ പ്രചാരക ജീവിതത്തിന്റെ തുടക്കകാലത്ത് പരിചയപ്പെട്ട ഒരു ബഹുമുഖ വ്യക്തിത്വത്തിന്നുടമയായ എ.കെ.സി. നമ്പ്യാരെക്കുറിച്ചു പ്രതിപാദിക്കാനാണ് കണ്ണൂര്‍ ജില്ലയുടെ കിഴക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ വലത്തുകരയില്, കര്‍ണാടകത്തിന്റെ അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശം കല്യാട്ട് താഴത്തുവീട് എന്ന തറവാടിന്റെ ആസ്ഥാനമായിരുന്നു. അവിടത്തെ കാരണവരായിരുന്ന ചാത്തുക്കുട്ടി നമ്പ്യാരുടെ പുത്രനായിരുന്നു മേല്‍പ്പറഞ്ഞയാള്‍. അവരുടെ തറവാടാകട്ടെ കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന് പിറന്ന ആയില്യത്ത് കുറ്റ്യേരിയും. എ.കെ.സി. നമ്പ്യാര്‍ക്കു വീട്ടുകാരും നാട്ടുകാരും നല്കിയ പേര് അപ്പനു നമ്പ്യാര്‍ എന്നായിരുന്നു. മലബാറിലെ പ്രമുഖ കുടുംബക്കാരെപ്പോലെ അദ്ദേഹവും സൈനിക സേവനത്തില്‍ ഏര്‍പ്പെട്ട് ക്യാപ്റ്റന്സ്ഥാനംവരെ നേടി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അനുഷ്ഠിച്ച സേവനം അദ്ദേഹത്തിന് വലിയ ബഹുമതി നേടിക്കൊടുത്തു. എന്നാല്‍ ഭാരതീയ സൈനികരെയും നേതാക്കളെയും അവമതിച്ച് സംസാരിച്ച ഒരു മേലുദ്യോഗസ്ഥനെ കളരിയില്‍ പഠിച്ച ഒരടവു പ്രയോഗിച്ച് വീഴ്ത്തിയത് പ്രശ്നമായി. സായിപ്പിനു അതു പൊറുക്കാന്‍ വയ്യായിരുന്നു. എന്നാലും ചില ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ അനുകൂലമായിരുന്നതിനാല്‍ മുന്‍തീയതി വച്ച് രാജിക്കത്ത് നല്കി, അംഗീകരിപ്പിച്ച് നാട്ടില്‍ എത്തിയത്രേ. മാധവ്ജിയുമൊത്ത് അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ വളരെ സരസമായി അദ്ദേഹം ഈ വിവരം പറഞ്ഞു.
അദ്ദേഹം വിഷചികിത്സ പഠിക്കാന്‍ ഒരുങ്ങി. വിഷവൈദ്യരംഗത്തെ പ്രസിദ്ധനായിരുന്ന തൃപ്പൂണിത്തുറ കൊച്ചുണ്ണിത്തമ്പുരാന്റെ ശിഷ്യത്വം നേടി അവിടെ താമസിച്ചു പഠിച്ചു. തമ്പുരാന് അക്കാലത്ത് ദേശീയതലത്തിലും പ്രസിദ്ധനായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതോടെ വടക്കെ മലബാറിലെ പ്രസിദ്ധ വിഷചികിത്സകനായി. കുറേശ്ശെ സോഷ്യലിസ്റ്റ് രാഷ്ട്രീയവും നോക്കി. അങ്ങനെയിരിക്കെയാണ് വി. കൃഷ്ണശര്‍മ്മ പ്രചാരകനായി തലശ്ശേരിയിലെത്തിയത്. അദ്ദേഹം ഇരിട്ടിക്കടുത്തു കീഴൂരില്‍ ശാഖ തുടങ്ങി. സംഗതിവശാല്‍ അപ്പനു നമ്പ്യാരെ പരിചയപ്പെട്ടു. കളരി സംബന്ധമായ അറിവ് ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. ജില്ലാ പ്രചാരകന് വി.പി. ജനാര്ദ്ദനനുമായും ആ സമ്പര്‍ക്കം വിപുലമായി. കല്യാട്ടു തറവാട്ടിലെ യുവതലമുറ സ്വാഭാവികമായും സംഘത്തില്‍ താല്പര്യമെടുത്തു. തറവാട്ടുവക ഭൂസ്വത്ത് മിക്കവാറും, തിരുവിതാംകൂറില്‍നിന്നു വന്ന ക്രിസ്ത്യാനികള്‍ കൈവശപ്പെടുത്തിക്കൊണ്ടിരുന്നു. കൊട്ടിയൂര്‍ ദേവസ്വം വക 27000 ഏക്കര്‍ സ്ഥലം, മുണ്ടയംപറമ്പ് വക 30000 ഏക്കര്‍ ഇങ്ങനെ ദേവസ്വങ്ങളുടെയും, ബ്രഹ്മസ്വത്തിന്റെയും വിലയേറിയ വനപ്രദേശങ്ങള്‍ ക്രൈസ്തവ സഭകളുടെയും സമൂഹത്തിന്റെയുമായിത്തീര്ന്നു.
ഇത്തരത്തിലുള്ള പിടിച്ചടക്കലിന്റെ നിഴല്‍ തങ്ങളുടെ തറവാടിനെയും വിഴുങ്ങുമെന്ന ആശങ്ക രൂക്ഷമായിരുന്നു. വളപട്ടണം പുഴയിലെ കുയിലൂര്‍ അണയും ജലസേചന പദ്ധതിയും അവര്‍ക്ക് ഭീതിയുണ്ടാക്കി. അപ്പനു നമ്പ്യാര്‍ തന്റെ വിഷചികിത്സാ നൈപുണ്യം ഇതിലൊന്നും കുലുങ്ങാതെ പ്രയോജനപ്പെടുത്തി. അദ്ദേഹം നല്ല നായാട്ടുകാരനായിരുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സരസമായ രീതിയില്‍ നായാട്ടനുഭവങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങള്‍ എഴുതുമായിരുന്നു. ജനസംഘം കണ്ണൂര്‍ ജില്ലയില്‍ രൂപീകരിച്ചുവന്നകാലത്ത് കല്യാട്ടെ ചില യുവാക്കള്‍ക്കു അവിടെയും പ്രവര്‍ത്തനമാരംഭിക്കണമെന്ന മോഹമുണ്ടായി. അവര്‍ പരമേശ്വര്ജിക്കെഴുതുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. അപ്പനു നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന യോഗം കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജനസംഘത്തിന്റെ ആദ്യത്തെതായിരുന്നു.
അദ്ദേഹവുമൊരുമിച്ച്, വീട്ടില്‍ താമസിക്കവേ വിഷചികിത്സയും ചര്‍ച്ചാവിഷയമായി. വിഷശങ്കയുമായി ആള് വരുമെന്ന് ഉറക്കെമെണീറ്റുവന്നാല് താമസിയാതെ തന്നെ അറിയുമെന്നദ്ദേഹം പറഞ്ഞു. അതൊരിക്കലും തെറ്റിയിട്ടില്ല. ആള് വന്നാല്‍ ആദ്യം ദൂതലക്ഷണംകൊണ്ടുതന്നെ വിവരങ്ങള്‍ ഊഹിക്കാന്‍ കഴിയും. കൊണ്ടുപോകാന്‍ വാഹനവുമായാണ് വന്നതെങ്കില്‍ അതില്‍ പോകാന്‍ ചിലപ്പോള്‍ തയ്യാറാവില്ല. പ്രയോജനമുണ്ടാവില്ല എന്ന ബോധ്യം. അദ്ദേഹത്തിന്റെ അനുമാനം ഒരിക്കലും തെറ്റിയില്ലത്രെ.
സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആര്. കുറുപ്പിന്റെ സുഹൃത്തായിരുന്നു അദ്ദേഹം. കുറുപ്പിന്റെ സ്വാധീന മേഖലയായ പാനൂര്‍, പത്തായക്കുന്ന് മുതലായ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം ആഗ്രഹിച്ചുവന്നവരുടെ അനുഭവവും ശ്രദ്ധേയമാണ്. ചില അനുഭവങ്ങള്‍ മുമ്പ് വിവരിച്ചിട്ടുമുണ്ട്. സോഷ്യലിസ്റ്റു സുഹൃത്തായ കുറുപ്പിനോട് താന്‍ സംഘപ്രവര്‍ത്തകരെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതായി അപ്പനു നമ്പ്യാര്‍ മാധവ്ജിയോടു പറഞ്ഞു.
മാധവ്ജിയും അദ്ദേഹവുമായി താന്താങ്ങളുടെ ഉപാസനാരീതിയെ സംബന്ധിച്ച് ചര്‍ച്ച വന്നത് സ്വാഭാവികമായിരുന്നു. അതവരുടെ സൗഹൃദം സുദൃഢമാകാന്‍ കാരണമായി. മാധവ്ജിക്കും എനിക്കും രാത്രി കഴിയാന്‍ രാജഗോപാലന്റെ വീടാണ് നിശ്ചയിച്ചതെങ്കിലും ഞാനൊറ്റയ്ക്കു അങ്ങോട്ടു പോകേണ്ടിവന്നു. രാജഗോപാലന്‍ പില്ക്കാലത്ത് തളിപ്പറമ്പ മണ്ഡലത്തിലെ ജനസംഘം സ്ഥാനാര്‍ഥിയായി മത്സരിച്ചു. എകെജിയുടെ മരുമകന് ജനസംഘ സ്ഥാനാര്‍ഥി എന്ന പത്രവാര്‍ത്ത വരാന്‍ അതുപകരിച്ചു. ജനസംഘത്തിന്റെ പേരും, ദീപം ചിഹ്നവും മണ്ഡലത്തില്‍ പലയിടങ്ങളിലും എത്തിക്കാനായി എന്നതിലപ്പുറം അക്കാലത്തെ മത്സരങ്ങള്‍കൊണ്ടു പ്രയോജനമുണ്ടായതുമില്ല. ദൃഢനിശ്ചയത്തോടെയുള്ള ജനസംഘത്തിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനത്തിന്റെ ഫലം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടുവല്ലോ. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാംസ്ഥാനത്തു വന്നതും, അവയില്‍ ചിലവ മുമ്പ് കമ്യൂണിസത്തിന്റെ പരീക്ഷണശാലകള്തന്നെയായിരുന്നതും ശ്രദ്ധിക്കപ്പെടാതെ പോയില്ലല്ലൊ.
1950-കളുടെ അവസാനത്തില്‍ പ്രചാരകനായിക്കഴിയാന് അവസരം ലഭിച്ച ചില സ്ഥലങ്ങളിലെ കാര്യങ്ങള്‍ ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം ഓര്‍മ്മിക്കുവാന്‍ ശ്രമിക്കുകയാണിവിടെ ചെയ്തത്. അക്കൂട്ടത്തില്‍ വിവരിക്കാന്‍ മറന്ന ഒരു കാര്യംകൂടി ഇവിടെ കൊടുക്കുന്നു. മാപ്പിള ലഹള, ഏറനാട് കലാപം, ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങിയ പേരില്‍ അറിയപ്പെട്ട 1921 ലെ സംഭവം ഇന്നത്തെ മലപ്പുറം ജില്ലയിലും, കോഴിക്കോട് ജില്ലയിലെ ചില കിഴക്കന്‍ അംശങ്ങളിലുമാണ് നടന്നത്. എന്നാല്‍ ഈ ലഹളയുടെ മേഖലയ്ക്കു പുറത്ത്, വടക്കേ മലബാറില്‍ മാനൂരില്‍ 1852 ല്‍ നടന്ന രക്തരൂഷിത ലഹള മറക്കാനാവാത്തതായിരുന്നു. മട്ടന്നൂരിനു സമീപം കല്ലാറ്റില്‍ തങ്ങള്‍ (കല്ലാറ്റിന് തങ്ങളെന്നത് മട്ടന്നൂരിനടുത്തുള്ള ഒരു ജന്മി നമ്പൂതിരിയുടെ സ്ഥാനപ്പേരാണ്) എന്ന നമ്പൂതിരി ജന്മിയുടെ സ്ഥലം കൈവശപ്പെടുത്താന്‍ സ്ഥലത്തെ ധനിക മാപ്പിള കുടുംബം 1851 ല്‍ ഏറനാട്ടിലെ മമ്പുറം പള്ളിയിലേക്കു തീര്‍ഥാടനം നടത്തി. അവര്‍ നാട്ടില്‍ തിരിച്ചെത്തി രണ്ടുമാസം കഴിഞ്ഞ് 1852 ജനുവരി നാലിന് കല്ലാറ്റില്‍ തങ്ങള്‍ എന്ന നമ്പൂതിരിയുടെ ഇല്ലത്തേക്ക് കത്തികളും തോക്കുമായി ചെന്ന്, ആ കുടുംബത്തെ സമൂലം കൊലചെയ്തു. ആകെ 18 പേര് കൊല്ലപ്പെട്ടുവെന്നാണ് അറിവ്. 7000 രൂപയും മറ്റു പണങ്ങളും കവര്‍ച്ച ചെയ്തശേഷം 1852 ല്‍ തന്നെ കളത്തില്‍ കേശവന് തങ്ങള്‍ എന്ന ന്യായാധിപനെ ലഹളക്കാര്‍ വീടുവളഞ്ഞ് അവിടത്തെ 18 പേരെയും കൊന്നു. ശേഷം ചോരപുരണ്ട വാളുകളും തോക്കുകളുമായി പുഴ കടന്ന് കല്യാട്ട് നമ്പ്യാരുടെ തലയെടുക്കാന്‍ പുറപ്പെട്ടു. മുന്‍കൂര്‍ വിവരം ലഭിച്ച കാരണവര്‍ ചാത്തുക്കുട്ടി നമ്പ്യാര്‍ അവരെ നേരിടാന്‍ തയ്യാറായി. വീട്ടിന്റെ പടിപ്പുരയുടെ തട്ടിന്‍പുറത്തു തോക്കുമായി നമ്പ്യാരുടെ ഭടന്മാര് നിലയുറപ്പിച്ച് 21 ലഹളക്കാരെയും കൊന്നുവീഴ്ത്തി. ലഹളക്കാരെ ഹിന്ദുക്കള്‍ നേരിട്ടു പൊരുതി വിജയിച്ച ഒരേ ഒരു സംഭവം ഇതായിരുന്നുവെന്നും കെ.എം. പണിക്കരും കെ. മാധവന്‍നായരും രേഖപ്പെടുത്തിയിട്ടുണ്ട്.
മാധവ്ജിയുമൊത്ത് അപ്പനു നമ്പ്യാരുമായി സംസാരിക്കുന്നതിനിടെ ഈ സംഭവവും വിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: