ജമ്മു: കുടുംബ രാഷ്ട്രീയം മനോഹരമായ കശ്മീരിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു കുടുംബങ്ങളാണ് കശ്മീരിനെ തകര്‍ത്തത്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികളുടെ കുടുംബ രാഷ്ട്രീയമാണ് അരങ്ങേറിയത്. ഇതിനെതിരേ പുതുനേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍.
ഭീകരവാദം അതിന്റെ അന്ത്യനാളുകളിലാണ്. ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ഭീകരത. ജമ്മുകശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 42 വര്‍ഷങ്ങള്‍ക്കു ശേഷം ദോഡ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായ മോദിയെ വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
പത്തു വര്‍ഷമായി ജമ്മുകശ്മീര്‍ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നു. ആ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. പോലീസിനും സൈന്യത്തിനും നേരേ കല്ലെറിയുന്നത് ഇല്ലാതായി. ഇതു യാഥാര്‍ഥ്യമാക്കിയത് കശ്മീരിലെ ജനങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമാകുകയും കുടുംബ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്നു പൊള്ളയാക്കുകയും ചെയ്തു. കുടുംബ രാഷ്ട്രീയക്കാര്‍ തങ്ങളുടെ മക്കളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. സാധാരണക്കാരില്‍ നിന്നു യുവജനങ്ങളെ ഉയര്‍ത്തിക്കാട്ടിയില്ല, മോദി പറഞ്ഞു.
കശ്മീരിനെ വീണ്ടും ഇരുണ്ട കാലത്തിലേക്കു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ശ്രമം. ജമ്മുകശ്മീരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് ‘രാഷ്ട്രീയ രാജവംശങ്ങള്‍’ ചെയ്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്നു കുടുംബങ്ങളും തമ്മിലാണ്. പ്രതിപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സ്കൂളുകള്‍ക്കു തീയിടുകയും കല്ലെറിയുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ്വര വീണ്ടും മടങ്ങും. രാഹുലും സഖ്യവും വിദ്വേഷത്തിന്റെ കടയ്ക്കു സ്നേഹത്തിന്റെ കടയെന്ന ബോര്‍ഡ് വച്ച് ആളുകളെ പറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
ലാല്‍ ചൗക്കിലേക്കു പോകാന്‍ തനിക്കു ഭയമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്. ഇന്നാര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാവുന്ന അവസ്ഥയാണ്. ജമ്മുകശ്മീരിനു സംസ്ഥാന പദവി ഉറപ്പിക്കാന്‍ ബിജെപിക്കേ സാധിക്കൂയെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭാരതത്തിന്റെ ഭരണഘടന പോക്കറ്റിലാക്കി നടന്നവര്‍ 75 വര്‍ഷമായി കശ്മീരിലെ ജനങ്ങള്‍ക്കു വോട്ടു ചെയ്യാനുളള അവകാശം പോലും കവര്‍ന്നെടുകയായിരുന്നു. ഭാരതത്തിന്റെ ഭരണഘടന എല്ലാവര്ക്കും വോട്ട് ചെയ്യാനുളള അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന നിരവധി സുഹൃത്തുക്കള്‍ കശ്മീരിലുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ അവകാശം പോലും കശ്മീരികള്‍ക്ക് അട്ടിമറിക്കപ്പെട്ടു. ഭരണത്തിലിരുന്നവരുടെ ദുഷ് പ്രവണതകള്‍ മറച്ചയ്ക്കാനുളള കപടതയായിരുന്നു അത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുളളവര്‍ക്കു ലഭിച്ചിരുന്ന അവകാശം കശ്മീരിലെ ജനങ്ങള്‍ക്ക് എന്തുകൊണ്ടു നല്‍കിയില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവ് പോലും ഈ ആളുകള്‍ തകര്‍ത്തു. കശ്മീരില്‍ രണ്ടു ഭരണഘടന നടപ്പാക്കുന്നതിനു പിന്നില്‍ മറ്റെന്താണ് കാരണമെന്നും മോദി ചോദിച്ചു.
ഇപ്പോള്‍ കശ്മീരിലെ കുട്ടികള്‍ക്കു പോലും യാഥാര്‍ഥ്യമറിയാം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം പോലും കശ്മീരില്‍ അട്ടിമറിക്കപ്പെട്ടു. മതവും മേഖലയും കണക്കിലെടുക്കാതെ കശ്മീരിലെ എല്ലാ പൗരന്മാര്ക്കും ബിജെപി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 20ലധികം സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിച്ചാല്‍ മോദി ഉള്‍പ്പെടെയുളള ബിജെപി നേതാക്കളെ ജയിലില്‍ അയയ്ക്കുമെന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ അജണ്ട ഇതിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: